തിരുവനന്തപുരം : തടവുചാടിയ വനിതാ ജയിൽപ്പുള്ളികളെ പിടികൂടാൻ പൊലീസിനെ സഹായിച്ചത് കാമുകന്റെ മൊഴി. ജയിൽചാടിയ ശിൽപമോളുടെ കാമുകൻ രാഹുൽ ആട്ടോഡ്രൈവർക്ക് നൽകിയ വിവരങ്ങളാണ് കേസിൽ നിർണായക വഴിത്തിരിവായത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കെണി ഒരുക്കിയത്. ചൊവ്വാഴ്ച്ച വൈകിട്ടാണ് സന്ധ്യയും ശിൽപയും ജയിൽചാടിയത്. രാത്രി ഏഴരയോടെ ആട്ടോയിൽ തിരുവനന്തപുരം മെഡിക്കൽ കോളജിലെ എസ്.എ.ടി ആശുപത്രിയിലെത്തി. കൈയിൽ പണം ഇല്ലാത്തതിനാൽ ബന്ധുവിന്റെ കയ്യിൽ നിന്നും പണം വാങ്ങി വരാമെന്നു പറഞ്ഞ് ആശുപത്രിക്കുള്ളിലേക്കു കയറിപ്പോയ ഇരുവരും മടങ്ങിയെത്തിയില്ല. ജയിൽ ചാടിയ വസ്ത്രത്തിൽ കറങ്ങിനടന്നാൽ പിടിക്കപ്പെടുമെന്ന് ഉറപ്പുള്ളതിനാൽ രോഗികളുടെ കൂട്ടിരുപ്പുകാരുടെ വസ്ത്രം മോഷ്ടിച്ചു. തുടർന്ന് ചികിത്സയിലുള്ള കുഞ്ഞിന് മരുന്നുവാങ്ങാൻ പോലും കാശില്ലെന്ന് പറഞ്ഞ് ആശുപത്രിയിലെത്തിയവരിൽനിന്ന് പണം വാങ്ങിയ ഇരുവരും ബസിൽ വർക്കല ഭാഗത്തേക്ക് പോയി.
കാപ്പിൽ റെയിൽവേ സ്റ്റേഷൻ ഭാഗത്ത് ഇവരെ കണ്ടതായി വിവരം ലഭിച്ചതിനെത്തുടർന്ന് പൊലീസ് എത്തിയെങ്കിലും അവർ അവിടെനിന്ന് കടന്നു. കാപ്പിലിൽനിന്ന് ആട്ടോയിലാണ് കൊല്ലം പാരിപ്പള്ളിയിലേക്ക് പോയത്. യാത്രക്കിടെ ഡ്രൈവറായ ബാഹലേയന്റെ ഫോണിൽ നിന്ന് ഇവർ രണ്ട് കോളുകൾ വിളിച്ചു. സഹോദരനെയാണ് ശിൽപ ആദ്യം വിളിച്ചത്. പണവും മറ്റ് സഹായങ്ങളും അഭ്യർത്ഥിച്ചെങ്കിലും നൽകാൻ അയാൾ തയ്യാറായില്ല. തുടർന്നാണ് കാമുകൻ രാഹുലിനെ വിളിച്ച് സഹായം അഭ്യർത്ഥിച്ചത്. പാലോട് വന്നാൽ സഹായിക്കാമെന്നാണ് ഇയാൾ മറുപടി നൽകിയത്.
ആട്ടോയിൽ വച്ചുള്ള ഇരുവരടേയും പെരുമാറ്റത്തിൽ സംശയം തോന്നിയ ഡ്രൈവർ ബാഹുലേയൻ പാരിപ്പള്ളി ആശുപത്രി ജംഗ്ഷനിൽ ഇരുവരെയും ഇറക്കിയശേഷം വിളിച്ച നമ്പരിലേക്ക് തിരിച്ചു വിളിച്ചു. ഫോണെടുത്ത രാഹുലാണ് ഇരുവരും ജയിൽചാടിയവരാണെന്ന വിവരം ഡ്രൈവറെ അറിയിച്ചത്. ഇരുവരുടെയും കൈയിൽ കാശില്ലെന്നും സഹായത്തിനായി തന്നെ ബന്ധപ്പെട്ടതാണെന്നും പറഞ്ഞു.
തുടർന്ന് ഡ്രൈവർ പൊലീസിന് വിവരം കൈമാറി. തുടർന്ന് പാലോട് പൊലീസ് രാഹുലിനെ കസ്റ്റഡിയിലെടുത്തു. കൈവശമുണ്ടായിരുന്ന പണം തീർന്നതിനാൽ ഇരുവരും വ്യാഴാഴ്ച്ച രാത്രി പാലോട് എത്തുമെന്നും പണം ലഭിച്ചാൽ ഇവർ തമിഴ്‌നാട്ടിലേക്ക് കടക്കുമെന്നും ഇയാൾ പറഞ്ഞു. പാരിപ്പള്ളിയിൽ സെക്കൻഡ് ഹാൻഡ് ടൂ വീലർ വാഹനങ്ങൾ വിൽക്കുന്ന കടയിലേക്കാണ് ഇരുവരും പിന്നീട് ചെന്നത്. വണ്ടി വാങ്ങുന്നതിനാണെന്നു പറഞ്ഞ് സന്ധ്യയും ശിൽപയും എത്തിയപ്പോൾ ഒരു സഹായി മാത്രമാണ് കടയിലുണ്ടായിരുന്നത്. ടെസ്റ്റ് ഡ്രൈവിനെന്നു പറഞ്ഞ് സ്‌കൂട്ടർ വാങ്ങി അതുമായി പാലോടേക്ക് തിരിക്കുകയായിരുന്നു. പാലോട് അടപ്പുപാറ ഭാഗത്തുനിന്ന് നാട്ടുകാരാണ് ഇവരെ കണ്ടെത്തിയ വിവരം പൊലീസിൽ അറിയിച്ചത്. തുടർന്നു പ്രദേശത്ത് എത്തിയ പൊലീസ് സംഘം ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.