self-financing-medical

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ പ്രവേശനത്തിലെ കുരുക്കഴിക്കാനുള്ള സർക്കാരിന്റെ അടിയന്തര നടപടികൾ ഫലം കണ്ടു.

ഹൈക്കോടതി ഉത്തരവു പ്രകാരം ഫീസ് നിർണയ സമിതിയുടെ അംഗസംഖ്യ പത്തിൽനിന്ന് അഞ്ചായി കുറയ്ക്കാൻ നിയമസഭ പാസാക്കിയ ബില്ലിൽ ഇന്നലെ ഗവർണർ പി. സദാശിവം ഒപ്പിട്ടു. ഇതോടെ, ഫീസ് നിർണയത്തിനുള്ള സമിതി പുനഃസംഘടിപ്പിക്കാനുള്ള വിജ്ഞാപനം ഇന്നിറക്കിയേക്കും. ഫീസ് നിർണയം വൈകുന്ന സാഹചര്യത്തിൽ, കുട്ടികളിൽ നിന്ന് ബോണ്ട് വാങ്ങി പ്രവേശനം നടത്താനുള്ള സർക്കാർ നീക്കത്തെ എതിർത്ത് മാനേജ്മെന്റുകൾ രംഗത്തെത്തിയതോടെയാണ് കുരുക്കൊഴിവാക്കാൻ സർക്കാർ യുദ്ധകാലാടിസ്ഥാനത്തിലുള്ള നടപടിയെടുത്തത്.

വിജ്ഞാപനമിറക്കുന്നതോടെ ഫീസ് നിർണയത്തിന് അഞ്ചംഗ സമിതിയും പ്രവേശന മേൽനോട്ടത്തിന് ആറംഗസമിതിയും നിലവിൽ വരും. ഇതിന് പിന്നാലെ ഫീസ് നിർണയ സമിതി അംഗങ്ങളെ നിശ്ചയിച്ചുകൊണ്ടുള്ള ഉത്തരവ് രണ്ട് ദിവസത്തിനകം സർക്കാർ പുറത്തിറക്കും. സമിതിയിൽ മെഡിക്കൽ കൗൺസിലിൽ നിന്നുള്ള ഒരംഗത്തെ ഉൾപ്പെടുത്തേണ്ടതുണ്ട്. ഇതിനായി കൗൺസിലിൽ നിന്നുള്ള നാമനിർദ്ദേശം വേഗത്തിൽ ലഭ്യമാക്കാൻ സർക്കാർ കത്തയയ്ക്കും. പ്രതിനിധിയെ ലഭ്യമാകുന്ന മുറയ്ക്ക് സമിതിയിൽ ഉൾപ്പെടുത്തും. പ്രവേശന മേൽനോട്ട സമിതി അംഗങ്ങളെ നിശ്ചയിച്ചുകൊണ്ടുള്ള ഉത്തരവ് പിന്നീട് പുറത്തിറക്കും.

ഫീസ് നിരക്കിനെക്കുറിച്ച് ധാരണയുണ്ടാക്കാൻ ജൂലായ് മൂന്നിന് മുഖ്യമന്ത്രി സ്വാശ്രയ മാനേജ്മെന്റുകളുമായി ചർച്ച നടത്തും. ഇതിനനുസൃതമായി പ്രവേശന നടപടികൾ ജൂലായ് അഞ്ചിന് ആരംഭിക്കാനും സർക്കാർ ആലോചിക്കുന്നു.

ഒാപ്ഷൻ: വിജ്ഞാപനം

ഇന്ന് ഇറക്കിയേക്കും.

പേജ് : 16