സിന്ധുനദീതട സംസ്കാരത്തിന്റെ ഭാഗമായുണ്ടായ ചില ആചാരങ്ങളുടെ കൂട്ടത്തിലുള്ളതാണ് ബിംബാരാധന. ബിംബങ്ങൾ പലതുണ്ട്. ബിംബം ചുമക്കുന്ന കഴുതകളുമുണ്ട്. ആ കഴുത കരുതും ഞാൻ തന്നെയാണ് ബിംബം എന്ന്. തന്റെ ചുമലിലെ ബിംബത്തെയല്ല, തന്നെത്തന്നെയാണ് ആളുകളെല്ലാം തൊഴുന്നത് എന്നാണ് കഴുത കരുതാറ്. വാല് മുളച്ച ബിംബങ്ങളും ആല് മുളച്ച ബിംബങ്ങളുമുണ്ട്. വാല് മുളച്ചാലുള്ള ഗുണം വാല് ആട്ടിക്കൊണ്ടേയിരിക്കാം എന്നതാണ്. ആല് മുളച്ച ബിംബമാണെങ്കിൽ ആ ബിംബത്തിനരികിൽ നല്ല തണൽ കിട്ടും. ഇത്തരം ബിംബങ്ങൾ മറ്റേത് പോലെ അപകടകാരികളല്ല
എന്നാൽ അപകടകരമായ ബിംബങ്ങളോടെല്ലാം 'കടക്ക്, പുറത്ത് "എന്ന് പണ്ടേക്ക് പണ്ടേ കല്പിച്ചിട്ടുള്ളതാണ് നമ്മുടെ പാർട്ടി. ദ്രാവിഡന്മാർ, ആര്യന്മാർ, സിന്ധുനദീതടം, ഉലക്കേടെ മൂട് എന്ന മട്ടിലേ നമ്മൾ കാര്യങ്ങളെയെല്ലാം വിലയിരുത്താറുള്ളൂ. അത്തരം ബിംബങ്ങളുണ്ടായാൽ പല വിധങ്ങളായ ശല്യങ്ങളാണ്. അതൊന്നും അഡ്ജസ്റ്റ് ചെയ്യാൻ നമുക്കാവില്ല. ഈ പാർട്ടി ഒരു പ്രത്യേകതരം പാർട്ടിയായത് കൊണ്ടാണത്. ഈ പാർട്ടിയെപ്പറ്റി നിങ്ങൾക്കൊരു ചുക്കും അറിയില്ല എന്ന്, ബിംബത്തെ കാണുന്നത് തന്നെ അലർജിയായിട്ടുള്ള മഹാസാധു പി. സഖാവ് പണ്ടേ കല്പിച്ചിട്ടുണ്ട്. കോടിയേരിസഖാവാണെങ്കിൽ സ്വന്തം കേടായ 'ബിംബഭാരങ്ങളുടെ" കേട് മാറ്റാനാവാത്ത ഗതിയിലും !
ബിംബത്തെ കണ്ടാലോ ബിംബം ചുമക്കുന്ന കഴുതയെ കണ്ടാലോ സമയമോ സന്ദർഭമോ നോക്കാതെ ആളുകൾ ചാടിവീഴും. ആളുകൾ പിന്നാലെ വരുന്നതോ ആളുകളുടെ പിന്നാലെ പോകുന്നതോ നമുക്കൊട്ടും ചേരുന്ന ഏർപ്പാടല്ല. അല്ലെങ്കിൽത്തന്നെ മഹാശല്യങ്ങളാണ് ഈ ജനം. അവറ്റകളെ പരമാവധി അകറ്റുക, അവറ്റകളിൽ നിന്നും സാദ്ധ്യമാകുന്നിടത്തോളം ഒഴിഞ്ഞൊഴിഞ്ഞ് പോവുക. എന്നിട്ടും മാറാൻ ഭാവമില്ല എന്നാണെങ്കിൽ കൈയിൽ വല്ല കുടയോ വടിയോ കരുതുക. എന്നിരുന്നാലും വോട്ട് കുത്തേണ്ടി വരുമ്പോൾ സ്ഥിതി മാറും. വോട്ട് കുത്തേണ്ടത് കഴുതജന്മങ്ങളായതിനാൽ അവിടെ ചില ബിംബങ്ങളെ വേണ്ടിവരും.
ഇതൊന്നും ചെയ്ത് ശീലമില്ലാത്തവർക്ക് വേണ്ടുംവിധം സ്റ്റഡി ക്ലാസ്സിൽ പങ്കെടുക്കാത്തതിന്റെ കുഴപ്പമാണ്. (പാർട്ടി ജനങ്ങളിൽ നിന്ന് വേണം അകലാൻ എന്നാണ് കേന്ദ്രകമ്മിറ്റി എഴുതേണ്ടിയിരുന്നത് എങ്കിലും എന്തോ വ്യാകരണപ്പിശക് കാരണം ജനങ്ങളിൽ നിന്ന് അകലുന്നു എന്നെഴുതിപ്പോയി. അത് സാരമാക്കേണ്ട.)
