ബീഹാറിലെ മുസ്സഫർപൂറിൽ നൂറ്റിയൻപതോളം കുട്ടികൾ ഇനിയും കണ്ടെത്താനാവാത്ത ഏതോ മസ്തിഷ്കവ്യാധിയാൽ മരണപ്പെട്ടു എന്നത് ഏവരെയും ദുഃഖിപ്പിക്കുന്ന വാർത്തയാണ്.ദാരുണമരണങ്ങൾ ഉണ്ടായിട്ടും അവയുടെ കാരണമോ, ഉദ്ഭവമോ കണ്ടെത്താനോ, ഫലപ്രദമായ പ്രതിരോധനടപടികൾ എടുക്കാനോ ബന്ധപ്പെട്ടവർക്ക് കഴിഞ്ഞിട്ടില്ല. മരണപ്പെട്ട കുട്ടികളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം പ്രഖ്യാപിക്കുക മാത്രമാണ് ബീഹാർ ഗവൺമെന്റ് ചെയ്തത്. പൊതുജനാരോഗ്യസംവിധാനം പല സംസ്ഥാനങ്ങളിലും എത്ര ദയനീയമാണെന്നതിന്റെ സൂചകം കൂടിയാണിത്. ഇന്ത്യയിൽ ആരോഗ്യം സംസ്ഥാനത്തിന്റെ നിയന്ത്രണത്തിലുള്ള ഒരു വിഷയമാണ്. കഴിഞ്ഞദിവസം പുറത്തിറങ്ങിയ നീതി-ആയോഗിന്റെ ആരോഗ്യ റാങ്കിങ്ങിൽ പൊതുവെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ പിന്നിലായത് നാം കണ്ടതാണ്. !
മസ്തിഷ്കത്തെ ആക്രമിക്കുന്ന പല വൈറസുകളുമുണ്ട്. കുട്ടികളുടെ പൂർണ വളർച്ചയെത്തിയിട്ടില്ലാത്ത മസ്തിഷ്കങ്ങൾ വളരെ എളുപ്പം ആക്രമണവിധേയമാകും. പലപ്പോഴും പന്നികൾ, പക്ഷികൾ, വവ്വാലുകൾ എന്നിവയിലെ വൈറസുകളാണ് രോഗകാരണമാകുന്നത്. എന്നാൽ ബീഹാർ സംഭവത്തിൽ അസന്നിഗ്ദ്ധമായി ഒരു വൈറസിനെയും വേർതിരിച്ചെടുക്കാനായിട്ടില്ല. എന്നാൽ ഇതിനർത്ഥം വൈറസ് ബാധയല്ല എന്നല്ല; കാരണം പലപ്പോഴും കൃത്യമായി വൈറസിനെ കണ്ടുപിടിക്കാൻ സാധിച്ചെന്നുവരില്ല. എന്നാലും സാദ്ധ്യത കുറവാണെന്നുതന്നെ പറയാം. സമാനമായ സംഭവം കുറച്ചു വർഷങ്ങൾക്കു മുമ്പും ബീഹാറിലുണ്ടായിട്ടുണ്ട്. എല്ലാവർഷവും ഇൗ സീസണിൽ കുറച്ചു കുട്ടികളെങ്കിലും ഇതുപോലുള്ള രോഗത്തിന് അടിമപ്പെടാറുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
അന്ന് പ്രസിദ്ധ വൈറോളജിസ്റ്റും വെല്ലൂർ ക്രിസ്റ്റ്യൻ മെഡിക്കൽ കോളേജ് മുൻ പ്രൊഫസറും മലയാളിയുമായ ജേക്കബ് ജോണിനെയാണ് ഇൗ പ്രതിഭാസം പഠിക്കാനായി ഇന്ത്യാഗവൺമെന്റ് നിയോഗിച്ചത്. വൈറോളജിസ്റ്റ് ആയിട്ടുകൂടി , വിശദമായ പഠനത്തിന് ശേഷം ഇതൊരു വൈറസ് രോഗമല്ല എന്ന നിഗമനത്തിലാണ് അദ്ദേഹം എത്തിച്ചേർന്നത്. അതുകൊണ്ടുതന്നെ 'അക്യൂട്ട് എൻകെഫലൈറ്റിസ് " എന്നതിനുപകരം 'അക്യൂട്ട് എൻകെഫലോപ്പതി സിൻഡ്രോം" എന്ന പേരാണ് അദ്ദേഹം നൽകിയത്. ഇൗ സംഭവം നടക്കുന്നത് ചില പഴങ്ങൾ ധാരാളമായുണ്ടാകുന്ന സീസണിലാണ്. അവയുമായി ഇതിനുള്ള ബന്ധം അദ്ദേഹം പഠിച്ചു. പലപ്പോഴും തികച്ചും ദരിദ്രകുടുംബങ്ങളിലെ കുട്ടികളിലാണ് രോഗമുണ്ടാകുന്നത് എന്നതും അദ്ദേഹത്തിന്റെ സംശയം വർദ്ധിപ്പിച്ചു. തലേദിവസം ആവശ്യത്തിന് ഭക്ഷണം കഴിക്കാത്ത കുട്ടികളിൽ രാവിലെ കരളിലെ ഗ്ളൈക്കൊജൻ ഗ്ളൂക്കോസ് ആയി മാറുന്ന പ്രക്രിയ നടക്കേണ്ടതാണ്. ഗ്ളൂക്കോസിന്റെ അളവ് രക്തത്തിൽ കുറയുമ്പോൾ ശരീരം ഗ്ളൈക്കൊജനെ ഗ്ളൂക്കോസാക്കി മാറ്റുന്നു. ശരീരത്തിന്റെ പ്രവർത്തനങ്ങൾക്കുള്ള ഉൗർജ്ജം നിലനിറുത്താൻ ഇത് അത്യാവശ്യമാണ്.
ഇത് നടക്കുന്നത് കരളിലാണ്. എന്നാൽ കുട്ടികൾ രാവിലെ ലിച്ചി പഴങ്ങൾ പെറുക്കി തിന്നുമ്പോൾ അതിലടങ്ങിയിരിക്കുന്ന ഒരു വിഷപദാർത്ഥം ഗ്ളൈക്കൊജനെ ഗ്ളൂക്കോസാക്കി മാറ്റുന്ന പ്രക്രിയയ്ക്ക് തടസം നിൽക്കുന്നു. ഫലമോ രക്തത്തിലെ ഗ്ളൂക്കോസിന്റെ അളവ് കുറയുമ്പോൾ ഗ്ളൈക്കൊജൻ ഗ്ളൂക്കോസാക്കി മാറ്റി ഗ്ളൂക്കോസിന്റെ നില സാധാരണമായി നിലനിറുത്താൻ കരളിന് കഴിയാതെ വരികയും ഇത് മസ്തിഷ്കത്തെ ബാധിക്കുകയും പലപ്പോഴും മരണത്തിൽ കലാശിക്കുകയും ചെയ്യുന്നു. തലേന്ന് നന്നായി ഭക്ഷണം കഴിച്ച കുട്ടികളിൽ ഇതിനുള്ള സാദ്ധ്യത കുറവാണ്. കാരണം അവരിൽ രക്തത്തിലെ ഗ്ളൂക്കോസ് ആവശ്യമായ അളവിലും കുറഞ്ഞുപോകുന്നില്ല.
