വെള്ളറട: ഒരിടവേളയ്ക്ക് ശേഷം മലയോര ഗ്രാമങ്ങളിൽ വ്യാജമദ്യ നിർമ്മാണവും കച്ചവടവും സജീവം. നെയ്യാർ റിസർവോയറിൽ ഉൾപ്പെടുന്ന വനമേഖലകളും പഴയ വാറ്റ് കേന്ദ്രങ്ങളുമാണ് ഇവരുടെ പ്രധാന സങ്കേതങ്ങൾ. വീര്യം കൂടി വാറ്റ് ചാരയമായതിനാൽ വൻ ഡിമാന്റാണ്. റോഡരുകിലെ മദ്യശാലകൾ അടച്ചുപൂട്ടിയതോടെയാണ് വ്യാജന്മാർ തലപൊക്കാൻ തുടങ്ങിയത്. എന്നാൽ വ്യാജ നിർമ്മാണം തടയാൻ നടപടികൾ ആരംഭിച്ചതോടെ ഇവ കുറഞ്ഞെങ്കിലും വീണ്ടും നിർമ്മാണം തലപൊക്കാൻ തുടങ്ങിയത്. ഓണം ലക്ഷ്യമിട്ടുള്ള വാറ്റും തുടങ്ങിയെന്നാണ് അധികൃതർ പറയുന്നത്. ഇതുകാരണം പരിശേധന വീണ്ടും ശക്തമാക്കാൻ ഒരുങ്ങുകയാണ് അധികൃതർ. മുൻകാലങ്ങളിലെപൊലെ ഒഴിച്ചുവില്പന ഇപ്പോൾ ഇല്ല. പകരം ആവശ്യക്കാ‌ർക്ക് വേണ്ട അളവിൽ എത്തിച്ചുകൊടുക്കുക മാത്രമാണ് ചെയ്യുന്നത്. വ്യജചാരായ നിർമ്മാണം വർദ്ധിച്ചുവരുന്നതിനാൽ വളരെ ആശങ്കയിലാണ് ഇവിടുത്തെ ജനങ്ങൾ കഴിയുന്നത്.

അംമ്പൂരി, ആര്യങ്കോട്, വെളളറട, ഒറ്റശേഖരമംഗലം എന്നി പ്രദേശങ്ങളിൽ സന്ധ്യ കഴിഞ്ഞാൽ ചാരായം ലഭിക്കും. ആഡംബര വാഹനങ്ങളിലും ഇരുചക്ര വാഹനങ്ങളിലും അര ലിറ്ററിന്റെയും ഒരു ലിറ്ററിന്റെയും മിനറൽ വാട്ടർ കുപ്പികളിൽ ആക്കി ചാരയം ആവ്യശക്കാർക്ക് എത്തിച്ച കൊടുക്കും. പനച്ചമുട് കേന്ദ്രകരിച്ച് നിരവധി വില്പന സംഘങ്ങൾ തന്നെ ഉണ്ട് . പൊലീസ് എക്സൈസ് വനം വകുപ്പ് എന്നിവരുടെ സംയുക്ത പരിശോധനകൾ ശക്തമായില്ലെങ്കിൽ മലയോര അതിർത്തി ഗ്രാമങ്ങൾ വീണ്ടും പഴയതുപോലെ വ്യാജ ചാരായ നിർമ്മാണ കേന്ദ്രങ്ങളായിമാറാൻ തുടങ്ങും- നാട്ടുകാർ പറയുന്നു.

വാജന്മാരുടെ വില്പനയ്ക്ക് സ്ത്രീകളെ മുഖ്യ കണ്ണികളാക്കി വില്പന നടത്തുന്നതായും പരാതിയുണ്ട്. സ്ത്രീകളായതിനാൽ എക്സൈസിനും പൊലീസിനും അത്രപെട്ടന്ന് ഇവരെ പിടികൂടാനും കഴിയില്ല. സ്ത്രീകളെ മുൻനിറുത്തി വൻതോതിലാണ് ചാരായം വിറ്റഴിക്കുന്നത്.

ഉൾവനങ്ങളിലും മലയോര പ്രദേശങ്ങളിലും ഗ്യാസ് സിലണ്ടറും മറ്റ് ഉപകരണങ്ങളും കൊണ്ട് നിർമ്മിക്കുന്ന ചാരായത്തിനൊപ്പം സ്പിരിറ്റ് കലക്കിയ വ്യാജ വിദേശ മദ്യവും കച്ചവടത്തിന് എത്തുന്നുണ്ട്. ഒരു കുപ്പി വാറ്റ് ചാരായത്തിന് 500 മുതൽ 800 വരെ വില ഈടാക്കുന്നുണ്ട്.

ആവശ്യക്കാർ ഫോണിൽ വിളിച്ചാൽ സ്ഥലത്ത് ചാരായം എത്തിക്കാനും ഇവർക്ക് ഏജന്റുമാരുണ്ട്. അല്പം വിലകൂടുമെന്നുമാത്രം. സ്വന്തം സ്ഥലത്ത് ആവശ്യപ്പെടുന്ന സാധനം കിട്ടുന്നതിനാൽ അല്പം വില കൂടിയാലും പ്രശ്നമില്ലെന്ന മട്ടിലാണ് ഉപഭോക്താക്കൾ.

മുൻകാലത്ത് യുവാക്കളും അധിവാസികളും ഈ വാറ്റ് ചാരായത്തിന് അടിമകളായിരുന്നു. അതോടെ അധിവാസി ഊരുകളിലെ ക്രമസമാധാനവും നിലച്ചിരുന്നു. എന്നാൽ വളരെ പണിപ്പെട്ടാണ് പൊലീസും എക്സൈസും വനംവകുപ്പും ചേർന്ന് വ്യാജചാരായ നിർമ്മാണം തുടച്ചുമാറ്റിയതും ഇവിടുത്തെ ജനങ്ങളെ ലഹരി മുക്തമാക്കിയതും. എന്നാൽ വീണ്ടും വാറ്റ് തുടങ്ങിയതോടെ വീണ്ടും ജനങ്ങൾ ലഹരിക്ക് അടിമകളാകുമെന്ന പേടിയിലാണ് അധികൃതർ.