തിരുവനന്തപുരം: തെളിവൊന്നും ബാക്കിവയ്ക്കാതെ പൊലീസ് കുഴിച്ചുമൂടിയ ഉരുട്ടിക്കൊലക്കേസ് ചാരത്തിൽ നിന്ന് ഉയിർത്തെഴുന്നേറ്റ് രണ്ട് പൊലീസുകാർക്ക് കൊലക്കയറൊരുക്കിയിട്ടും, പാഠം പഠിക്കാതെ ലോക്കപ്പുകളിൽ കൈത്തരിപ്പ് കാട്ടുകയാണ് ക്രിമിനൽ പൊലീസുകാർ. കഴിഞ്ഞ എട്ടുവർഷത്തിനിടെ 13 പേർക്കാണ് ലോക്കപ്പുകളിൽ ജീവൻ നഷ്ടമായത്. നാലുപേരുടെ മരണം പൊലീസ് പല ന്യായങ്ങൾ പറഞ്ഞ് ഒതുക്കി തീർത്തു. നെടുങ്കണ്ടത്ത് സ്റ്റേഷനിലെ വിശ്രമമുറിയിൽ റിമാൻഡ് പ്രതി രാജ്കുമാർ മർദ്ദനമേറ്റ് മരിച്ചത് സർക്കാരിനെപ്പോലും പ്രതിരോധത്തിലാക്കി. നെടുങ്കണ്ടത്ത് 17 പൊലീസുകാർ ഇതുവരെ സസ്പെൻഷനിലായിട്ടുണ്ട്.
2005ലായിരുന്നു ഫോർട്ട്സ്റ്റേഷനിൽ ഉദയകുമാറിനെ ഉരുട്ടിക്കൊന്നത്. ഉദയകുമാറിനു ശേഷം മൂന്ന് യുവാക്കൾ അതിക്രൂരമായ മർദ്ദനത്തിനിരയായി ലോക്കപ്പിൽ കൊല്ലപ്പെട്ടു. പുനലൂർ, പുന്നപ്ര, പൊൻകുന്നം, ചങ്ങരംകുളം, ബേഡകം, ഞാറയ്ക്കൽ സ്റ്റേഷനുകളിൽ മരണങ്ങളുണ്ടായി. ചങ്ങരംകുളം സ്റ്റേഷനിൽ രണ്ടുവട്ടം കസ്റ്റഡിമരണമുണ്ടായി. വരാപ്പുഴയിൽ ബൂട്ടിന് ചവിട്ടേറ്റ് കുടൽമാല മുറിഞ്ഞ് കൊല്ലപ്പെട്ട ശ്രീജിത്ത്, പൊലീസ് കാട്ടിയ വഴിയിലൂടെയെത്തിയവർ ജീവനെടുത്ത കോട്ടയത്തെ കെവിൻ ഇങ്ങനെ നീളും പൊലീസ് ഇരയാക്കിയവരുടെ പട്ടിക. ക്രൂരമായി മർദ്ദിച്ച് അവശനാക്കി ആശുപത്രിയിൽ തള്ളിയശേഷമാവും ബന്ധുക്കളെ വിവരമറിയിക്കുക. ഉദയകുമാറിനെ ശരീരമാകെ ഉരുട്ടി മൃതപ്രായനാക്കി ലോക്കപ്പിൽ തള്ളി, മണിക്കൂറുകൾക്ക് ശേഷം ആശുപത്രിയിൽ കൊണ്ടുവന്നശേഷമാണ് അമ്മ പ്രഭാവതിയെ പൊലീസ് വിവരമറിയിച്ചത്. ഉദയകുമാർ വാഹനമിടിച്ച് മരിച്ചെന്നായിരുന്നു പൊലീസ് പറഞ്ഞത്.
ആളുമാറി പിടികൂടിയ ശ്രീജിത്ത് പ്രതിയാണെന്ന് വരുത്താൻ കള്ളക്കേസെടുക്കാൻ ശ്രമമുണ്ടായി.
ക്വട്ടേഷൻ-മാഫിയാ-രാഷ്ട്രീയ ബന്ധങ്ങളുള്ള പൊലീസുകാരാണ് മർദ്ദകവീരന്മാരാവുന്നത്. ലോക്കപ്പിലിട്ട് ആളെക്കൊല്ലുന്നവർക്കും ആറുമാസത്തെ സസ്പെൻഷനുശേഷം കാക്കിയിട്ട് വിലസാം. എസ്.ഐക്കെതിരെ വകുപ്പുതല അന്വേഷണം തുടങ്ങിയാൽ നടപടിയെടുക്കാൻ 15 വർഷമെങ്കിലുമെടുക്കും. അപ്പോഴേക്കും സ്ഥാനക്കയറ്റം നേടി ഡിവൈ.എസ്.പിയായിട്ടുണ്ടാവും. കുഴപ്പമില്ലാതെ വിരമിക്കാൻ പാകത്തിലായിരിക്കും അന്വേഷണറിപ്പോർട്ട്.
