തിരുവനന്തപുരം: ആധുനിക സാങ്കേതിക വിദ്യയിലൂടെ മാർക്കറ്റിംഗ് മേഖലയിൽ വിജയകരമായ മാറ്റം വരുത്താൻ മിൽമയ്ക്ക് സാധിക്കുമെന്ന് മന്ത്രി കെ.രാജു പറഞ്ഞു.
മിൽമയുടെ ഓൺലൈൻ മാർക്കറ്റിംഗ് സംരംഭം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വർദ്ധിച്ചുവരുന്ന ക്ഷീരോത്പാദനം മുൻനിറുത്തി പാലിൽ നിന്നുള്ള വൈവിദ്ധ്യകരമായ ഉത്പന്നങ്ങൾ വിപണിയിലെത്തിക്കാൻ മിൽമ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം മിൽമ ചെയർമാൻ കല്ലട രമേശ് അദ്ധ്യക്ഷത വഹിച്ചു. കേരള കോ-ഓപ്പറേറ്റിവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ ചെയർമാൻ പി.എ. ബാലൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. മിൽമ മാനേജിംഗ് ഡയറക്‌ടർ കെ.ആർ.സുരേഷ് ചന്ദ്രൻ, എറണാകുളം മിൽമ ചെയർമാൻ ജോൺ തെരുവത്ത്, മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ മാനേജിംഗ് ഡയറക്‌ടർ പാട്ടീൽ സുയോഗ് സുഭാഷ് റാവു, ക്ഷീര വികസന വകുപ്പ് ഡയറക്ടർ എസ്. ശ്രീകുമാർ എന്നിവർ സംസാരിച്ചു. ഓൺലൈൻ ആപ്പിന്റെ പ്രവർത്തനം എ.എം നീഡ്‌സ് സി.ഇ.ഒ സുജിത് സുധാകരൻ വിശദീകരിച്ചു.