തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് കേസിൽ 5 കസ്റ്റംസ് ഉദ്യോഗസ്ഥരെ സി.ബി.ഐ ചോദ്യം ചെയ്തു. കസ്റ്റംസ് ഇന്റലിജൻസിലെ 5 ഉദ്യോഗസ്ഥരെയാണ് സി.ബി.ഐ ചോദ്യം ചെയ്തത്. കോടികളുടെ സ്വർണക്കടത്തിന് വിമാനത്താവളത്തിൽ സുരക്ഷിതപാത ഒരുക്കിയ കസ്റ്റംസ് എയർ ഇന്റലിജൻസ് സൂപ്രണ്ട് ബി. രാധാകൃഷ്ണനെ ഒന്നാം പ്രതിയാക്കി നേരത്തെ സി.ബി.ഐ തിരുവനന്തപുരം സി.ബി.ഐ കോടതിയിൽ എഫ്.ഐ.ആർ സമർപ്പിച്ചിരുന്നു. കേന്ദ്രസർക്കാർ ഉദ്യോഗസ്ഥർ അഴിമതി, കള്ളക്കടത്ത് കേസുകളിൽ ഉൾപ്പെട്ടതിനാൽ സ്വർണക്കടത്ത് കേസ് സി.ബി.ഐ സ്വമേധയാ കേസെടുക്കുകയായിരുന്നു. കസ്റ്റംസ് സൂപ്രണ്ട് രാധാകൃഷ്ണനെ ഡി.ആർ.ഐ നേരത്തെ അറസ്റ്റു ചെയ്തിരുന്നു.
സ്വർണക്കടത്തിൽ കൂടുതൽ കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് പങ്കുള്ളതായാണ് സി.ബി.ഐ സംശയിക്കുന്നത്. ഡ്യൂട്ടി ഷിഫ്റ്റ്, സൂപ്രണ്ട് രാധാകൃഷ്ണന്റെ ഇടപെടലുകൾ എന്നിവയെക്കുറിച്ചാണ് ഉദ്യോഗസ്ഥരോട് ചോദിച്ചറിഞ്ഞത്. സ്വർണക്കടത്തിലെ മുഖ്യ ഇടപാടുകാരെല്ലാം ദുബായിലാണെന്ന ഡി.ആർ.ഐ നിഗമനത്തെ സി.ബി.ഐയും ശരിവയ്ക്കുന്നു. വിദേശത്തേക്ക് അന്വേഷണം വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് സി.ബി.ഐ. കസ്റ്റംസ് സൂപ്രണ്ടായിരുന്ന രാധാകൃഷ്ണന്റെ സഹായത്തോടെ കോടിക്കണക്കിനു രൂപയുടെ സ്വർണം ബിജുവും സംഘവും തിരുവനന്തപുരം വിമാനത്താവളം വഴി കടത്തിയെന്നാണ് സി.ബി.ഐ എഫ്.ഐ.ആർ.
സ്വർണക്കടത്തു നടന്നപ്പോഴെല്ലാം സൂപ്രണ്ട് രാധാകൃഷ്ണൻ എക്സ് റേ പരിശോധനാ പോയിന്റിൽ ഉണ്ടായിരുന്നതായി സി.സി.ടി.വി ദൃശ്യങ്ങളിൽ വ്യക്തമാണ്. രാധാകൃഷ്ണന്റെ വീട്ടിൽ പരിശോധന നടത്തിയെങ്കിലും സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച തെളിവുകൾ കണ്ടെടുക്കാനായിരുന്നില്ല. ഇദ്ദേഹത്തിന്റെ ബിനാമി നിക്ഷേപങ്ങൾ കണ്ടെത്താനാണ് സി.ബി.ഐ ശ്രമിക്കുന്നത്.
ഫോൺ രേഖകളിൽനിന്ന് തെളിവുകൾ കണ്ടെത്താനുള്ള ഡിആർഐയുടെ ശ്രമം ഫലം കണ്ടിട്ടില്ല. കസ്റ്റംസ് സൂപ്രണ്ട് രാധാകൃഷ്ണന്റേതുൾപ്പെടെയുള്ള ഫോണുകൾ പരിശോധനയ്ക്കായി സി-ഡാക്കിനാണ് ഡി.ആർ.ഐ നൽകിയത്. മിക്ക ഫോണുകളിൽനിന്നും രേഖകൾ കണ്ടെടുക്കാനായില്ല. കണ്ടെടുത്ത രേഖകൾ കേസുമായി ബന്ധമില്ലാത്തവയാണ്. സ്വർണക്കടത്തുകാർ ഒരു ഫോൺ മൂന്നു മാസത്തിലധികം ഉപയോഗിക്കാറില്ലെന്നു ഡി.ആർ.ഐ പറഞ്ഞു. ഇടപാടുകൾ നടത്തിയശേഷം ഫോണും സിമ്മും മാറും. അതിനു മുൻപായി രേഖകൾ നശിപ്പിക്കും. ജുവലറി മാനേജർ അബ്ദുൾ ഹക്കിമിനെയാണ് ഇനി പിടികൂടാനുള്ളത്. പ്രധാന പ്റതിയായ പ്രകാശൻ തമ്പിക്ക് കഴിഞ്ഞദിവസം ജാമ്യം ലഭിച്ചിരുന്നു.