thomas-isaac

തിരുവനന്തപുരം : ഒരു ശതമാനം പ്രളയസെസ് ഈടാക്കുന്നത് മൂലം സംസ്ഥാനത്ത് വിലക്കയറ്രം ഉണ്ടാവുമെന്ന പ്രചാരണം ശരിയല്ലെന്ന് ധനമന്ത്രി തോമസ് ഐസക്. ഇത്തരം പ്രചാരണം വിലക്കയറ്റമുണ്ടാക്കാൻ വ്യാപാരികൾക്ക് പ്രചോദനമാവുമെന്നും നിയമസഭയിൽ ധനകാര്യ ബില്ലിന്റെ ചർച്ചയ്ക്കുള്ള മറുപടിയിൽ അദ്ദേഹം പറഞ്ഞു.

ജി.എസ്.ടി നടപ്പാക്കിയതോടെ ഒട്ടുമിക്ക സാധനങ്ങളുടെയും നികുതിയിൽ ഗണ്യമായ കുറവ് വന്നിട്ടുണ്ട്. അതു കൊണ്ട് തന്നെ ഒരു ശതമാനം നികുതി കൂട്ടിയാൽ വലിയ വിലക്കയറ്റത്തിന് കാരണമാവുമെന്ന് കരുതാനാവില്ല. ജി.എസ്.ടി നടപ്പായിരുന്നില്ലെങ്കിൽ പ്രളയം പോലൊരു വലിയ പ്രതിസന്ധിയിൽ നികുതി കൂട്ടിയായിരിക്കും സംസ്ഥാനത്തിന്റെ വരുമാനം കണ്ടെത്തുക.

കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് നികുതി വരുമാനത്തിൽ വലിയ കുറവുണ്ടായപ്പോൾ വാറ്റ് നികുതി 12.5 ശതമാനത്തിൽ നിന്ന് 14.5 ശതമാനമാക്കിയാണ് പ്രതിസന്ധി മറികടന്നത്. നികുതി കുടിശിക പിരിച്ചെടുക്കാനുള്ള ഭഗീരഥ പ്രയത്നം സർക്കാർ തുടങ്ങിയിട്ടുണ്ട്.

വ്യാപാരികൾ ജി.എസ്.ടിയുടെ മാസറിട്ടേൺ സമർപ്പിക്കുന്നതിൽ വീഴ്ച വരുത്തുന്നുണ്ട്. നികുതി പിരിച്ച് കൈവശം വയ്ക്കുന്നവരിലേറെയും വൻകിടക്കാരാണ്. ഇത്തരക്കാരെ കണ്ടെത്തി നോട്ടീസ് നൽകി പിഴ ഈടാക്കും. നികുതി കുടിശികയിലെ വിലയിരുത്തൽ നടത്തുന്നത് വ്യാപാരികൾ നൽകുന്ന കണക്കിന്റെ അടിസ്ഥാനത്തിലാണ്. വ്യാപാരികൾ സോഫ്റ്റ് വെയറിൽ വിവരങ്ങൾ ചേർക്കുമ്പോൾ പലപ്പോഴും തെറ്രുകൾ സംഭവിക്കാം. അതിനാൽ ഓൺലൈനായി വിലയിരുത്തൽ നടത്തിയാലും ഉദ്യോഗസ്ഥർ പരിശോധിച്ച ശേഷമേ അയയ്ക്കാവൂ എന്ന് നിർദ്ദേശിച്ചിട്ടുണ്ട്. അപ്പീലുകൾ ഒഴിവാക്കാൻ ആദായനികുതി വകുപ്പിലെ വ്യവസ്ഥകൾ വാണിജ്യ, വാറ്ര്, ജി.എസ്.ടി കളിലും ബാധകമാക്കും. കിഫ്ബിയിൽ ഉൾപ്പെടാത്ത റോഡുകളെ ബഡ്ജറ്റിൽ ഉൾപ്പെടുത്തുന്നത് പരിഗണിക്കുമെന്നും മന്ത്രി അറിയിച്ചു. ബിൽ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു.

കേന്ദ്രജി.എസ്.ടിയുടെ 50ശതമാനം സംസ്ഥാനത്തിന്
കേന്ദ്ര ജി.എസ്.ടി (ഐ.ജി.എസ്.ടി) പിരിച്ചിട്ടുള്ള തുകയുടെ അമ്പത് ശതമാനം സംസ്ഥാനത്തിന് കിട്ടാൻ ജി.എസ്.ടി കൗൺസിലിൽ സമ്മർദ്ദം ചെലുത്തും.1.76 ലക്ഷം കോടിയാണ് കേന്ദ്രത്തിന്റെ കൈവശമുള്ളത്. അന്യസംസ്ഥാനങ്ങളിൽ നിന്ന് വാങ്ങിയ ഉത്പന്നങ്ങളുടെ ക്രെഡിറ്റ് ഇവിടെ എടുക്കുമ്പോഴാണ് ഈ നികുതിയുടെ ഭാഗം നമുക്ക് അവകാശപ്പെടാനാവുക. അതുവരെ തുക കേന്ദ്രത്തിന്റെ പക്കലാവും. ഇത് കേന്ദ്രത്തിന് സാമ്പത്തിക ഗുണവും സംസ്ഥാനങ്ങൾക്ക് സാമ്പത്തിക ബുദ്ധിമുട്ടുമുണ്ടാക്കും.