ആറ്റിങ്ങൽ: വീടുകൾക്കും യാത്രക്കാർക്കും ഭീഷണിയായി റോഡുവക്കിൽ അപകടകരമായി നിൽക്കുന്ന കൂറ്റൻ മാവ് മുറിച്ചു മാറ്റണമെന്ന ആവശ്യം ശക്തമായി. കടവിള പാറമുക്കിൽ നിൽക്കുന്ന മാവിന്റെ ഇരുവശവും വേരുകൾ നശിപ്പിച്ച് ഒരു മീറ്റളോറം താഴ്ചയിൽ ഓട നിർമ്മിച്ചിരിക്കുകയാണ്. എന്നാൽ മാവ് നിൽക്കുന്ന സ്ഥലം ഒഴിവാക്കിയതിനാൽ മഴവെള്ളം മാവിന്റെ ചുവട്ടിൽ കെട്ടി നിൽക്കും. ചെറിയ കാറ്റടിക്കുമ്പോൾ തന്നെ മാവിന്റെ ചുവട് അനങ്ങുകയാണെന്ന് നാട്ടുകാർ പറയുന്നു. മാവിന്റെ ശിഖരങ്ങൾക്കു താഴെക്കൂടി വൈദ്യുത ലൈനുകൾ കടന്നു പോകുന്നതും അപകട സാദ്ധ്യത വർദ്ധിപ്പിക്കുന്നു. കൂറ്റൻ ചില്ലകൾ സമീപത്തെ വീടിന്റെ ഭാഗത്തേക്ക് നിൽക്കുന്നത്നാൽ ഈ വീട്ടുകാർ ഏറെ ഭയപ്പാടിലാണ്. അടിയന്തരമായി മാവ് മുറിച്ചു മാറ്റുകയോ അപകടകരമായി നിൽക്കുന്ന ചില്ലകൾ മുറിച്ചു മാറ്റുകയോ ചെയ്യണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. റോഡു വക്കിലായതിനാൽ മാവ് മുറിച്ചു മാറ്റാൻ നിരവധി കടമ്പകൾ കടക്കേണ്ടതുണ്ടെന്നും അതിനുള്ള നീക്കം നടക്കുന്നതായും അധികൃതർ പറയുന്നു.