kadal

കിളിമാനൂർ: കഴിഞ്ഞ ദിവസം കടലു കാണി പാറയുടെ വികസനത്തിന്റെ പ്രാരംഭ നടപടികൾക്കായി ടൂറിസം ഉദ്യോഗസ്ഥരും ജില്ലാ നിർമ്മിതി ഉദ്യോഗസ്ഥരും സർവയർമാരും പ്ലാനിംഗ് ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിക്കുകയും പാറയുടെ അതിരുകൾ അളന്ന് തിട്ടപ്പെടുത്തുകയും ചെയ്തു. അതിർത്തി നിർണയിച്ച് വിസ്തീർണ്ണം തിട്ടപ്പെടുത്തി സർക്കാരിന് പ്രോജക്ട് ഉടൻ സമർപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു. പുളിമാത്ത് പഞ്ചായത്ത് പ്രസിഡന്റ് വിഷ്ണു, വാർഡംഗം ലേഖ എന്നിവർ ഇവർക്കൊപ്പം പാറ സന്ദർശിച്ചു. കടലു കാണിപ്പാറയോടുള്ള അധികൃതരുടെ അവഗണനയെക്കുറിച്ച് ഇക്കഴിഞ്ഞ 17 ന് കേരളകൗമുദി "അവഗണന തലയുയർത്തിയ കടലു കാണിപ്പാറ " എന്ന തലക്കെട്ടിൽ വാർത്ത നൽകിയിരുന്നു. ഈ വിഷയം ബി. സത്യൻ എം.എൽ.എ 25 ന് നിയമസഭയിൽ സബ്മിഷനു വെയ്ക്കുകയും ചെയ്തു. തുടർന്ന് ഇവിടെ ടൂറിസം പദ്ധതിയുടെ രണ്ടാം ഘട്ടം നടപ്പാക്കുമെന്ന് അറിയിപ്പുണ്ടായി. ഇതിനായി ടൂറിസം വകുപ്പിന്റെ എം പാനൽഡ് ആർക്കിടെക്ടിനെ പ്രോജക്ട് തയ്യാറാക്കാനും ചുമതലപ്പെടുത്തുമെന്നും, റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഭരണാനുമതിക്കായി വർക്കിംഗ് ഗ്രൂപ്പിന് മുമ്പായി സമർപ്പിക്കുമെന്നും ഈ സാമ്പത്തിക വർഷം തന്നെ പദ്ധതി ആരംഭിക്കുമെന്നും സബ്മിഷനു മറുപടിയായി ടൂറിസം മന്ത്രി കടകംപള്ളി മറുപടി പറഞ്ഞിരുന്നു.