നെയ്യാറ്റിൻകര: കോൺഗ്രസ് പാർലമെന്ററി പാർട്ടി ഉപനേതാവ് ഗ്രാമം പ്രവീൺ നെയ്യാറ്റിൻകര ചെയർപേഴ്സന്റെ മുറിക്ക് മുൻപിൽ കിടന്ന് പ്രതിഷേധിച്ചു. ടൗൺ പ്രദേശത്ത് പ്ലാസ്ടിക് ഉൾപ്പടെ മാലിന്യം നിറഞ്ഞ് ചീഞ്ഞു നാറുമ്പോഴും ഇതിനെതിരെ വാർത്ത നൽകരുതെന്ന് ശാസിച്ച നഗരസഭാ ചെയർപേഴ്സന്റെ നടപടിക്കെതിരെയായിരുന്നു പ്രതിഷേധം. പൊലീസും നഗരസഭാ വൈസ് ചെയർമാനുമെത്തി മാലിന്യം നീക്കം ചെയ്യാമെന്നും പ്രസ്താവന പിൻവലിക്കാമെന്നും നൽകിയ ഉറപ്പിന്മേൽ അഞ്ചു മണിക്കൂർ നീണ്ട സമരം പ്രവീൺ അവസാനിപ്പിക്കുകയായിരുന്നു.
മഴക്കാലം തുടങ്ങിയതോടെ നഗരസഭാ പ്രദേശത്തെ മാലിന്യം നീക്കം ചെയ്യുന്നത് നഗരസഭാ അധികൃതർ നിറുത്തി വയ്ക്കുകയും ഇതിനെതിരെ വാർത്ത നൽകുന്നതിൽ ചൂണ്ടിക്കൽ വാർഡ് അംഗം സത്യരാജ് നഗരസഭാ കൗൺസിലിൽ പ്രമേയം അവതരിപ്പിക്കുകയും ചെയ്തു.പിന്നീട് ഇത്തരം വാർത്തകൾ പ്രസിദ്ധീകരിക്കരുതെന്ന് നഗരസഭാ ചെയർപേഴ്സൻ ഡബ്ല്യു.ആർ. ഹീബ പത്ര പ്രസ്താവന നടത്തുകയുമായിരുന്നു. തുടർന്നാണ് കൗൺസിലർ ഗ്രാമം പ്രവീൺ ഇന്നലെ രാവിലെ പ്രതിഷേധവുമായി എത്തിയത്.