നാരായണ ഗുരുകുലത്തിന്റെ ഒരഭ്യുദയകാംക്ഷി ഒരു കത്തെഴുതി അയച്ചിരിക്കുന്നു. കഴിഞ്ഞ ഗുരുകുല കൺവെൻഷനിൽ ആദ്യമായി പങ്കെടുത്തയാളാണ്. നടരാജഗുരുവിനെയും ഗുരു നിത്യചൈതന്യയതിയെയും പോലെ ജാതിമതങ്ങൾക്കതീതവും ശാസ്ത്രീയവുമായ ചിന്താപാരമ്പര്യം ഇപ്പോഴും തുടർന്നു പോകുന്നതിൽ അഭിനന്ദനം രേഖപ്പെടുത്തിയിരിക്കുന്നു.
കൺവെൻഷന്റെ ഭാഗമായി നടന്ന സെമിനാറുകളിൽ അവതരിപ്പിച്ച പ്രബന്ധങ്ങൾ സാധാരണക്കാർക്ക് രുചിക്കാത്തതായിപ്പോകുന്നു എന്ന് പരാതി. ഈ പ്രബന്ധങ്ങൾ അവതരിപ്പിക്കുന്നത് ദാർശനികചിന്തയിൽ താത്പര്യമുള്ളവർക്കു വേണ്ടിയാണ്. അതുകൊണ്ടാണ് സദസിൽ ആയിരക്കണക്കിന് കേൾവിക്കാർ ഉണ്ടാകാത്തത്.
പ്രബന്ധാവതാരകർ ചോദ്യങ്ങൾക്കുള്ള മറുപടി പറയുമ്പോൾ, ചിലർ, 'ഈ ചോദ്യത്തിനുള്ള ഉത്തരം പറയാനറിഞ്ഞുകൂടാ" എന്നു പറയുന്നു. അത് ഒഴിവാക്കണം.
പ്രബന്ധാവതാരകരെല്ലാം ഗുരുകുലത്തിലെ പഠനസംഘത്തിലെ വിദ്യാർത്ഥികളാണ്. അവരിൽ മുതിർന്നവരും ഉണ്ടെന്നുമാത്രം. അവർക്കു പ്രത്യേകമായി കൊടുത്തിട്ടുള്ള നിർദ്ദേശമാണ് ഉത്തരം പറയാനാകാത്ത ചോദ്യങ്ങൾ ചർച്ചയിൽ വന്നാൽ, ആ കഴിവില്ലായ്മ തുറന്നു സമ്മതിക്കുകതന്നെ വേണം എന്ന്; എന്തെങ്കിലും പറഞ്ഞ് രക്ഷപ്പെടുന്ന ഒരു രീതിയുണ്ട്, അത് സ്വീകരിക്കരുതെന്ന്. ഈ വഴി തന്നെയാണ് ഇന്നുവരെ ഞാനും സ്വീകരിച്ചിട്ടുള്ളത്.
ലോകത്തിൽ ആരുണ്ട്, എല്ലാ ചോദ്യങ്ങൾക്കും ഉത്തരം പറയാൻ കഴിവുള്ളവരായിട്ടും, എല്ലാം അറിഞ്ഞവരായിട്ടും? ആ സ്ഥിതിക്ക് സ്വന്തം അറിവിന്റെ പരിമിതി തുറന്നു സമ്മതിക്കുന്നതിൽ എന്തു ദോഷമാണുള്ളത്? മറിച്ച്, കൂടുതൽ പഠിക്കാനുള്ള മനസ് അപ്പോൾ ഉണ്ടാവുകയും ചെയ്യും.
സ്വന്തം കഴിവുകേട് സമ്മതിക്കുന്നതിൽ ഒരു തുറന്ന മനസുണ്ട്. എന്തെങ്കിലും പറഞ്ഞ് തടിതപ്പുന്നതിൽ കാപട്യമാണുള്ളത്.
ഉപനിഷത്തുകളിൽപ്പോലുമുണ്ട്, ഉത്തരം പറയാൻ പ്രയാസമുള്ള ചോദ്യങ്ങൾ ചോദിക്കുന്ന ശിഷ്യന്മാരോട്, 'നീ അതിപ്രശ്നം ചോദിക്കുകയാണ്" എന്നു പറയുന്ന മഹാഗുരുക്കന്മാർ. അപ്പോൾ സാധാരണക്കാരുടെ കാര്യം പറയാനുണ്ടോ?