ലോക്കപ്പിൽ പൊലിഞ്ഞ ജീവനുകൾ
ഉദയകുമാർ
ശ്രീകണ്ഠേശ്വരം പാർക്കിൽ കിടന്നുറങ്ങിയിരുന്ന ഉദയകുമാറിനെ മോഷണക്കുറ്റമാരോപിച്ച് പിടികൂടി ഫോർട്ട് സ്റ്റേഷനിലെത്തിച്ച് ഉരുട്ടിക്കൊന്നു. ആളുമാറിയല്ല പിടിച്ചതെന്ന് വരുത്താൻ മൃതദേഹത്തിനെതിരേ മോഷണക്കേസെടുത്തു. രേഖകൾ കത്തിച്ചുകളഞ്ഞും പണമൊഴുക്കി സാക്ഷികളെ കൂറുമാറ്റിയും കള്ളക്കളി നടത്തിയിട്ടും സി.ബി.ഐ സത്യം തെളിയിച്ചു.
സമ്പത്ത്
പുത്തൂർ ഷീല വധക്കേസിൽ കസ്റ്റഡിയിലായിരിക്കേ 2010 മാർച്ചിൽ മലമ്പുഴയിലെ കോട്ടേജിൽ മൂന്നാംമുറ പ്രയോഗത്തിൽ കൊല്ലപ്പെട്ടു. അറസ്റ്റ് ചെയ്യാൻ വാറണ്ടു വാങ്ങിയശേഷം രണ്ട് ഐ.പി.എസുകാരെ സി.ബി.ഐ ഒഴിവാക്കി. പൊലീസുദ്യോഗസ്ഥരെ മാത്രം പ്രതിയാക്കി കുറ്റപത്രം നൽകി.
ശ്രീജീവ്
പൊലീസുകാരന്റെ ബന്ധുവിനെ പ്രണയിച്ചതിന് കള്ളക്കേസിൽ പാറശാല പൊലീസ് കസ്റ്റഡിയിലെടുത്ത ശ്രീജീവ് 2014 മേയിലാണ് മരിച്ചത്. അടിവസ്ത്രത്തിൽ ഒളിപ്പിച്ചിരുന്ന ഫ്യുരിഡാൻ കഴിച്ച് ആത്മഹത്യ ചെയ്തെന്ന് പൊലീസ്. സഹോദരൻ ശ്രീജിത്തിന്റെ സമരത്തെ തുടർന്ന് സി.ബി.ഐ അന്വേഷിക്കുന്നു.
ശ്രീജിത്ത്
അയൽവാസിയുടെ വീടാക്രമണക്കേസിൽ ആളുമാറി സ്പെഷ്യൽസ്ക്വാഡ് കസ്റ്റഡിയിലെടുത്ത വരാപ്പുഴ ദേവസ്വംപാടംകരയിൽ ശ്രീജിത്ത് കസ്റ്റഡിയിലാണ് മരിച്ചത്. ശ്രീജിത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയില്ല. അറസ്റ്റ് മെമ്മോയുമുണ്ടായിരുന്നില്ല. കസ്റ്റഡിയിലെടുത്തതായി ബന്ധുക്കളെ അറിയിച്ചില്ല. 11 പൊലീസുകാരാണ് പ്രതികൾ.
പൊലീസ് ഒതുക്കി തീർത്ത മരണങ്ങൾ
അയൽക്കാരനുമായി വഴക്കിട്ടതിന് മരങ്ങാട്ടുപിള്ളി പൊലീസ് കസ്റ്റഡിയിലെടുത്ത സിബി കോട്ടയം മെഡിക്കൽകോളേജിൽ മരിച്ചു. ശരീരത്തിൽ മുറിവുകളുണ്ടായിരുന്നു.
പരസ്യമദ്യപാനം ആരോപിച്ച് കസ്റ്റഡിയിലെടുത്ത കാസർകോട് ചൗക്കിയിലെ സന്ദീപ് ജീപ്പിലിട്ട് ക്രൂരമായി മർദ്ദിച്ചതിനെത്തുടർന്ന് മരിച്ചു.
എളമക്കര പൊലീസ് കസ്റ്റഡിയിലെടുത്ത വിനീഷ് തൃശൂർ മെഡിക്കൽകോളേജിൽ മരിച്ചു. ഹൃദയസ്തംഭനമെന്ന് പൊലീസ്. ശരീരംനിറയെ മുറിവുകളുണ്ടായിരുന്നു.
പാലാ പൊലീസിന്റെ കസ്റ്റഡിയിലിരിക്കേ, ലോറിഡ്രൈവർ റോബിൻ മെഡിക്കൽകോളേജിൽ മരിച്ചു. ദേഹാസ്വാസ്ഥ്യമെന്ന് പൊലീസ്. ശരീരത്തിലെ മുറിവുകൾ ദുരൂഹം.
''കുറ്റംചെയ്ത ആരെയും സംരക്ഷിക്കില്ല. പ്രാഥമികറിപ്പോർട്ട് ഉടൻ നൽകാൻ ക്രൈംബ്രാഞ്ചിനോട് നിർദ്ദേശിച്ചു. പൊലീസുകാരുടെ വീഴ്ച പ്രത്യേകം പരിശോധിക്കും.''
ലോക്നാഥ് ബെഹ്റ
പൊലീസ് മേധാവി