കഴക്കൂട്ടം: ആഘോഷം നുരഞ്ഞുപൊങ്ങിയത് സസ്പെൻഷനിൽ കലാശിക്കുമെന്ന് ബിജു തീരെ കരുതിയില്ല. പൊലീസ് സഹകരണ സംഘം തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പാനൽ വിജയിച്ച വാർത്ത കേട്ടപ്പോൾ ഒന്നു മിനുങ്ങണമെന്നു തോന്നി. സാധനം അകത്തു ചെന്നപ്പോൾ ലൊക്കേഷൻ സ്വന്തം ഓഫീസ് ആണെന്നോ, അത് മംഗലപുരം പൊലീസ് സ്റ്റേഷൻ ആണെന്നോ സീനിയർ സിവിൽ പൊലീസ് ഓഫീസർ ജി.ബി. ബിജു ഓർത്തില്ല. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. തിരഞ്ഞെടുപ്പു ഫലം വന്നപ്പോൾ കോലിയക്കോടുകാരനായ ബിജു സ്വന്തം കാറിൽ ഓഫീസിനു മുന്നിലെത്തി പടക്കം പൊട്ടിച്ചു. പിന്നെ, കാറിലിരുന്ന് പൂസായി. വീട്ടിലേക്കു മടങ്ങുംവഴി കാർ ഒരു വണ്ടിയിൽ ഇടിച്ചു. ചോദ്യംചെയ്ത വാഹന ഉടമയോട് ഒന്നാന്തരം പൊലീസ് ഭാഷയിൽ നല്ല നാലു വർത്തമാനം പറഞ്ഞു. നാട്ടുകാർ കൂടിയപ്പോഴാണ് കഥാനായകൻ മംഗലപുരം സ്റ്രേഷനിലെ പൊലീസുകാരനാണെന്നും മദ്യപിച്ചിട്ടുണ്ടെന്നും അറിഞ്ഞത്.
വിവരം സ്റ്റേഷനിലെത്തി. സഹപ്രവർത്തകർ കൂട്ടത്തോടെയെത്തി ബിജുവിനെ പൊക്കി ഓഫീസിലെത്തിച്ചു. അതിനിടെ, പൊലീസുകാരെ തട്ടിമാറ്റി പുറത്തിറങ്ങാൻ ശ്രമിച്ചതോടെ രംഗം മാറി. പിന്നെ ബിജുവിന്റെ വക ഒന്നൊന്നര പ്രകടനമായിരുന്നു അകത്ത്. തെറിവിളി, നിലത്തുകിടന്ന് കളമെഴുത്തും പാട്ടും.... സംഭവം നിമിഷങ്ങൾക്കകം സമൂഹ മാധ്യമത്തിലെത്തി. ബിജുവിന്റെ കലാവിരുതുകൾ വൈറലോടു വൈറൽ.
മംഗലപുരം എസ്.എച്ച്.ഒ തൻസിം അബ്ദുൾ സമദ് തയ്യാറാക്കിയ റിപ്പോർട്ടിൽ ബിജുവിനെതിരെ വിസ്തരിച്ചുള്ള വകുപ്പുകളുണ്ട്. മദ്യപിച്ച് വണ്ടിയോടിച്ചു, പൊലീസുകാരുടെ ഡ്യൂട്ടി തടസപ്പെടുത്തി, സ്റ്റേഷനു മുന്നിൽ പടക്കം പൊട്ടിച്ചു. കേസ് രജിസ്റ്റർ ചെയ്ത് ബിജുവിനെ സ്റ്രേഷൻ ജാമ്യത്തിൽ വിട്ടയച്ചു. പോകുന്ന പോക്കിൽ റൂറൽ എസ്.പി ബി. അശോക് കുമാറിന്റെ വക ഉത്തരവും കൈയിൽ കിട്ടി: സസ്പെൻഡഡ്!