ഇൗ കണ്ടത്തെലിനെ സാധൂകരിക്കുന്ന പല കാര്യങ്ങളുമുണ്ട്. പ്രധാനമായും ദരിദ്രകുടുംബങ്ങളിലെ കുട്ടികളെ മാത്രമേ രോഗം ബാധിക്കാറുള്ളൂ. രോഗം ബാധിച്ച് ആശുപത്രിയിലെത്തുന്ന കുട്ടികൾക്ക് പത്തുശതമാനം ഗ്ളൂക്കോസ് ഞരമ്പുകളിലൂടെ നൽകിയപ്പോൾ രോഗലക്ഷണങ്ങൾ മിക്കവാറും മാറുന്നതായിട്ട് കണ്ടു. ഇതിന്റെ അടിസ്ഥാനത്തിൽ ഡോ. ജേക്കബ് ജോൺ നിർദ്ദേശിച്ചത് രണ്ട് കാര്യങ്ങളാണ്. ഒന്ന് : രോഗവുമായി വരുന്ന കുട്ടികൾക്ക് പത്തുശതമാനം ഗ്ളൂക്കോസ് ഞരമ്പിലൂടെ നൽകേണ്ടതാണ്. സാധാരണ ആശുപത്രികളിൽ നൽകുന്ന ഡ്രിപ്പിൽ അഞ്ചുശതമാനം ഗ്ളൂക്കോസ് മാത്രമേ അടങ്ങിയിട്ടുള്ളു. രണ്ട് : അത്താഴപ്പട്ടിണിക്കാരായ കുട്ടികൾ ഉണ്ടാകാതിരിക്കാനുള്ള മുൻകരുതൽ എടുക്കുക. അദ്ദേഹത്തിന്റെ നിഗമനങ്ങൾ അന്താരാഷ്ട്ര മെഡിക്കൽ ജേർണലുകളിൽ പ്രസിദ്ധീകരിക്കുകയും ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തിരുന്നു. നിർഭാഗ്യകരമെന്നു പറയട്ടെ ഇത്തവണ സമാനമായ സ്ഥിതിവിശേഷമുണ്ടായപ്പോൾ അധികൃതരുടെ ഭാഗത്തുനിന്ന് പഠന റിപ്പോർട്ടിനെക്കുറിച്ച് അവഗണനയും എതിർപ്പും മാത്രമാണുണ്ടായിട്ടുള്ളത്. പത്തുശതമാനം ഗ്ളൂക്കോസ് ഡ്രിപ്പ് പലയിടങ്ങളിലും ലഭ്യമല്ല. കുട്ടികളിലെ പട്ടിണി അകറ്റാനുള്ള ഒരു മാർഗവും പ്രദേശത്ത് ആരംഭിച്ചിട്ടില്ല. ലിച്ചിപ്പഴങ്ങളെക്കുറിച്ച് അപവാദം പ്രചരിപ്പിച്ച് വിപണി ഇല്ലാതാക്കാനുള്ള ഗൂഢശ്രമമാണെന്നുവരെ ആരോപണമുണ്ട്. പാവപ്പെട്ട കുട്ടികളുടെ ജീവൻ ആർക്കും ബാധകമല്ലെന്ന് തോന്നുന്നു.
ദരിദ്രരെ കീഴ്പ്പെടുത്തുന്ന രോഗങ്ങൾ
പല രോഗങ്ങളുടെയും അടിസ്ഥാന കാരണം ദാരിദ്ര്യമാണ്. ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുന്നതോടുകൂടി ഇവ ഇല്ലാതാകുന്നു. നമ്മുടെ കേരളത്തിൽത്തന്നെ അതിന് ഉദാഹരണങ്ങളുണ്ട്.
