സംസ്ഥാനത്തെ അമ്പേ തകർത്ത മഹാപ്രളയം കടന്നുപോയിട്ട് വർഷം ഒന്നാകാൻ പോകുന്നു. പ്രളയം നാനാമേഖലകളിലുമുണ്ടാക്കിയ നാശനഷ്ടങ്ങളുടെ ശേഷിപ്പുമായി ഞെരുങ്ങി കഴിയേണ്ട സ്ഥിതിയിലാണ് സംസ്ഥാനം. പ്രളയ പുനരധിവാസവും പുനർനിർമ്മാണവും ഏതാണ്ട് തുടങ്ങിയിടത്തു തന്നെ നിൽക്കുകയാണ്. മുപ്പത്തയ്യായിരം കോടി രൂപയുണ്ടെങ്കിലേ ഇതൊക്കെ നല്ലനിലയിൽ പൂർത്തിയാക്കാനൊക്കൂ എന്നാണ് വിദഗ്ദ്ധ റിപ്പോർട്ട്. പ്രതീക്ഷിച്ചതുപോലുള്ള സഹായമൊന്നും ലഭിക്കാത്തതാണ് പുനർനിർമ്മാണ പ്രവർത്തനങ്ങൾക്കു തടസമായത്. ലോകത്തിന്റെ നാനാഭാഗങ്ങളിലുമുള്ള പ്രവാസി മലയാളികൾ ആവുന്നത്ര സഹായം എത്തിച്ചിരുന്നു. ഉദാരമതികളായ മറ്റനേകം പേരും സഹായത്തിന് ഓടിയെത്തി. അനവധി സംഘടനകളും സ്ഥാപനങ്ങളും സംസ്ഥാനത്തിന്റെ രക്ഷയ്ക്കെത്തി. ഇതൊക്കെ ലഭിച്ചിട്ടും ഉദ്ദേശിച്ച തോതിൽ പുനരധിവാസ - പുനർനിർമ്മാണ പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ സർക്കാരിനു സാധിച്ചില്ലെന്നത് യാഥാർത്ഥ്യമാണ്. സർക്കാർ നടപടിക്രമങ്ങളിലെ കാലതാമസവും ഉദ്യോഗസ്ഥന്മാരുടെ മെല്ലെപ്പോക്കുമെല്ലാം ഇതിനു കാരണമായിട്ടുണ്ട്.
ഭാരിച്ചചെലവും അദ്ധ്വാനവും വേണ്ടിവരുന്ന പുനർനിർമ്മാണ പ്രവർത്തനങ്ങൾക്കായി സംസ്ഥാനത്തിന് 1726 കോടി രൂപയുടെ ലോകബാങ്ക് വായ്പ ലഭിക്കാനുള്ള വഴി തെളിഞ്ഞിരിക്കുകയാണ്. ലോകബാങ്കിന്റെയും കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെയും പ്രതിനിധികൾ ഇതിനായി കഴിഞ്ഞ ദിവസം ഡൽഹിയിൽ കരാർ ഒപ്പുവയ്ക്കുകയും ചെയ്തു. വായ്പാ തിരിച്ചടവിന് മുപ്പതുവർഷത്തെ കാലാവധി ലഭിക്കും. 1200 കോടി രൂപയ്ക്ക് ഒന്നര ശതമാനവും ശേഷിക്കുന്ന തുകയ്ക്ക് അഞ്ച് ശതമാനവുമാണ് പലിശ. ആദ്യ അഞ്ച് വർഷം തിരിച്ചടവിന് ഇളവും ലഭിക്കും. പ്രളയാനന്തരം സംസ്ഥാനം സന്ദർശിച്ച് നാശനഷ്ടങ്ങളുടെ വിശദമായ കണക്കുകൾ ലോകബാങ്ക് പ്രതിനിധിസംഘം ശേഖരിച്ചിരുന്നു. 3500 കോടി രൂപയുടെ സഹായം നൽകാമെന്നും ഏറ്റിരുന്നു. അതിൽ നിന്നാണ് അടുത്ത മാസം 1726 കോടി രൂപ അനുവദിക്കുന്നത്. ഈ വായ്പ എങ്ങനെ വിനിയോഗിക്കുന്നു എന്നു വിലയിരുത്തിയ ശേഷമാകും അടുത്ത ഗഡു അനുവദിക്കുക. ജലവിതരണം, കാർഷിക മേഖലയുടെ പുനരുജ്ജീവനം, വിള ഇൻഷ്വറൻസ്, റോഡ് പുനർനിർമ്മാണം, അഴുക്കുചാൽ നിർമ്മാണം, അപകടമേഖലയിലെ ഭൂസ്ഥിതി വിവരശേഖരണം തുടങ്ങിയ കാര്യങ്ങൾക്കായിട്ടാണ് ലോകബാങ്ക് വായ്പ പ്രയോജനപ്പെടുത്തേണ്ടത്. വകമാറ്റിയുള്ള ചെലവ് അനുവദനീയമല്ല. അതിനാൽ വായ്പത്തുകയുടെ വിനിയോഗത്തിൽ കർക്കശമായ നിരീക്ഷണവും നിയന്ത്രണവും വേണ്ടിവരും.
