money

തിരുവനന്തപുരം: സംസ്ഥാനത്തെ മോട്ടോർ വാഹനവകുപ്പിന് കീഴിലുള്ള റീജണൽ ട്രാൻസ്‌പോർട്ട് ഓഫീസുകളിലും ജോയിന്റ് റീജണൽ ട്രാൻസ്‌പോർട്ട് ഓഫീസുകളിലും വിജിലൻസ് ഐ.ജി എച്ച്.വെങ്കിടേഷിന്റെ നേതൃത്വത്തിൽ മിന്നൽ പരിശോധന നടത്തി. സംസ്ഥാനത്തെ 66 ഓഫീസുകളിൽ നടന്ന ഓപ്പറേഷൻ ഉജാല എന്ന പരിശോധനയിൽ വ്യാപക ക്രമക്കേടുകളാണ് കണ്ടെത്തിയത്. പലയിടങ്ങളിൽ നിന്നും കണക്കിൽ പെടാത്ത പണം പിടിച്ചെടുത്തിട്ടുണ്ട്.

ഇന്നലെ വൈകിട്ട് മൂന്നോടെ ആരംഭിച്ച മിന്നൽ പരിശോധന വൈകിയാണ് അവസാനിച്ചത്. ആലപ്പുഴ, മുവാറ്റുപുഴ, ചങ്ങനാശ്ശേരി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നൊക്കെ കണക്കിൽ പെടാത്ത പണം കണ്ടെത്തിയതായി വിവരമുണ്ട്. പലയിടത്തും ഓൺലൈൻ വഴി അപേക്ഷ സ്വീകരിച്ചാലും ഇടനിലക്കാർ വഴി പണം നൽകിയാൽ മാത്രമേ കാര്യങ്ങൾ നടക്കൂവെന്നും വിജിലൻസ് കണ്ടെത്തി. വാഹനങ്ങൾ രജിസ്റ്റർ ചെയ്യുന്നതിന് ഓൺലൈൻ വഴി അടയ്ക്കുന്ന തുകയ്ക്ക് പുറമേ കൂടുതൽ തുക ഏജന്റുമാർ വഴി കൈമാറിയാൽ മാത്രമേ രജിസ്‌ട്രേഷൻ നടക്കുള്ളൂവെന്നതും കണ്ടെത്തിയിട്ടുണ്ട്. നമ്പർ അനുവദിക്കുന്നതിലും തട്ടിപ്പ് നടക്കുന്നതായി വിജിലൻസ് സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.