ഞങ്ങൾ മെഡിക്കൽ വിദ്യാർത്ഥികളായിരുന്നപ്പോൾ പലപ്പോഴും കണ്ടുവന്നിരുന്ന രോഗമാണ് പാൻക്രിയാറ്റിക് ഡയബെറ്റിസ്. പാൻക്രിയാറ്റിക് ഗ്രന്ഥിയെ നേരിട്ട് ബാധിക്കുന്ന ഇൗ രോഗം ഇൻസുലിൻ ഉത്പാദിപ്പിക്കുന്ന ബീറ്റാസെല്ലുകളെ നിശേഷം നശിപ്പിക്കുകയും അതുമൂലം അവർ പ്രമേഹത്തിന് അടിമപ്പെടുകയും ചെയ്യും. രോഗം ബാധിച്ചവരിൽ എല്ലാവരും കടുത്ത ദാരിദ്ര്യം അനുഭവിക്കുന്നവരായിരുന്നു. ദിവസവും രണ്ടുനേരവും ഇൻസുലിൻ കുത്തിവയ്ക്കാതെ ജീവിക്കാൻ പറ്റാത്തവരായിരുന്നു പലരും. എന്നാൽ സാമ്പത്തികാവസ്ഥ അതിന് അനുവദിച്ചിരുന്നില്ല. പലരും മെഡിക്കൽ കോളേജിലെ വാർഡുകളിൽ ശമ്പളമില്ലാതെ സഹായികളായി പണിയെടുത്തിരുന്നു -രോഗികളെ സഹായിക്കുക, പുറത്തുനിന്ന് ആഹാരവും മറ്റും വാങ്ങിക്കൊണ്ടുകൊടുക്കുക, നഴ്സുമാരെ രോഗീപരിചരണത്തിൽ സഹായിക്കുക എന്നിവയും ചെയ്തിരുന്നു. പകരമായി സിസ്റ്റർമാർ ഏതെങ്കിലും രോഗിയുടെ കണക്കിൽ എഴുതി അവർക്ക് രണ്ടു നേരവും ഇൻസുലിൻ കുത്തിവയ്പ്പു എടുത്തു കൊടുക്കും.
നൂറുശതമാനം നിയമപരമായി ശരിയല്ലെങ്കിൽക്കൂടി നൂറുശതമാനവും ധാർമ്മികമായി ശരിയായ പ്രവൃത്തി. എങ്കിലും അവരിൽ മിക്കവാറും പേർ 35 വയസിനപ്പുറം ജീവിച്ചിരുന്നതായി ഞാൻ ഒാർക്കുന്നില്ല. ഇൗ രോഗത്തെപ്പറ്റി അന്ന് പറഞ്ഞിരുന്നത്, കപ്പ കൂടുതലായി കഴിക്കുന്നതുകൊണ്ട് അതിലടങ്ങിയിട്ടുള്ള വിഷവസ്തു പാൻക്രിയാസിനെ ബാധിക്കുന്നതു കൊണ്ടാണെന്നാണ്. കപ്പക്കൃഷി കൂടുതലായുള്ള പ്രദേശങ്ങളിൽ ഇൗ രോഗം കാണപ്പെട്ടതുകൊണ്ടാണോ അങ്ങനെയൊരു നിഗമനത്തിലെത്തിയതെന്ന് അറിഞ്ഞുകൂടാ. കോട്ടയം മെഡിക്കൽ കോളേജിൽ പ്രൊഫസറായിരുന്ന ഡോ. ഗീവർഗീസ് ഇൗ രോഗത്തെപ്പറ്റി ഒരുപാട് ഗവേഷണപ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. എന്നാൽ കൂടുതൽ പഠനം നടത്താൻ കഴിയും മുൻപേ രോഗം അപ്രത്യക്ഷമായി. അതിന്റെ പ്രധാനകാരണം കേരളത്തിലുണ്ടായ സാമൂഹ്യമാറ്റമാണ്. ജീവിതസാഹചര്യങ്ങൾ മെച്ചപ്പെട്ടതോടെ രോഗംതന്നെ ഇല്ലാതായി.