ലോകബാങ്കിന്റെ പണമാകയാൽ തോന്നുംപടി ചെലവഴിച്ചുകളയാം എന്നൊരു പൊതുധാരണയുണ്ട്. മുൻകാല അനുഭവങ്ങളും അതിനു കൂട്ടായി ഉണ്ട്. കെട്ടിടങ്ങൾ കെട്ടിയും വാഹനങ്ങൾ വാങ്ങിയും ഉദ്യോഗസ്ഥർ ധൂർത്തടിച്ചും വായ്പാപ്പണം കൊണ്ട് ദീപാളി കുളിച്ചും 'നാടു നന്നാക്കിയ" അനുഭവങ്ങളാണ് മുന്നിൽ അധികവും. സുനാമി ഉണ്ടായ കാലത്തു ലഭിച്ച സഹായം കൊണ്ട് ഹൈറേഞ്ചിൽ റോഡും കെട്ടിടങ്ങളും നിർമ്മിച്ച് സുനാമി പ്രതിരോധം തീർത്ത വിദ്വാന്മാരുള്ള നാടാണിത്. അതുകൊണ്ട് പ്രളയാനന്തര പുനർ നിർമ്മാണത്തിനായുള്ള ലോകബാങ്ക് സഹായത്തിന്റെ ഔചിത്യപൂർണമായ വിനിയോഗം ഉറപ്പാക്കാൻ സർക്കാർ സവിശേഷ ശ്രദ്ധ പുലർത്തേണ്ടിയിരിക്കുന്നു.
പുനർനിർമ്മാണ പ്രവൃത്തികളുടെ വൈപുല്യം പരിശോധിച്ചാൽ ലോകബാങ്ക് സഹായം ഒന്നിനും മതിയാകില്ല. എങ്കിലും കുറെ പദ്ധതികൾ പൂർത്തീകരിക്കാൻ ഈ വായ്പ സഹായകമാകും. ഒന്നും കിട്ടാതിരിക്കുന്നതിൽ ദേദമാണല്ലോ കുറച്ചെങ്കിലും സഹായം കിട്ടുന്നത്. പ്രളയ നാളുകളിൽ സംസ്ഥാനം സന്ദർശിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യമായ എല്ലാ സഹായവും എത്തിക്കുമെന്ന് ഉറപ്പു നൽകിയാണ് മടങ്ങിയത്. ഡൽഹിയിൽ തിരിച്ചെത്തിയതോടെ കേരളത്തിന് നൽകിയ വാഗ്ദാനം അദ്ദേഹം മറന്നു. അഞ്ഞൂറുകോടി രൂപയുടെ ആദ്യ സഹായത്തിനു പുറമെ പിന്നീട് അധികമൊന്നും കിട്ടിയില്ല. പലകുറി മുഖ്യമന്ത്രി ഒറ്റയ്ക്കും മന്ത്രിമാരുൾപ്പെട്ട പ്രതിനിധി സംഘത്തോടൊപ്പവും പ്രധാനമന്ത്രിയെ കണ്ടെങ്കിലും ഫലമൊന്നുമുണ്ടായില്ല. ഇതിനിടെ ചില വിദേശരാജ്യങ്ങൾ മുന്നോട്ടുവച്ച സഹായം സ്വീകരിക്കുന്നതിന് കേന്ദ്രം വിലക്ക് ഏർപ്പെടുത്തിയത് കേരളത്തെ കൂടുതൽ വലയ്ക്കുകയും ചെയ്തു. ഏതായാലും ലോകബാങ്ക് സഹായത്തിന് ഇതുപോലുള്ള തടസമൊന്നുമുണ്ടാകാതിരുന്നത് മലയാളികളുടെ ഭാഗ്യമായി കരുതാം.
ലോകബാങ്ക് സഹായം ശരിയായിത്തന്നെ ചെലവഴിക്കുന്നതിലാണ് സംസ്ഥാനം ഇനി മിടുക്കു കാണിക്കേണ്ടത്. സമയബന്ധിതമായി പുനർനിർമ്മാണ പദ്ധതികൾ പൂർത്തിയാക്കുകയും വേണം. ഇവിടത്തെ രീതികൾ വച്ചുനോക്കിയാൽ റെക്കാഡ് അത്രയൊന്നും അഭിമാനാർഹമല്ലെന്നു കാണാനാവും. പ്രളയത്തിൽ വീടുകളും മറ്റു ജീവനോപാധികളും നഷ്ടപ്പെട്ടവർ സഹായത്തിനായി പലവട്ടം സർക്കാരാഫീസുകൾ കയറിയിറങ്ങേണ്ടിവന്നത് മറക്കാറായിട്ടില്ല. സഹായം ഇനിയും ലഭിക്കാത്തവരും കൂട്ടത്തിലുണ്ട്. കിടപ്പാടം പുനർ നിർമ്മിക്കാനായി സഹായം തേടി എത്തിയവരെ സാങ്കേതികത്വം പറഞ്ഞ് മടക്കി അയച്ച ആയിരക്കണക്കിനു കേസുകളുണ്ട്. ദുരന്തകാലത്ത് ചെയ്യരുതാത്ത കാര്യങ്ങളാണിതൊക്കെ. നാലുലക്ഷത്തോളം കുടുംബങ്ങളെ ബാധിച്ച പ്രളയത്തിന്റെ ഞെട്ടിക്കുന്ന ഓർമ്മകളിൽ നിന്ന് ജനങ്ങൾ ഇനിയും പൂർണമായും മോചിതരായിട്ടില്ല. പുനരധിവാസ - പുനർനിർമ്മാണ പ്രവർത്തനങ്ങൾ വർദ്ധിത വീര്യത്തോടെ ഏറ്റെടുക്കുന്നതിലൂടെ വേണം ദുരന്ത സ്മരണകളിൽ നിന്ന് കേരളം കരകയറാൻ.