മറകാന: കോപ്പ അമേരിക്ക ഫുട്‌ബോളിൽ സെമിയിൽ ബ്രസീലിന് എതിരാളി അർജന്റീന. ക്വാർട്ടറിൽ വെനസ്വേലയെ എതിരില്ലാത്ത രണ്ട് ഗോളിന് ( 2- 0) തകർത്തതോടെയാണ് അർജന്റീന സെമിയിൽ പ്രവേശിച്ചത്. ബുധനാഴ്‌ച രാവിലെ ആറു മണിക്കാണ് ബ്രസീൽ - അർജന്റീന സെമി. കളി തുടങ്ങി 10-ാം മിനിറ്റിൽ തന്നെ അർജന്റീന മുന്നിലെത്തിയിരുന്നു. ലൗട്ടാറൊ മാർട്ടിനെസാണ് ആദ്യ ഗോൾ നേടിയത്. തുടർന്ന് 74-ാം മിനിറ്റിൽ ജിയോവാനി ലോ സെൽസോയും ഗോൾ നേടി.
വെനസ്വേലയുടെ പ്രതിരോധനിരയെ തകർത്തുകൊണ്ടുള്ളതായിരുന്നു അർജന്റീനയുടെ രണ്ടാം ഗോൾ. 68-ാം മിനിറ്റിൽ അക്യൂനയ്‌ക്ക് പകരം സെൽസോയെ ഇറക്കിയത് അർജന്റീനയ്ക്ക് അനുകൂലമായി. ഫിനിഷിംഗിലെ പോരായ്‌മ കാരണം നിരവധി അവസരങ്ങൾ അർജന്റീനയ്‌ക്ക് പാഴായി. 2008 ബെയ്ജിംഗ് ഒളിമ്പിക്‌സ് സെമി ഫൈനലിലാണ് അർജന്റീനയും ബ്രസീലും അവസാനമായി ഏറ്റുമുട്ടിയത്.
2007 കോപ്പ അമേരിക്ക ഫൈനലിൽ ഇരുവരും പോരാടിയിരുന്നു. അന്ന് അർജന്റീന 3-0 എന്ന നിലയിൽ പരാജയപ്പെട്ടിരുന്നു. അതേസമയം, മൂന്നാം കോപ്പ അമേരിക്ക കിരീടം ലക്ഷ്യമിട്ടുകൊണ്ട് നിലവിലെ ചാമ്പ്യൻമാരായ ചിലിയും സെമിയിൽ കടന്നു. കൊളംബിയയെ പെനാൽറ്റി ഷൂട്ടൗട്ടിലാണ് (5- 4) ചിലി തകർത്തത്.