തിരുവനന്തപുരം: സംസ്ഥാനത്ത് റബർ ഉത്പ്പന്ന വ്യവസായ മേഖലയിലെ തൊഴിലാളികളുടെ കൂലി നിരക്കുകൾ സർക്കാർ വിജ്ഞാപനം ചെയ്തു. പ്രതിദിനം അടിസ്ഥാന വേതനം (8 മണിക്കൂർ ജോലി) ക്ലാസ് എ വിഭാഗത്തിന് 470 രൂപയും ക്ലാസ് ബി വിഭാഗത്തിന് 500ഉം ക്ലാസ് സി വിഭാഗത്തിന് 540 ഉം ക്ലാസ് ഡി വിഭാഗത്തിന് 570 രൂപയുമായിരിക്കും.
വിജ്ഞാപനം പ്രാബല്യത്തിൽ വന്ന തീയതിയിൽ തുടർച്ചയായി 3 വർഷത്തിൽ കുറയാതെയോ അതിലധികമോ ഒരു സ്ഥാപനത്തിൽ അഥവാ ഒരു തൊഴിലുടമയുടെ കീഴിൽ സേവനം പൂർത്തിയാക്കിയവർക്ക്, പൂർത്തിയാക്കിയ ഒാരോ വർഷത്തെ സേവന കാലയളവിനും പുതുക്കിയ അടിസ്ഥാനവേതനത്തിന്റെ ഒരു ശതമാനം എന്ന നിരക്കിൽ പരമാവധി പത്ത് ശതമാനം വരെ തുക സർവീസ് വെയിറ്റേജ്, അടിസ്ഥാന വേതനത്തിൽ ഉൾപ്പെടുത്തി നൽകണം.
ജീവിത നിലവാര സൂചികയിലെ പുതിയ സീരിസിലെ 300 പോയിന്റിന് മുകളിൽ വർദ്ധിക്കുന്ന ഓരോ പോയിന്റിനും ഒരു രൂപ ക്ഷാമബത്തയായി നൽകണം. മാസശമ്പളം നൽകുന്ന ജീവനക്കാർക്ക് മുകളിൽ നിശ്ചയിച്ച പ്രകാരം അടിസ്ഥാന ശമ്പളവും ക്ഷാമബത്തയും കൂടിയുളള തുകയെ 26കൊണ്ട് ഗുണിച്ചാൽ കിട്ടുന്ന തുക അടിസ്ഥാന ശമ്പളമായി നൽകണം. ഏതെങ്കിലും വിഭാഗത്തിലെ ജീവനക്കാർക്ക് മുകളിൽ നിർദ്ദേശിച്ച വേതനത്തേക്കാൾ കൂടുതൽ വേതനമോ മറ്റേതെങ്കിലും ആനുകൂല്യമോ നിലവിൽ ലഭിക്കുന്നുണ്ടെങ്കിൽ അത് തുടർന്നും നൽകേണ്ടതാണ്.