കോട്ടയം: വായ്പ വാഗ്‌ദാനം ചെയ്ത് രണ്ട് കോടിയോളം രൂപ തട്ടിച്ചെടുത്ത രാജ്കുമാറിനെ ക്രൂരമർദ്ദനത്തിനും ഉരുട്ടലിനും ഇരയാക്കിയത് കേസ് തെളിയിക്കാനല്ല, പണം അടിച്ചുമാറ്റാനാണെന്ന് സംശയം ഉയരുന്നു. പണം കണ്ടെത്തി അതിന്റെ വിഹിതം തട്ടിയെടുക്കാനുള്ള പൊലീസിലെ ചിലരുടെ ശ്രമമാണ് കസ്റ്റഡിമരണത്തിൽ കലാശിച്ചതെന്നാണ് ലഭിക്കുന്ന വിവരം. രാജ്കുമാറിന്റെ കൈയിൽ കോടികളുണ്ടെന്നും കേസ് തെളിഞ്ഞാൽ ലക്ഷങ്ങൾ കൈക്കലാക്കാമെന്നുമായിരുന്നു നെടുങ്കണ്ടം സ്റ്റേഷനിലെ ഡ്രൈവർമാരായ രണ്ട് പൊലീസുകാരുടെ കണക്കുകൂട്ടിയിരുന്നതത്രേ. ഇതിന് ഒത്താശ ചെയ്തത് ഒരു എ.എസ്.ഐ ആണെന്നും കണ്ടെത്തിയിട്ടുണ്ട്. ഇവർ മൂവരും ഇപ്പോൾ സസ്പെൻഷനിലാണ്. കൂടാതെ അറസ്റ്റ് ചെയ്തുകൊണ്ടു വന്ന എസ്.ഐയും സർവീസിന് പുറത്താണ്.
തൂക്കുപാലത്തെ സർവീസ് സഹകരണ ബാങ്കുമായി ബന്ധിച്ചാണ് രാജ്കുമാർ പണമിടപാടുകൾ നടത്തിയിരുന്നത്. രാജ്കുമാറിന്റെ നിർദ്ദേശപ്രകാരം ലോണിനായി അയ്യായിരത്തോളം പേർ ഇവിടെ അക്കൗണ്ട് തുടങ്ങിയിരുന്നു. അക്കൗണ്ടിൽ വരുന്ന പണം രണ്ടുദിവസത്തിനുള്ളിൽ രാജ്കുമാർ പിൻവലിച്ചിരുന്നു. ഇത് ബാങ്ക് ഉദ്യോഗസ്ഥരോ ഭരണസമിതിയോ അറിയാതെ നടക്കാൻ സാദ്ധ്യതയില്ലെന്നും സൂചനയുണ്ട്.
ഒരു കോടി രൂപ ഒരാൾക്ക് കടമായി നല്കിയിരുന്നതായി രാജ്കുമാർ പൊലീസിനോട് പറഞ്ഞിരുന്നു. ആ പ്രമുഖന്റെ പേര് പറഞ്ഞതോടെയാണ് കിരാതമർദ്ദനം ആരംഭിച്ചതെന്ന് സംശയമുണ്ട്. കൂടാതെ 60 ലക്ഷം രൂപ വട്ടിപ്പലിശക്ക് പലർക്കായി നല്കിയിരുന്നു. ഇതിൽ 72,500 രൂപ മാത്രമേ കണ്ടെടുക്കാൻ പൊലീസിന് കഴിഞ്ഞുള്ളൂ. ബാക്കി പണം എവിടെയെന്നാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. ചില രാഷ്ടീയ നേതാക്കളെ ചുറ്റിപ്പറ്റി ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചതായും അറിയുന്നു.
രാജ്കുമാറിന്റേത് കസ്റ്റഡി മരണമാണെന്നും ക്രൂരമായ മർദ്ദനത്തിന് ഇടയായതായും ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന് ബോധ്യമായിട്ടുണ്ട്. അതേസമയം കേസ് വഴി തിരിച്ചുവിടാൻ പൊലീസിന്റെ ഭാഗത്തുനിന്ന് ശ്രമം തുടരുകയാണ്. തട്ടിപ്പിന് ഇരയായവർ കൂട്ടംകൂടി രാജ്കുമാറിനെ മർദ്ദിച്ചുവെന്നാണ് ഇപ്പോൾ പൊലീസ് പറയുന്നത്. പക്ഷേ, രാജ്കുമാറിനെ അറസ്റ്റ് ചെയ്ത് സ്റ്റേഷനിലെത്തിച്ചപ്പോൾ മർദ്ദനമേറ്റ ലക്ഷണങ്ങളൊന്നുമില്ലായിരുന്നു. സ്റ്റേഷനിലേക്ക് നടന്നുകയറുന്ന ദൃശ്യങ്ങൾ സ്റ്റേഷനിലെ സി.സി.ടി.വി യിൽ പതിഞ്ഞിട്ടുണ്ട്. ഇത് ഇന്നലെ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം പരിശോധിച്ചിരുന്നു. എന്നാൽ കൂടുതൽ ദൃശ്യങ്ങൾ പിന്നീട് മായ്ച്ചു കളഞ്ഞതായി കണ്ടെത്തിയിട്ടുണ്ട്. എന്തിന് ഇത് ചെയ്തുവെന്ന ചോദ്യം നിലനിൽക്കുകയാണ്. ക്രൈംബ്രാഞ്ച് സംഘത്തലവൻ ഐ.ജി ഗോപേഷ് അഗർവാൾ ഇന്നലെ നെടുങ്കണ്ടം പൊലീസ് സ്റ്റേഷൻ, രാജ്കുമാറിന്റെ വീട്, പീരുമേട് സബ് ജയിൽ എന്നിവിടങ്ങൾ സന്ദർശിച്ചിരുന്നു. രാജ്കുമാറിന്റെ ഭാര്യയുമായും അമ്മയുമായും സംസാരിച്ചു.