തിരുവനന്തപുരം: ദിവസങ്ങൾ നീണ്ട ആസൂത്രണത്തിനൊടുവിലാണ് പ്രതികളായ സന്ധ്യയും ശില്പമോളും അട്ടക്കുളങ്ങര വനിതാജയിൽ ചാടിയത്. സുരക്ഷാ ജീവനക്കാരെ എങ്ങനെയാണ് കബളിപ്പിച്ചതെന്ന് പിടിയിലായ പ്രതികൾ പൊലീസിനോട് വിവരിച്ചു.

ജയിൽ ചാടാൻ സഹതടവുകാരിയുടെ സഹായം ലഭിച്ചു. ചവർ കൂനയിൽ ചവിട്ടി കമ്പിയിൽ സാരിചുറ്റിയാണ് മതിൽ ചാടിയത്. ജയിൽ കെട്ടിടത്തിന്റെ മുകളിലത്തെ നിലയിൽ തയ്യൽ ജോലിക്ക് പോയപ്പോൾ പരിസരം നിരീക്ഷിച്ചാണ് പദ്ധതി ആസൂത്രണം ചെയ്തത്. ജയിലിൽ നിന്ന് അടുത്തെങ്ങും മോചനം ഉണ്ടാകില്ലെന്ന ഭയമാണ് ജയിൽ ചാടാൻ കാരണമെന്നും തടവുകാർ പൊലീസിനോടു പറഞ്ഞു. ഇരുവരെയും ജയിലിലെത്തിച്ച് തെളിവെടുത്തു.
ഇരുവരും തിരുവനന്തപുരം - കൊല്ലം ജില്ലാ അതിർത്തിയിലേക്കാണ് കടന്നതെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ രണ്ടു ജില്ലകളിലെയും എല്ലാ മൊബൈൽ ഫോൺ ടവറുകൾക്ക് കീഴിലുമുള്ള ഫോൺ കാളുകൾ പരിശോധിച്ചു. എത്താനിടയുള്ള സ്ഥലങ്ങളിലെല്ലാം മഫ്തിയിലുൾപ്പെടെ പൊലീസുകാരെ വിന്യസിച്ചു.
ഇവർ ജില്ലവിടാനുള്ള സാദ്ധ്യത മുന്നിൽകണ്ട് അന്വേഷണ സംഘം ജില്ലയിലാകെ വ്യാപക തെരച്ചിൽ നടത്തി. റൂറൽ എസ്‌.പി ബി. അശോകിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്. വ്യാഴാഴ്ച രാത്രി തന്നെ ഇരുവരെയും അന്വേഷണ ഉദ്യോഗസ്ഥനായ ഫോർട്ട് അസിസ്റ്റന്റ് കമ്മിഷണർക്ക് കൈമാറി.

ഉദ്യോഗസ്ഥ വീഴ്ചയെന്ന് വകുപ്പ്തല റിപ്പോർട്ട്

വനിതാ തടവുകാർ രക്ഷപ്പെട്ടതിന് പിന്നിൽ ഉദ്യോഗസ്ഥരുടെ വീഴ്ചയെന്ന് വകുപ്പ് തല റിപ്പോർട്ട്. വീഴ്ചകൾ അക്കമിട്ട് വിശദീകരിക്കുന്ന ജയിൽ ഡി.ഐ.ജി സന്തോഷ് കുമാറിന്റെ റിപ്പോർട്ട് രണ്ട് ദിവസത്തിനകം ഡി.ജി.പി ഋഷിരാജ് സിംഗിന് നൽകും. തുടർന്നായിരിക്കും ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുക.