സ്വാമി ശാശ്വതികാനന്ദ സമാധിയായിട്ട് ഇന്ന് പതിനേഴുവർഷം തികയുന്നു. ദുഃഖസ്മരണകളുണർത്തുന്ന ആ ദിനം കടന്നുപോകുമ്പോൾ സംഭവബഹുലമായ ആ ജീവിതത്തിലേക്ക് ഒന്ന് തിരിഞ്ഞുനോക്കാൻ ശ്രമിക്കുകയാണ്.
തിരുവനന്തപുരം മണക്കാട് കുത്തുകല്ലും മൂട്ടിൽ ചെല്ലപ്പന്റെയും കൗസല്യയുടെയും മൂത്ത പുത്രനായി 1950 ഫെബ്രുവരി 21ന് രേവതി നക്ഷത്രത്തിൽ ജനനം. പൂർവാശ്രമത്തിൽ ശശിധരൻ എന്നായിരുന്നു പേര്. മണക്കാട് കൊഞ്ചിറവിള സ്കൂളിലും എസ്.എം.വി സ്കൂളിലുമായി സ്കൂൾ വിദ്യാഭ്യാസം. മറ്റുള്ള കുട്ടികൾ കളിച്ചും ഉല്ലസിച്ചും നടക്കുമ്പോൾ ശശിധരൻ ശാന്തനായി ഏകാന്തതയിൽ ഇരിക്കുമായിരുന്നു. പൊതുവെ മിതഭാഷിയായിരുന്ന ശശിധരൻ പഠനത്തിൽ അസാമാന്യമായ മികവ് കാട്ടിയിരുന്നു. ബാല്യം സന്തോഷപ്രദമായിരുന്നില്ല. ശശി, രാജേന്ദ്രൻ, ശാന്ത, വിജയൻ, ശകുന്തള എന്നീ സഹോദരങ്ങളുമുണ്ട്. 14-ാം വയസിൽ അച്ഛൻ മരിച്ചപ്പോൾ കുടുംബത്തിന്റെ സ്ഥിതി മോശമായി. മക്കൾക്ക് വിദ്യാഭ്യാസം കൊടുക്കാൻ വളരെ ബുദ്ധിമുട്ടുണ്ടായിരുന്നു. ശശിയുടെ അമ്മയുടെ അച്ഛന്റെ അനുജൻ കുമാരാനന്ദസ്വാമികൾ അന്ന് ശിവഗിരി മഠത്തിൽ ശ്രീനാരായണഗുരുദേവന്റെ ശിഷ്യനും സന്യാസിയുമായിരുന്നു. പിൽക്കാലത്ത് അദ്ദേഹം ധർമ്മസംഘം പ്രസിഡന്റുമായി. ശശിയിൽ പ്രകടമായ ആത്മീയ തേജസ് മനസിലാക്കിയ കുമാരാനന്ദസ്വാമികൾ ശശിധരനെയും രാജേന്ദ്രനെയും മഠത്തിൽ നിറുത്തി പഠിപ്പിക്കാൻ തീരുമാനിച്ചു. ചെറിയ കുട്ടിയായ രാജേന്ദ്രൻ അമ്മയെ പിരിഞ്ഞുപോകാൻ തയാറായില്ല. 14-ാമത്തെ വയസിൽ ശശിധരൻ ശിവഗിരി ഹൈസ്കൂളിൽ തുടർപഠനം നടത്തി. ഒപ്പം ശാരദാമഠത്തിലെ ശാന്തിപ്പണിയും ചെയ്യുമായിരുന്നു.
ശ്രീനാരായണഗുരുവിനെയും ശിഷ്യന്മാരെക്കുറിച്ചും വിശിഷ്യ നടരാജഗുരു, ഗുരു നിത്യചൈതന്യയതി എന്നിവരുടെ പുസ്തകങ്ങളിൽ ഏറെ താത്പര്യം പ്രകടിപ്പിച്ചിരുന്നു ശശിധരൻ. ഗുരുദേവകൃതികളും വേദോപനിഷത്തുകളും ചെറുപ്രായത്തിൽ തന്നെ ഹൃദിസ്ഥമാക്കി. എസ്.എസ്.എൽ.സി പാസായശേഷം അവിടെനിന്നും തൃശൂരിലെ പുറനാട്ടുകരയിലെ ശ്രീരാമകൃഷ്ണാശ്രമത്തിൽ അന്തേവാസിയായി. ആശ്രമാധിപൻ ഇൗശ്വരാനന്ദസ്വാമി ശശിധരനെ പേരൂർ മഠത്തിലേക്കയച്ചു. അതിനുശേഷം തൃപ്രയാർ യോഗിനിയമ്മയുടെ ആശ്രമത്തിൽ എത്തി. ശശിയുടെ അസാധാരണ ബുദ്ധിവൈഭവവും, അറിവും നേതൃത്വപാടവവും മനസിലാക്കിയ യോഗിനിയമ്മ ശശിയെ ശിവഗിരിമഠത്തിലേക്ക് തിരിച്ചയച്ചു.
