kallambalam

കല്ലമ്പലം: സ്കൂൾ പരിസരങ്ങളിൽ നിന്നും ലഹരി പദാർത്ഥങ്ങൾ തുടച്ച് നീക്കുന്നതിനായി വിദ്യാർത്ഥികളുമായി ചേർന്ന് കല്ലമ്പലം പൊലീസ് നടപ്പിലാക്കിയ ഓപ്പറേഷൻ സ്റ്റുഡൻസ് സേഫ് പദ്ധതി വിജയകരമായി. വിദ്യാർത്ഥികൾ നൽകിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സ്കൂൾ പരിസരങ്ങൾ കേന്ദ്രീകരിച്ച് കല്ലമ്പലം പൊലീസ് ഇൻസ്പെക്ടർ അനൂപ്.ആർ. ചന്ദ്രൻ, സബ് ഇൻസ്പെക്ടർ വിനോദ് കുമാർ വി.സി. എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ നിരോധിത പുകയില ഉത്പന്നങ്ങളായ ചൈനി ഖൈനി, ശംഭു എന്നിവ കൂടാതെ സിഗരറ്റും ബീഡിയും പിടിച്ചെടുത്തു. പറക്കുളം ജി.എച്ച്.എച്ച്.എസിന് സമീപം ഇവ കച്ചവടം നടത്തിയ അഖിൽ, ചിറ്റായിക്കോട് സ്വദേശി ബാബു എന്നിവരെ അറസ്റ്റ് ചെയ്തു. സ്കൂൾ വിടുന്ന സമയത്ത് അമിത വേഗതയിൽ അപകടകരമായി ബൈക്ക് റേസിംഗ് നടത്തിയ നാവായിക്കുളം യതുക്കാട് സ്വദേശി വിപിൻ, മണമ്പൂർ ആശുപത്രിയ്ക്ക് സമീപമുള്ള സുബി, കല്ലമ്പലം മേനാപ്പാറ സ്വദേശി സഞ്ചു എന്നിവരെ ബൈക്കുകൾ സഹിതം പിടികൂടി കേസെടുത്തു. വരും ദിവസങ്ങളിൽ പരിശോധന കൂടുതൽ കർശനമാക്കുമെന്ന് കല്ലമ്പലം പൊലീസ് അറിയിച്ചു.