തിരുവനന്തപുരം : അജൈവമാലിന്യ ശേഖരണ പരിപാടിയുടെ ഭാഗമായി നഗരസഭ മരുന്ന്, തുണിമാലിന്യങ്ങൾ ശേഖരിക്കുന്നു.
ഇന്ന് രാവിലെ 8 മുതൽ 12 വരെ നഗരത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ തുറക്കുന്ന പ്രത്യേക കൗണ്ടറുകളിലൂടെയും നഗരസഭയുടെ മെറ്റീരിയൽ റിക്കവറി സെന്ററുകളിലും മാലിന്യങ്ങൾ കൈമാറാം. ഉപയോഗിച്ച് ബാക്കിവന്നതും കാലാവധി കഴിഞ്ഞതുമായ മരുന്നുകൾ, ഗുളികകൾ, ക്രീമുകൾ, ഇൻസുലിൻ, സിറിഞ്ചുകൾ എന്നിവയും ഉപയോഗിച്ചതും പഴയതുമായ തുണിമാലിന്യങ്ങളും ശേഖരിക്കും.
കഴക്കൂട്ടം വാർഡ് കമ്മിറ്റി ഓഫീസിനു സമീപം, ശ്രീകാര്യം പെട്രോൾ പമ്പിന് സമീപം, കടകംപള്ളി ഹെൽത്ത് ഇൻസ്പെക്ടർ ഓഫീസിന് സമീപം, ചാക്ക വൈ.എം.എയ്ക്ക് സമീപം, വഞ്ചിയൂർ ജംഗ്ഷൻ, പുത്തരിക്കണ്ടം മൈതാനം, പാപ്പനംകോട് എൻജിനിയറിംഗ് കോളേജിന് സമീപം, ശാസ്തമംഗലം പൈപ്പിൻമൂട് ജംഗ്ഷൻ എന്നിവിടങ്ങളിൽ പ്രത്യേക കൗണ്ടറുകൾ പ്രവർത്തിക്കും.
മരുന്ന് മാലിന്യങ്ങളും തുണി മാലിന്യങ്ങളും പ്രത്യേകമായി കൈമാറണം. മരുന്ന് കുപ്പികളുടെയും ഓയിൻമെന്റുകളുടെയും ഗുളികകളുടെയും പുറമെയുള്ള പേപ്പർ പാക്കിംഗുകൾ ഒഴിവാക്കി വേണം കൈമാറാൻ.
കേരള ഡ്രഗ്സ് കൺട്രോൾ ഡിപ്പാർട്ട്മെന്റിന്റെയും, ആൾ കേരള കെമിസ്റ്റ്സ് ആൻഡ് ഡ്രഗിസ്റ്റ്സ് അസോസിയേഷന്റെയും സഹകരണത്തോടെയാണ് നഗരസഭ മരുന്ന് മാലിന്യം ശേഖരിക്കുന്നത്.