തിരുവനന്തപുരം: ഏഴുവയസുള്ള കുട്ടിക്കും ഭാര്യയ്ക്കും ചെലവിന് നൽകാതെ ക്രൂരമായ ഗാർഹികപീഡനം, കാര്യമറിഞ്ഞിട്ടു പോലും കിട്ടാക്കടമായ ലക്ഷങ്ങൾക്ക് നിയമനടപടിക്ക് പോകാത്ത ഉദ്യോഗസ്ഥ, വഞ്ചനാകേസിൽ ജയിലിൽ പോയ ദമ്പതിമാർ പകരം വീട്ടാൻ നൽകുന്ന മറ്റ് കേസുകൾ തുടങ്ങി വനിതാ കമ്മിഷന്റെ ജില്ലാ അദാലത്തിൽ കേസുകളുടെ എണ്ണം കൂടുന്നു.
ബധിരയും മൂകയുമായ ഭാര്യയെയും പ്രസവം മുതൽ 7 വർഷമായി കുട്ടിയെയും തിരിഞ്ഞുനോക്കാത്ത ഭർത്താവിനെ കമ്മിഷനും നിലയ്ക്ക് നിറുത്താനായില്ല. ഭാര്യയെയും കുട്ടിയെയും ഇയാൾക്കൊപ്പം അയച്ചിരുന്നു. എട്ടുമാസം ഒന്നിച്ച് താമസിച്ചതിന്റെ കയ്പുമായാണ് അവർ മടങ്ങിയത്. വീട്ടിലനുഭവിച്ച ക്രൂരമായ ശാരീരികപീഡനം മൂകയായ സ്ത്രീക്ക് വിവരിക്കാവുന്നതിലും അധികമായിരുന്നു. ഭർത്താവിൽ നിന്ന് മാറ്റി ഇരുവരുടെയും സംരക്ഷണം ഉറപ്പുവരുത്തുന്നതിനൊപ്പം കുട്ടിയുടെ ചെലവിന് പ്രതിമാസം 3,000 രൂപ നൽകാനും കമ്മിഷൻ ഏർപ്പാടുണ്ടാക്കി.
നേരത്തേ 50 ലക്ഷം രൂപയുടെ ചെക്ക് കേസിൽ ജയിൽശിക്ഷ അനുഭവിച്ച ദമ്പതിമാർ ഇപ്പോൾ മറുഭാഗത്തിന് നേരെ കേസുമായി കമ്മിഷനെ സമീപിച്ചിട്ടുണ്ട്. സ്ത്രീകൾ നൽകുന്ന പരാതിയിൽ ആവർത്തിച്ച് ചോദിച്ചാൽ പോലും പൊലീസ് സ്‌റ്റേഷനിൽ നിന്ന് രസീത് നൽകുന്നില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. കിളിമാനൂർ പൊലീസ് സ്‌റ്റേഷനാണ് ഈ കീഴ്‌വഴക്കം തുടരുന്നത്. സാമ്പത്തിക സ്വാതന്ത്ര്യത്തിന് ശ്രമിക്കുന്ന കുടുംബശ്രീ പോലുള്ള പദ്ധതിയിൽ വനിതകളായ സംഘം നേതാവ് തന്നെ ധനാപഹരണം നടത്തുന്നു. കടം ബാധ്യതയാകുന്ന മറ്റ് അംഗങ്ങൾ വായ്പ തന്ന ബാങ്കുകളെ കുറ്റപ്പെടുത്തുന്നത് സ്വീകാര്യമല്ലെന്ന് കമ്മിഷൻ വിലയിരുത്തി.
മദ്യപാനം ഉൾപ്പെടെ ഗാർഹികപീഡനങ്ങൾ കൂടുന്നുണ്ട്. കേസിന്റെ എണ്ണം കൂടിയതിനാൽ ജില്ലയിൽ ദിവസവും 2000 പരാതി വീതം 3 ദിവസത്തെ അദാലത്താണ് നടത്തിയത്. ആദ്യ ദിവസത്തിൽ 81, രണ്ടാം ദിവസത്തിൽ 75 കേസുകൾ തീർപ്പാക്കി. 207 കേസുകൾ മാറ്റിവച്ചിട്ടുണ്ട്. ആന്തൂരിൽ സംഭവിച്ചത് വനിതാകമ്മിഷന്റെ പരിധിയിൽ വരുന്ന പ്രശ്‌നമല്ലെന്ന് അദ്ധ്യക്ഷ എം.സി. ജോസഫൈൻ പറഞ്ഞു. അവിടെ പാർട്ടി, നഗരസഭ, പൊലീസ് എന്നിവയാണ് കേസ് കൈകാര്യം ചെയ്യുന്നത്. സാജന്റെ മരണം സംബന്ധിച്ച് കമ്മിഷനിൽ പരാതി ലഭിച്ചിട്ടില്ലെന്നും അവർ പറഞ്ഞു. അംഗങ്ങളായ ഇ.എം. രാധ, എം.എസ്. താര, ഷാഹിദാ കമാൽ എന്നിവരും അദാലത്തിൽ പങ്കെടുത്തു.