kerala-university

തിരുവനന്തപുരം: ചാൻസലറായ ഗവർണറുടെ അനുമതി ലഭിക്കും മുൻപ് കേരള സർവകലാശാല കേരള പഠനം എന്ന പേരിൽ പുതിയ പഠനവകുപ്പ് ആരംഭിച്ചു.. 15 സീറ്റുകളോടെ പുതിയ എം.എ കോഴ്സും തുടങ്ങി.

സിൻഡിക്കേറ്റും സെനറ്റും അംഗീകരിച്ച ശുപാർശ ഗവർണർക്ക് അയയ്ക്കുകയും സർക്കാരിന്റെ അഭിപ്രായം തേടിയ ശേഷം ഗവർണർ അനുമതി നൽകുകയും ചെയ്താലേ പുതിയ വകുപ്പ് ആരംഭിക്കാനാവൂ എന്നാണ് ചട്ടം.സർവകലാശാല സ്​റ്റാറ്റ്യൂട്ട് ഭേദഗതിക്കുള്ള നിർദ്ദേശം ചാൻസലറുടെ പരിഗണനയിലിരിക്കെ, പുതിയ വകുപ്പ് സ്ഥാപിച്ച് സർവകലാശാല ഉത്തരവിറക്കിയത് സർവകലാശാലാ ആക്ടിനും സ്​റ്റാറ്യുട്ടിനും വിരുദ്ധമാണെന്നാണ് ആക്ഷേപം.

അന്താരാഷ്ട്ര കേരളപഠന കേന്ദ്രത്തെ സർവകലാശാല പഠന വകുപ്പാക്കി മാ​റ്റുന്നതിന് സ്​റ്റാ​റ്റ്യൂട്ടിൽ ഭേദഗതി വരുത്താൻ ഗവർണറുടെ അനുമതിക്കായി ഏപ്രിൽ രണ്ടിന് സർവകലാശാല ഫയൽ അയച്ചിരുന്നു. ഇത് ഗവർണർ സർക്കാരിന്റെ അഭിപ്രായത്തിനയച്ചു. ചാൻസലറുടെ അന്തിമ തീരുമാനത്തിന് കാത്തുനിൽക്കാതെ ഏപ്രിൽ മൂന്നിന് വകുപ്പ് ആരംഭിച്ചു. രജിസ്ട്രാർ ഇൻ-ചാർജ്ജിനെ വകുപ്പ് തലവനാക്കുകയും ചെയ്തു.

പുതിയ വകുപ്പ് ആരംഭിക്കുന്നതിനുള്ള ഭേദഗതിക്ക് 2018നവംബർ 16ന് ചേർന്ന സിൻഡിക്കേറ്രും കഴിഞ്ഞ ഫെബ്രുവരി 18, 19 തീയതികളിൽ ചേർന്ന സെനറ്റും അംഗീകാരം നൽകി. ഇത് ചാൻസലറുടെ അംഗീകാരത്തിനായി ഏപ്രിൽ രണ്ടിന് സമർപ്പിച്ചിട്ടുണ്ടെന്ന് നിയമസഭയിൽ മന്ത്രി കെ.ടി.ജലീൽ അനിൽ അക്കരെയ്ക്ക് നൽകിയ മറുപടിയിലുണ്ട്. സെനറ്റ്, സിൻഡിക്കേറ്റ് അംഗീകാരത്തോടെ കേരളപഠന വകുപ്പ് ആരംഭിച്ചതായി പ്രോ വൈസ് ചാൻസലർ ഡോ.പി.പി.അജയകുമാർ പറഞ്ഞു. എം.എ കോഴ്സിന് പുതിയ നിയമനങ്ങൾ നടത്തിയിട്ടില്ല. മലയാളം വകുപ്പിലെ പ്രൊഫസർക്ക് ചുമതല നൽകിയിട്ടുണ്ടെന്നും പി.വി.സി വ്യക്തമാക്കി.