ഇതുപോലെ കേരളത്തിൽനിന്ന് അപ്രത്യക്ഷമായ മറ്റൊരു രോഗമാണ് എൻഡൊമയോ കാർഡിയൽ ഫൈബ്രോസിസ്. ഇതൊരുതരം ഹൃദ്റോഗമാണ്. ഇതും സാമൂഹ്യ മാറ്റങ്ങളോടു കൂടി അപ്രത്യക്ഷമായതാണ്. എൻഡോമയോക്കാർഡിയൽ ഫൈബ്രോസിസിൽ ഹൃദയം വല്ലാതെ വീർക്കുകയും ഹൃദയത്തിന്റെ പ്രവർത്തനം ശരിയായി നടക്കാത്തതുമൂലം പ്രത്യേകിച്ച് വയറിൽ നീരുവന്ന് വീർക്കുകയും ആയിരുന്നു ലക്ഷണങ്ങൾ. കേരളം, ആഫ്രിക്കയിലെ ഉഗാണ്ട, ബ്രസീലിലെ ചില പ്രദേശങ്ങൾ എന്നിങ്ങനെ ലോകത്ത് അപൂർവം സ്ഥലങ്ങളിൽ മാത്രം കാണപ്പെട്ടിരുന്നതാണിത്. ഇൗ പ്രദേശങ്ങളെയൊക്കെ ബന്ധിപ്പിക്കുന്ന ഒരു കണ്ണി 'കപ്പ " ആയിരുന്നു. ബ്രസീലിൽ നിന്നാണല്ലോ തിരുവിതാംകൂറിൽ ആദ്യമായി കപ്പ ഇറക്കുമതി ചെയ്യപ്പെട്ടത്.
അതുകൊണ്ടുകൂടി ആയിരിക്കണം കപ്പയെ ഒരു കാരണമായി കാണാൻ ശാസ്ത്രജ്ഞന്മാർ ശ്രമിച്ചത്. എന്നാൽ ഡോ. വലിയത്താന്റെ നേതൃത്വത്തിൽ നടത്തിയ ചില പഠനങ്ങളിൽ, ഇൗ പ്രദേശങ്ങളിലൊക്കെയും പൊതുവായി ഉണ്ടായിരുന്ന മറ്റൊന്നിലേക്ക് ശ്രദ്ധതിരിഞ്ഞു. അത് ഇവിടങ്ങളിലൊക്കെ മണ്ണിലടങ്ങിയിരിക്കുന്ന തോറിയം, സീരിയം തുടങ്ങിയ അപൂർവ മൂലകങ്ങളാണ്. കേരളത്തിലെ കരിമണലിൽ ഇൗ മൂലകങ്ങൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. എന്നാൽ വ്യത്യസ്തമായ തിയറികളുടെ നിജസ്ഥിതി പുറത്തുവരുന്നതിനു മുൻപേ രോഗം സമൂഹത്തിൽ നിന്ന് അപ്രത്യക്ഷമായി എന്നതാണ് വസ്തുത. ബീഹാറിൽ സംഭവിച്ചതിന്റെ സത്യാവസ്ഥ ഇനിയും പൂർണമായി പുറത്തുവന്നിട്ടില്ല. എങ്കിലും കുടുംബങ്ങളുടെ കടുത്ത ദാരിദ്ര്യവും ആരോഗ്യരക്ഷാസംവിധാനത്തിന്റെ സമ്പൂർണ പരാജയവും അതിൽ പങ്കുവഹിച്ചിട്ടുണ്ടെന്നുള്ളത് തർക്കമറ്റ വസ്തുതയാണ്. ഇതിന്റെയൊക്കെ വെളിച്ചത്തിൽ കേരളത്തിൽ അടുത്തിടെയുണ്ടായ നിപ്പ പോലെയുള്ള ആരോഗ്യപ്രതിസന്ധികളും അവ നേരിടുന്നതിൽ സംസ്ഥാന ഗവൺമെന്റ് കാണിച്ച ശുഷ്കാന്തിയും നേതൃത്വഗുണവും അഭിനന്ദനാർഹമാണെന്ന് പറയാതെ വയ്യ.