പണ്ട് ബിംബം ചുമന്ന് നടന്ന കഴുതയാവാൻ വിധിക്കപ്പെട്ട ഒരു ജന്മം ഉണ്ടായിരുന്നു. അദ്ദേഹത്തിന് ഒരു ജന്മം എന്ന ആത്മകഥയെഴുതി ഒടുവിൽ തൃപ്തിപ്പെടേണ്ടിയും വന്നു. എടോ രാഘവോ എന്ന് ഈയെമ്മെസ് നീട്ടിവിളിച്ചപ്പോൾ അക്കാര്യത്തിലൊരു തീരുമാനമായിട്ടുണ്ടാകണം എന്നാണ് പറയപ്പെടുന്നത്. അന്ന് എടോ രാഘവോ എന്ന് നീട്ടിവിളിക്കാൻ ഈയെമ്മെസിന്റെ കൂടെ വിയെസെന്നൊരു ജന്മവുമുണ്ടായി. കേരം തിങ്ങും നാട് ഭരിക്കാൻ ഏതോ ഗൗരി വരുന്നെന്ന് കേട്ട മാത്രയിൽ മറ്റൊരു ബിംബകല്പന രൂപപ്പെടുന്നുവെന്ന് കണ്ട് ഫലപ്രദമായി തടയിട്ടതും മറ്റാരുമല്ല.
കാലാന്തരത്തിൽ ബിംബം ചുമക്കുന്ന കഴുതയാവാനുള്ള നിയോഗം വീയെസ്സിനുമുണ്ടായി. അന്ന് ബിംബം ചുമക്കുന്ന കഴുതയെ ചൂണ്ടിക്കാട്ടാൻ ശേഷിയും ശേമുഷിയുമുണ്ടായത് ഒരു ചെഞ്ചോരപ്പൊൻ കതിരിനാണ്. 'കണ്ണൂരിൻ താരകമല്ലോ ചെഞ്ചോരപ്പൊൻ കതിരല്ലോ" എന്ന് ആളുകളിപ്പോൾ നീട്ടിപ്പാടുന്നത് ഈ കതിരിന് വേണ്ടിയാണ്. അത് ഈ കതിരിലും ബിംബത്തിന്റെ ഭാവഹാവാദികൾ കണ്ട് തുടങ്ങിയതിനാലാണ്.
ബിംബങ്ങളുണ്ടായി, ആരാധിക്കാനെത്തുന്ന ജനത്തിന്റെ ശല്യം സഹിക്കുകയെന്ന് വരുന്നത് നല്ല ബുദ്ധിമുട്ടുള്ള ഏർപ്പാടായത് കൊണ്ട് മാത്രമാണ് പി. സഖാവ് ചില മുന്നറിയിപ്പുകൾ നൽകിയത്. കേട്ടിട്ടും പഠിച്ചില്ലെങ്കിൽ കൊണ്ടുതന്നെ പഠിക്കുന്നതാണ് കതിരുകൾക്ക് നല്ലത്!
കേരളത്തിന്റെ ദേശീയ പക്ഷി വേഴാമ്പലും ദേശീയ മൃഗം കടുവയുമാണ്. എന്നാൽ കേരളത്തിന്റെ ദേശീയ മുസ്ലിം ആരാണെന്ന ചോദ്യം ഇത്രയും കാലം പി.എസ്.സി അംഗങ്ങളെ പോലും കുഴപ്പിച്ച പ്രഹേളികയായിരുന്നു. എന്തിനധികം പൂഞ്ഞാർ കടുവ പി.സി. ജോർജിന് പോലും അതിന്റെ ഉത്തരമറിയില്ലായിരുന്നു. ഒരുവിധപ്പെട്ട പ്രശ്നങ്ങൾക്കെല്ലാം പ്രതിവിധിയുണ്ടാക്കാനുള്ള സാധനസാമഗ്രികൾ ജോർജിന്റെ കുംഭയ്ക്കകത്ത് കരുതിവച്ചിട്ടുള്ളതാണ്. അവസാനം ഉത്തരം തരാൻ ആ 'ഉത്തരം' തന്നെ വരേണ്ടിവന്നു! അതേ അബ്ദുള്ളക്കുട്ടി തന്നെയാണ് ആ സമസ്യക്കൊരു പരിഹാരമുണ്ടാക്കിയിരിക്കുന്നത്. ഇനി പി.എസ്.സി അംഗങ്ങൾക്കും സമാധാനമായി ഉറങ്ങാം, താമര വിട്ട് അബ്ദുള്ളക്കുട്ടി അടുത്ത പാർട്ടിയായ നോട്ടയിലേക്ക് പോകുന്നത് വരെയെങ്കിലും!
ഇ-മെയിൽ: dronar.keralakaumudi@gmail.com