1965 ൽ എസ്.എൻ കോളേജിൽ ചേരുകയും വർക്കല എസ്.എൻ കോളേജിലെ ബിരുദപഠനത്തിനുശേഷം 1972 ൽ ശിവഗിരിയിലെ ബ്രഹ്മവിദ്യാലയത്തിൽ ആദ്യബാച്ചിലെ വിദ്യാർത്ഥിയായി പഠനമാരംഭിച്ചു. സംസ്കൃത ഭാഷാപഠനവും വേദങ്ങളും ഉപനിഷത്തുകളും ഭാരതീയ ദർശനത്തിന്റെ വൈവിദ്ധ്യമാർന്ന തലങ്ങളും പുരാണങ്ങളും ഖുറാൻ, ബൈബിൾ തുടങ്ങിയ ഗ്രന്ഥങ്ങളും ഗഗനമായി മനസിലാക്കി. ഇത് ഗുരുദേവൻ അരുളി ചെയ്തതുപോലെ 'പല മതസാരവും ഏകം" എന്ന പൊരുളിലേക്ക് എത്തിചേരാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചു.
കുടുംബത്തിന്റെ പ്രാരാബ്ധം അറിയാമായിരുന്നിട്ടും കർമ്മം ആത്മീയതയാണെന്ന് മനസിലാക്കി , ലഭിച്ച സർക്കാർ ജോലി ഉപേക്ഷിച്ച് സന്യാസത്തിലേക്ക് ഇറങ്ങി . ബ്രഹ്മവിദ്യാലയത്തിലെ പഠനം സ്തുത്യർഹമായി വിജയിച്ചു. ശേഷം ഒരവധൂതനായി ചുറ്റിത്തിരിഞ്ഞ് ഹിമാലയ സാനുക്കളിൽ എത്തിച്ചേർന്നു. പലപ്പോഴും ആഹാരം പോലുമുണ്ടായിരുന്നില്ല. ശേഷം അന്നത്തെ ധർമ്മസംഘം പ്രസിഡന്റായിരുന്ന ബ്രഹ്മാനന്ദ സ്വാമികളിൽ നിന്ന് സന്യാസ ദീക്ഷ സ്വീകരിച്ച് ശശിധരൻ ശാശ്വതികാനന്ദ സ്വാമിയായി തീർന്നു. വിവിധ മഠങ്ങളിൽ സേവനമനുഷ്ഠിച്ച് ഒരു വർഷത്തിനുള്ളിൽ ശ്രീനാരായണധർമ്മസംഘം ട്രസ്റ്റ് ഡയറക്ടർ ബോർഡ് അംഗമായി.
1981 ൽ 31-ാം വയസിൽ ശ്രീനാരായണ മെഡിക്കൽ മിഷൻ ആശുപത്രിയുടെ സെക്രട്ടറിയായി. 1982 ൽ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് സെക്രട്ടറിയുമായി. ആ കാലയളവിലാണ് പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ പങ്കെടുപ്പിച്ചുകൊണ്ട് ശിവഗിരി തീർത്ഥാടനമഹാമഹം കനകജൂബിലി ആഘോഷം ചരിത്രസംഭവമാക്കിയത്. 34-ാമത്തെ വയസിൽ ശിവഗിരിമഠത്തിന്റെ മഠാധിപതിയായി. 12 വർഷം സേവനമനുഷ്ഠിച്ചു. ഇൗ കാലയളവിൽ ആഗോളതലത്തിൽ ഗുരുദേവദർശനങ്ങൾക്ക് പ്രചാരം സിദ്ധിച്ചു. 1985 ൽ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയെ പങ്കെടുപ്പിച്ചുകൊണ്ട് അരുവിപ്പുറം പ്രതിഷ്ഠയുടെ ശതാബ്ദി ആഘോഷവും സംഘടിപ്പിച്ചു.
മതേതരത്വത്തിനും മാനവമൈത്രിക്കും വേണ്ടി ശാശ്വതികാനന്ദസ്വാമി അനുഷ്ഠിച്ച സേവനത്തെ പരിഗണിച്ച് അദ്ദേഹത്തെ ശാന്തിഭൂഷൻ നൽകി ആദരിക്കുകയുണ്ടായി. ശ്രീനാരായണഗുരുവിന്റെ മതാതീത ആത്മീയതയുടെ പ്രവാചകനും മനുഷ്യസ്നേഹിയുമായ ശാശ്വതികാനന്ദസ്വാമി ഒരു മനുഷ്യജന്മത്തിൽ ചെയ്തുതീർക്കേണ്ട കാര്യങ്ങൾ ചുരുങ്ങിയ കാലംകൊണ്ട് ചെയ്തുതീർത്തിട്ടാണ് വിട വാങ്ങിയത്. ഇൗശ്വരചൈതന്യം തുളുമ്പുന്ന അക്ഷരങ്ങൾകൊണ്ട് മതാതീതയുടെ ആത്മീയതയുടെ അനുപമ സന്ദേശം സാധാരണക്കാരിൽ എത്തിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.
ശാശ്വതികാനന്ദസ്വാമിയുടെ സമാധിദിനാചരണം അദ്ദേഹത്തിന്റെ ജന്മനാട്ടിൽ രൂപീകരിച്ച ശ്രീമദ് ശാശ്വതികാനന്ദ സ്വാമി മെമ്മോറിയൽ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ സമുചിതമായി ആചരിക്കുന്നു. സ്വാമിയുമായി ബന്ധമുള്ള ഗുരുഭക്തർ സ്വാമിയുടെ സമാധിദിനം മതാതീത ആത്മീയ ദിനമായി ആചരിച്ചുകൊണ്ട് ആ പുണ്യപുരുഷന് സ്മൃതിപൂജ നടത്തുന്നു.
ലേഖികയുടെ ഫോൺ: 9447577903