കല്ലറ : കല്ലറ പഞ്ചായത്തിൽ വെള്ളംകുടി വാർഡിലെ ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ജി. ശിവദാസൻ വിജയിച്ചതോടെ എൽ.ഡി.എഫിന് ഭരണം നഷ്ടമായി. കേവലം ഒരു സീറ്റിന്റെ പിൻബലത്തിലാണ് എൽ.ഡി.എഫ് പഞ്ചായത്ത് ഭരിച്ചിരുന്നത്. എൽ.ഡി. എഫിന്റെ എസ്. ലതയെക്കാൾ 143 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് ജി. ശിവദാസൻ ജയിച്ചത്. ബി.ജെ.പി സ്ഥാനാർത്ഥി വി.കെ. പ്രശാന്ത് 66 വോട്ടു നേടി. 1346 വോട്ടാണ് വർഡിലുള്ളത്. ഇതിൽ 1165 പേർ വോട്ട് ചെയ്തു. യു.ഡി.എഫ് 621, എൽ.ഡി.എഫ് 478, ബി.ജെ.പി 66 വോട്ടുകൾ നേടി.
വെള്ളംകുടി വാർഡ് മെമ്പറായ സജുവിന് കെ.എസ്.ആർ.ടി.സിയിൽ സ്ഥിര നിയമനം ലഭിച്ചതിനെ തുടർന്ന് രാജിവച്ചതാണ് ഉപതിരഞ്ഞെടുപ്പിന് കളമൊരുക്കിയത്. ആകെ പതിനേഴ് വാർഡുകളാണ് പഞ്ചായത്തിലുള്ളത്. ഇതിൽ 9 എണ്ണം എൽ.ഡി.എഫ് നേടിയിരുന്നു. 8 സീറ്റുകൾ യു.ഡി.എഫും വിജയിച്ചു. ഒരാൾ രാജിവച്ചതോടെ ഇരുവരുടെയും കക്ഷിനില 8 - 8 എന്ന നിലയിലായി. ഇതോടെയാണ് ഉപതിരഞ്ഞെടുപ്പ് നിർണായകമായത്. കല്ലറ പഞ്ചായത്തിലെ മുൻ പ്രസിഡന്റ് കൂടിയായ ജി. ശിവദാസൻ പുതിയ പ്രസിഡന്റാകാനാണ് സാദ്ധ്യത.