കനിഞ്ഞില്ലെങ്കിൽ സുപ്രീം കോടതിയിലേക്ക്
തിരുവനന്തപുരം: സംസ്ഥാനത്തിന് അർഹമായ മണ്ണെണ്ണ വിഹിതം നിലനിറുത്താൻ സർക്കാർ കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന് കത്തെഴുതും. ഫലമുണ്ടായില്ലെങ്കിൽ സുപ്രിംകോടതിയെ സമീപിക്കാനാണ് ആലോചന.
മറ്റ് സംസ്ഥാനങ്ങളിൽ ഭിന്നമായി കേരളത്തിനുള്ള വിഹിതത്തിൽ മാത്രമാണ് കേന്ദ്രം വെട്ടിക്കുറവ് വരുത്തിയതെന്ന നിഗമനത്തിലാണ് ഭക്ഷ്യവകുപ്പ്. കൂടുതൽ വ്യക്തത ലഭിച്ച ശേഷം അടുത്ത നടപടിയിലേക്കു കടക്കും.മൂന്നു മാസം കൂടുമ്പോഴാണ് സംസ്ഥാനത്തിന് മണ്ണെണ്ണ അനുവദിക്കുന്നത്. കഴിഞ്ഞ തവണ 13,908 ലിറ്റർ മണ്ണെണ്ണ അനുവദിച്ച സ്ഥാനത്ത് ഇപ്പോൾ കിട്ടിയത് 9264ലിറ്റർ മാത്രം. പൊതുവിതരണത്തിനായി നൽകുന്ന മണ്ണെണ്ണ വകമാറ്റരുതെന്നാവശ്യപ്പെട്ട് കേന്ദ്ര പെട്രോളിയം മന്ത്രാലയം സംസ്ഥാനത്തിനു കത്തും നൽകി. വിളക്കുകത്തിക്കാനും പാചകത്തിനും മാത്രമേ റേഷൻ മണ്ണെണ്ണ നൽകാവൂ എന്നാണു നിർദേശം.
നിലവിൽ വൈദ്യുതിയില്ലാത്ത കാർഡുടമകൾക്ക് നാല് ലിറ്ററും വൈദ്യുതിയുള്ളവർക്ക് അര ലിറ്ററും മണ്ണെണ്ണയാണ് മാസം നൽകുന്നത്. കഴിഞ്ഞ മാസം വൈദ്യുതിയുള്ളവരുടെ വിഹിതം ഒരു ലിറ്ററായി ഉയർത്തിയിരുന്നു. പുതിയ അലോട്ട്മെന്റ് അനുസരിച്ച് വൈദ്യുതീകരിച്ച വീടുകൾക്ക് 350 മില്ലീലിറ്റർ മണ്ണെണ്ണ മാത്രമെ ലഭിക്കൂ. സംസ്ഥാനത്ത് റേഷൻകാർഡുള്ള 85,02,974 കുടുംബങ്ങളിലും വൈദ്യുതിയുണ്ട്. 60,128 വീടുകളിൽമാത്രമേ വൈദ്യുതിയും പാചകവാതകവും ഇല്ലാതുള്ളൂ. മത്സ്യബന്ധന മേഖലയ്ക്കുള്ള മണ്ണെണ്ണ വിഹിതം മാസങ്ങളായി വിതരണം ചെയ്യുന്നില്ല..
അരലിറ്ററിൽ
കുറവ് രുത്തില്ല
വൈദ്യുതീകരിച്ച വീടുകൾക്കുള്ള മണ്ണെണ്ണ വിഹിതം 500 മില്ലീലിറ്ററിൽ തൽക്കാലം കുറവുവരുത്തില്ല. അടുത്തമാസവും 500മില്ലീ ലിറ്റർ നൽകണമെന്ന നിർദേശമാണ് റേഷൻ കടകൾക്ക് ലഭിച്ചിരിക്കുന്നത്. സ്റ്റോക്കുള്ള മണ്ണെണ്ണ തീരുമ്പോൾ വിതരണം നിലയ്ക്കും.