മനുഷ്യസമൂഹത്തിൽ നിലനിന്ന ജാതി-ഉപജാതി-ഗോത്ര വ്യവസ്ഥിതിക്കെതിരെ ജാതിരഹിത സമൂഹം നിർമ്മിക്കാൻ പ്രത്യക്ഷരക്ഷാ ദൈവസഭ സ്ഥാപിച്ച പൊയ്കയിൽ ശ്രീകുമാരഗുരുദേവന്റെ ദേഹവിയോഗത്തിന്റെ 80-ാം വാർഷികദിനമാണിന്ന്.
പത്തനംതിട്ട ജില്ലയിൽ തിരുവല്ല താലൂക്കിൽ ഇരവിപേരൂർ ഗ്രാമത്തിലെ വലിയ താന്നിക്കുന്നിൽ, മന്നിയ്ക്കൽ പൊയ്കയിൽ 1054 കുംഭം അഞ്ചിന് പൊയ്കയിൽ ശ്രീകുമാരഗുരുദേവൻ ഭൂജാതനായി. പ്രശസ്ത ക്രൈസ്തവ കുടുംബമായ ശങ്കരമംഗലംകാരുടെ അടിയാളരായിരുന്നു മാതാപിതാക്കൾ. ശ്രീകുമാരഗുരുദേവനും ഇതിൽനിന്നും മോചനമുണ്ടായില്ല. ശങ്കരമംഗലം കുടുംബത്തിലെ കന്നുകാലി മേയ്ക്കലായിരുന്നു ബാല്യകാല ജോലി. അടിമ ജനവിഭാഗങ്ങളുടെ ദുരിതപൂർണമായ ജീവിതവും അന്ധവിശ്വാസങ്ങളും ശ്രീകുമാരഗുരുദേവനെ വേദനിപ്പിച്ചു. അവരുടെ വീണ്ടെടുപ്പിനായുള്ള പ്രവർത്തനത്തിന് ശ്രീകുമാരഗുരുദേവൻ തുടക്കം കുറിച്ചു. ശരീരശുദ്ധി, വസ്ത്രശുദ്ധി, ഭക്ഷണശുദ്ധി, വാക്ശുദ്ധി തുടങ്ങിയ സദ്ഗുണങ്ങൾ അടിസ്ഥാന ജനതയെ പഠിപ്പിച്ചു.
വിവിധമതങ്ങളുടെയും വിശ്വാസങ്ങളുടെയും പിന്നാമ്പുറങ്ങളിലൂടെ സ്വർഗ്ഗവും മോക്ഷവും തേടി അലഞ്ഞലവരോടായി ശ്രീകുമാരഗുരുദേവൻ പറഞ്ഞു : "സ്വർഗവും, മോക്ഷവും, ഈ ഭൂമിയിലാണ്. ജീവിച്ചിരിക്കുമ്പോൾ ലഭിക്കാത്ത സ്വർഗവും മോക്ഷവും മരിച്ചുകഴിഞ്ഞ് അനുഭവിക്കാമെന്ന് ഒരിക്കലും പ്രതീക്ഷിക്കേണ്ട . " മതങ്ങളും, വിശ്വാസങ്ങളും,ജാതി-ഉപജാതി- ഗോത്രചിന്തകളും, വലിച്ചെറിഞ്ഞ് മദ്ധ്യതിരുവിതാംകൂറിലെ ഇരവിപേരൂർ വലിയതാന്നിക്കുന്നിൽ ഒത്തുചേർന്ന് പൊയ്കയിൽ ശ്രീകുമാരഗുരുദേവനെ രക്ഷകനായി കണ്ടവർ ' പൊയ്കകൂട്ടർ ' എന്നറിയപ്പെട്ടു. ഈ വിഭാഗത്തെ പ്രത്യക്ഷരക്ഷാ ദൈവസഭ എന്ന് പൊയ്കയിൽ ശ്രീകുമാരഗുരുദേവൻ പ്രഖ്യാപിച്ചത് 1910ൽ ചങ്ങനാശ്ശേരി മജിസ്ട്രേട്ട് കോടതിയിൽ വച്ചാണ്. രാജ്യം ഭരിച്ചിരുന്ന ബ്രിട്ടൻ പ്രതികൂലമായും ജർമ്മൻ അനുകൂലമായും ആളുകളെ സംഘടിപ്പിക്കുന്നു, എന്ന രാജ്യദ്രോഹകുറ്റം ചുമത്തി കോടതിയിൽ വിസ്തരിച്ചപ്പോൾ നിങ്ങൾ നടത്തുന്ന സഭയുടെ പേരെന്ത് ? എന്ന മജിസ്ട്രേട്ടിന്റെ ചോദ്യത്തിന് മറുപടിയായിരുന്നു പ്രഖ്യാപനം.
മനുഷ്യനന്മക്കായി ജീവിതം നയിച്ച ശ്രീനാരായണഗുരു, അയ്യങ്കാളി, ഡോ. ബാബാസാഹേബ് അംബേദ്കർ, ചട്ടമ്പിസ്വാമി തുടങ്ങിയ നവോത്ഥാന നായകരുടെ കാലഘട്ടത്തിലാണ് ആത്മീയ -ഭൗതീക പ്രവർത്തനങ്ങൾക്ക് ശ്രീകുമാരഗുരുദേവൻ നേതൃത്വം നൽകിയത്. സ്ത്രീകളിലൂടെയാണ് ലോകത്തിന്റെയും രാജ്യത്തിന്റെയും ആത്മീയ പ്രസ്ഥാനത്തിന്റെയും കുടുംബത്തിന്റെയും ഭാവി നിലനിൽക്കുന്നതെന്ന് ശ്രീകുമാരഗുരുദേവൻ വെളിപ്പെടുത്തി. കുമാരഗുരുദേവൻ എട്ടിലധികം സ്കൂളുകൾ സ്ഥാപിച്ചു. റസിഡൻഷ്യൽ സൗകര്യത്തോടെ ഇംഗ്ലീഷ് മീഡിയം സ്കൂൾ ആദ്യമായി സ്ഥാപിച്ചത് ഗുരുദേവനാണ്.
1921 ലും 31ലും ശ്രീമൂലം പ്രജാസഭാ മെമ്പറായിരുന്ന ഗുരുദേവൻ, ഭൂരഹിതർക്ക് ഭൂമി അനുവദിക്കുക,കൃഷിച്ചിലവിനുള്ള ധനസഹായം, സർക്കാർ സർവീസിൽ പ്രവേശനം, അധഃസ്ഥിത വിദ്യാർത്ഥികൾക്ക് ഫീസ് സൗജന്യം, സൗജന്യ ഉച്ചഭക്ഷണം , സ്കോളർഷിപ്പ് തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചു.
1114 മിഥുനം ഒന്ന് മുതൽ രോഗശയ്യയിലായ ശ്രീകുമാരഗുരുവിന്റെ ദേഹവിയോഗം മിഥുനം 15ന് സംഭവിച്ചു.
(പി.ആർ.ഡി.എ പ്രസിഡന്റാണ് ലേഖകൻ)