കിളിമാനൂർ : ജന്മനാ രണ്ട് കണ്ണിനും കാഴ്ചയില്ലാത്ത കുഞ്ഞിന് കാഴ്ച തിരിച്ച്പിടിക്കാൻ സഹായവുമായി തൊളിക്കുഴി വാട്സാപ്പ് കൂട്ടായ്മ. അടയമൺ നിഷാ മന്ദിരത്തിൽ ഷീജയുടെയും അജയന്റെയും അഞ്ച് മാസം പ്രായമുള്ള ആൺകുഞ്ഞ് അരുൺ ജിത്തിന് വേണ്ടിയാണ് വാട്ട്സ് ആപ്പ് കൂട്ടായ്മ ഒത്തു ചേർന്നത്.
കുഞ്ഞിന്റെ കാഴ്ച തിരിച്ചു കിട്ടാനായി ചികിത്സിക്കാത്ത ആശുപത്രികളില്ല. ഒടുവിൽ
മധുര അരവിന്ദ് കണ്ണാശുപത്രിയിൽ കൊണ്ട് പോയപ്പോൾ ശസ്ത്രക്രിയ ചെയ്താൽ കാഴ്ച തിരിച്ച് കിട്ടുമെന്നറിയിച്ചു. സാമ്പത്തികമായി വളരെ പിന്നാക്കം നിൽക്കുന്ന കുടുംബം നാട്ടുകാരുടെയും ബന്ധുക്കളുടെയും സഹായത്തോടെ മേയ് 23 ന് ഒരു കണ്ണിന്റെ ഓപ്പറേഷൻ നടത്തി. ആ കണ്ണിന് കാഴ്ചകിട്ടിത്തുടങ്ങി. അടുത്ത കണ്ണിന് കൂടി ഓപ്പറേഷൻ നടത്തിയാലേ ഉപയോഗമുണ്ടാകൂ എന്നും കാഴ്ച പൂർണമായി ലഭ്യമാകുകയുള്ളൂ എന്നും ഡോക്ടർമാർ അറിയിച്ചു. ചികിത്സയ്ക്കായി അമ്പതിനായിരത്തോളം രൂപ ചെലവാകും. ആട്ടോ ഡ്രൈവറായ അജയനും അടുത്ത കാലത്ത് കണ്ണിന് ഓപ്പറേഷൻ ഉണ്ടായിരുന്നു. ഇതോടെ കടബാദ്ധ്യതയിൽ നട്ടം തിരിയുന്ന കുടുംബത്തിന് തുടർ ചികിത്സ അസാദ്ധ്യമായി. തുടർന്നാണ് ഈ കുടുംബം തൊളിക്കുഴി വാട്സ്ആപ്പ് കൂട്ടായ്മയെ സമീപിച്ചത്.
സ്വന്തമായി വീടില്ലാത്ത കുടുംബം കുഞ്ഞിന്റെ അമ്മയുടെ ചേച്ചിയുടെ വീട്ടിലാണ് താമസിക്കുന്നത്. കുടുംബത്തിന്റെ നിസഹായാവസ്ഥ നേരിട്ട് ബോദ്ധ്യപ്പെട്ട ഗ്രൂപ്പ് ആംഗങ്ങൾ മൂന്ന് ദിവസം കൊണ്ട് മുപ്പത്തി ആറായിരം രൂപ പിരിച്ച് വീട്ടിലെത്തിച്ചു.
സാമ്പത്തിക സഹായം ലഭിച്ചതോടെ ഉടൻ തന്നെ ഹോസ്പിറ്റലിൽ പോകാമെന്നുള്ള സന്തോഷത്തിലാണ് കുടുംബം. ഓപ്പറേഷൻ കഴിഞ്ഞ് പരിപൂർണമായും കണ്ണിന് കാഴ്ച ലഭിക്കണേ എന്ന പ്രാർത്ഥനയിലാണ് ഗ്രൂപ്പംഗങ്ങളും നാട്ടുകാരും. ഗ്രൂപ്പ് ജനറൽ സെക്രട്ടറി എം. തമീമുദ്ദീൻ, പ്രസിഡന്റ് എ.എം. ഇർഷാദ്, ഗ്രൂപ്പ് അഡ്മിൻ എസ്. ഫൈസി, ട്രഷറർ ഷാജു.ജെ, വൈസ് പ്രസിഡന്റ് ടി. താഹ, ഗ്രൂപ്പംഗങ്ങളായ എ. നൗഫൽ, ജവാദ് , സുനീർ, തൻസീർ എന്നിവരുടെ നേതൃത്വത്തിലാണ് വീട്ടിലെത്തി കുടുംബത്തിന് തുക കൈമാറിയത്.