കാട്ടാക്കട: ആര്യനാട് ഡിപ്പോയിൽ നിന്നും സർവീസ് നടത്തിയിരുന്ന ഓണംകോട് ബസ് നിറുത്തലാക്കിയതോടെ ജനം നട്ടംതിരിയാൻ തുടങ്ങി. കഴിഞ്ഞ 15 വർഷമായി ഓണംകോട് വഴി യാത്രചെയ്ത് ബസാണ് പരിഷ്കാരങ്ങൾക്കൊടുവിൽ നിറുത്തലാക്കിയത്. ഇവിടുത്തുകാർക്ക് തിരുവനന്തപുരത്തെത്താനുള്ള ആകെ ആശ്രയമായിരുന്നു ഈ സർവീസ്. ഇത് നിറുത്തലാക്കിയിട്ട് ആറ് മാസത്തോളമായി. കോടതി വിധിയെത്തുടർന്ന് എംപാനൽ കണ്ടക്ടർമാരെ പിരിച്ചുവിട്ടതോടെയാണ് ഗ്രാമീണമേഖലയിലേക്കുള്ള പല സർവീസുകളും കെ.എസ്.ആർ.ടി.സി നിറുത്തലാക്കിയത്. ദിവസവും നാല് ട്രിപ്പുകളുണ്ടായിരുന്ന സർവീസ് നിറുത്തലാക്കിയതോടെ പൂവച്ചൽ പഞ്ചായത്തിലെ ഓണംകോട്, പാലേലി, കാക്കാമുകൾ പ്രദേശത്തെ ജനങ്ങൾ ദുരിതത്തിലായി. രാവിലെ വൈകിട്ടും ഈ ബസിനെ ആശ്രയിച്ചിരുന്നത് വിദ്യാർത്ഥികളും ടൗണിലെ വീടുകളിൽ ജോലിക്കുപോകുന്ന സ്ത്രീകളും കൂലിവേലക്കാരുമാണ്. ഇവരെല്ലാം ഇപ്പോൾ ഏറെ ദൂരം നടക്കേണ്ട അവസ്ഥയാണ്. ഈ ബസിന് പകരം മറ്റ് ഡിപ്പോകളിലെ സർവീസുകളോ സമാന്തര സർവീസുകളൊ ഇല്ലാത്തതും ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണ്.

സർവീസ് നിറുത്തലാക്കിയതോടെ നിരവധി തവണ ഓണംകോട് വാർഡ് മെമ്പർ ആര്യനാട് ഡിപ്പോയുടെ ചാർജുള്ള വെള്ളനാട് എ.ടി.ഒയെയും ഇൻസ്പക്ടർമാരെയും സമീപിച്ചെങ്കിലും സർവീസ് തുടരുന്നകാര്യത്തിൽ മാറ്റമുണ്ടായിട്ടില്ല. എ.ടി.ഒയെ അധിക്ഷേപിച്ച ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാപ്പ് പറയണമെന്ന നിലപാടിലാണ് അധികൃതർ. എന്നാൽ ജനപ്രതിനിധിയും അധികൃതരും തമ്മിലുള്ള തർക്കത്തിൽ നാട്ടുകാരെന്ത് പിഴച്ചെന്നാണ് നാട്ടുകാരുടെ ചോദ്യം.

കിലോമീറ്ററുകളോളം സഞ്ചരിച്ചാലെ മെയിൽ റോഡിൽ എത്താൻ കഴിയു. ഈ സാഹചര്യത്തിലും ഇത്രയും ദൂരം നടന്നാണ് വിദ്യാർത്ഥികൾ ഉൾപ്പടെയുള്ളവരുടെ യാത്ര. ഇത്രയും ജനങ്ങളുടെ ദുരിതത്തിന്റെ ആക്കെ കൂട്ടാതെ എത്രയും പെട്ടന്ന് നിറുത്തലാക്കിയ സർവീസ് പുനരാരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.