sfi

മലയിൻകീഴ്: മാറനല്ലൂരിൽ കോൺഗ്രസ് പ്രവർത്തകരായ സഹോദരങ്ങളുടെ വീടുകൾക്ക് നേരെ ആക്രമണമുണ്ടായ സംഭവത്തിൽ രണ്ട് പേരെ മാറനല്ലൂർ പൊലീസ് പിടികൂടി. നെയ്യാറ്റിൻകര അതിയന്നൂർ മഞ്ഞക്കോട് പ്ലാവിള പുത്തൻ വീട്ടിൽ ഡിബിൻമോഹൻ (23), മാറനല്ലൂർ പാപ്പാക്കോട് ആരാധനാ ഭവനിൽ എ. അനൂജ് (18) എന്നിവരാണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ചെയാണ് മാറനല്ലൂർ മഞ്ഞറമൂല സാഫല്യത്തിൽ ഷിബുവിന്റെയും മണ്ണടിക്കോണം ഹാപ്പി ഹൗസിൽ ടി. കുമാറിന്റെയും വീടുകൾക്കും വാഹനങ്ങൾക്കും നേരെ ആക്രമണമുണ്ടായത്.

പിടിയിലായ ഡിബിൻമോഹൻ എസ്.എഫ്.ഐ നെയ്യാറ്റിൻകര ഏരിയാ ജോയിന്റ് സെക്രട്ടറിയാണ്. അനൂജ് എസ്.എഫ്.ഐ പ്രവർത്തകനുമാണ്. രാഷ്ട്രീയ വൈരാഗ്യവും പെൺകുട്ടിയെ ശല്യം ചെയ്തതുമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. ആക്രമണത്തിലുൾപ്പെട്ട 7 പ്രതികളിൽ രണ്ടാം പ്രതിയും മൂന്നാം പ്രതിയുമാണ് പിടിയിലായത്. മറ്റുള്ളവർ ഒളിവിലാണ്. സി.പി.എം മഞ്ഞറമൂല ബ്രാഞ്ച് സെക്രട്ടറിയായിരുന്ന കുമാർ ഏതാനും മാസം മുമ്പ് കോൺഗ്രസിൽ ചേർന്നതും വൈരാഗ്യത്തിന് കാരണമായി. പെൺകുട്ടിയെ ശല്യപ്പെടുത്തിയതുമായി ബന്ധപ്പെട്ടുണ്ടായ സംഭവങ്ങളും വീടാക്രമണത്തിന് കാരണമായെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ കൂടുതൽ വിവരങ്ങൾ മറ്റ് പ്രതികൾ പിടിയിലായാൽ മാത്രമേ സ്ഥിരീകരിക്കാനാവൂയെന്ന് മാറനല്ലൂർ സി.ഐ രതീഷ് .ജി.എസ് പറഞ്ഞു. സംഭവം നടന്ന അടുത്ത ദിവസം നെടുമങ്ങാട് ഡിവൈ.എസ്.പി സ്റ്റുവർട്ട് കീലർ സ്ഥലം സന്ദർശിച്ചിരുന്നു. പ്രതികൾ ഉടൻ പിടിയിലാവുമെന്നും ഡിവൈ.എസ്.പി പറഞ്ഞിരുന്നു. സി.ഐ, മാറനല്ലൂർ എസ്.ഐ സന്തോഷ് എന്നിവരുടെ നേതൃത്വത്തിൽ പിടികൂടിയ പ്രതികളെ കോടതിയിൽ ഹാജരാക്കി.