വിതുര: പൊൻമുടി - തിരുവനന്തപുരം സംസ്ഥാനപാതയിൽ നെടുമങ്ങാട് മുതൽ വിതുര വരെയുള്ള റോഡിൽ അപകടങ്ങൾ തുടർക്കഥയായി മാറുന്നു.മരണപരമ്പര തന്നെ അരങ്ങേറിയിട്ടും നടപടി സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി .റോഡ് സുരക്ഷാനിയമങ്ങളൊക്കെ കാറ്റിൽ പറത്തി തലങ്ങും വിലങ്ങും അമിതവേഗതയിൽ വാഹനങ്ങൾ ചീറിപ്പായുകയാണ് . വാഹനങ്ങളുടെ അമിതവേഗം മൂലം കാൽനടയാത്ര അസാദ്ധ്യമായി. മലയോരമേഖയിലെ റോഡുകളിൽ അപകടം പതിവ് കാഴ്ചയായി മിക്കപ്പോഴും അമിതവേഗതയിൽ ചീറിപ്പായുന്ന ബൈക്കുകൾ കൂട്ടിയിടിച്ചാണ് അപകടങ്ങൾ അരങ്ങേറുന്നത്. യുവസംഘങ്ങൾ സഞ്ചരിക്കുന്ന ബൈക്കുകളാണ് അപകടത്തിൽ പെടുന്നവയിൽ ഏറെയും.നല്ല റോഡായതിനാൽ ബൈക്കുകൾ എൺപതും,നൂറും മൈൽ സ്പീഡിലാണ് ഓടിക്കുന്നത്. അപകടകരമായ വളവും തിരിവുകളുമുള്ള ഈറോഡിൽ അമിത വേഗക്കാരെ നിയന്ത്രിക്കുന്നതിന് യാതൊരു നടപടിയും സ്വീകരിക്കാത്തതിനാലാണ് അപകടത്തിന്റെ ഗ്രാഫ് ഉയരാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു.
സഞ്ചാരികളായെത്തുന്ന യുവാക്കൾ പൊൻമുടിയുടെ ഹെയർപിൻ വളവുകളിൽ കാണിക്കുന്ന ബൈക്ക് അഭ്യാസങ്ങൾ വരുത്തുന്ന അപകടങ്ങളും ബുദ്ധിമുട്ടുകളും ചില്ലറയൊന്നുമല്ല. മുന്നിലൂടെ ചീറിപ്പാഞ്ഞ് പോയിട്ട് പെട്ടെന്ന് മുന്നിൽ ബ്രേക്കിട്ട് നിറുത്തുന്നതും വളവുകളിൽ നിരോധിത എയർഹോണുകൾ മുഴക്കി ഓവർടേക്കിംഗ് നടത്തുന്നതുമൊക്കെയാണ് ഈ വിരുതന്മാരുടെ കോപ്രായങ്ങൾ.ഇത് പൊന്മുടി റോഡിനെ കുരുതിക്കളമാക്കുകയാണ്.
പൊൻമുടി - നെടുമങ്ങാട്,ആര്യനാട് - വിതുര,പാലോട് - വിതുര റോഡുകളിൽ ബൈക്ക് റേസിംഗ് തകൃതിയായി നടക്കുന്നുണ്ട്.റേസിങ്ങിനിടയിൽ ബൈക്ക് മറിഞ്ഞ് ഗുരുതരമായി പരുക്കേറ്റ സംഭങ്ങളുമുണ്ട്. ബൈക്ക് റേസിംഗ്കാരുടെ വിളയാട്ടം നിമിത്തം വഴി നടക്കാനാകുന്നില്ല.
ബൈക്കപകടങ്ങളിൽ പെടുന്നവരിൽകൂടുതൽ പേരും യുവാക്കളാണ്.ഇതിൽ വിദ്യാർത്ഥികളും ഉൾപ്പെടും.പ്രായപൂർത്തിയാകാത്തവരും,വിദ്യാർത്ഥികളും ബൈക്കുകളിൽ തലങ്ങും,വിലങ്ങും പാഞ്ഞിട്ടും നടപടിയില്ല.
ബൈക്കപകടങ്ങളിൽ അടുത്തിടെ മരണപ്പെട്ടവരിൽ കൂടുതൽ പേരും യുവാക്കളാണ്.നെടുമങ്ങാട് കല്ലാർ റൂട്ടിൽ പട്രോളിംഗ് പൊലീസ് സജീവമായി പ്രവർത്തിക്കുന്നുണ്ട്.പക്ഷേ അമിതവേഗക്കാരെ പിടികൂടാറില്ലെന്ന് വ്യാപകമായി ആക്ഷേപമുണ്ട്. ബൈക്കുകളുടെ മരണപ്പാച്ചിൽ പൊൻമുടിയിലെത്തുന്ന ടൂറിസ്റ്റുകൾക്കും തലവേദനസൃഷ്ടിക്കുന്നതായി പരാതിയുണ്ട്..
വിതുര നെടുമങ്ങാട് റോഡിൽ ആറ് മാസത്തിനിടയിൽ നാല് പേർ അപകടത്തിൽ മരിച്ചു.മന്നൂർക്കോണം പൂങ്കാവനത്തിന് സമീപം കെ.എസ്.ആർ.ടി.സി ബസും,ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ട് പേർ മരിച്ചു.വിതുര പേരയത്തുപാറയ്ക്ക് സമീപം നടന്ന ബൈക്ക്,കാർ അപകടങ്ങളിൽ രണ്ട് പേർ മരിച്ചു.ബൈക്കപകടങ്ങളിൽ ഗുരുതരമായി പരിക്കേറ്റ അനവധി പേർ ഇപ്പോഴും ചികിത്സയിലുമാണ്.ഇത്രയേറെ അപകടങ്ങൾ ഉണ്ടായിട്ടും തുടരുന്ന അനാസ്ഥ അപകടകരമാണെന്നാണ് നാട്ടുകാർ പറയുന്നത്.