ആറ്റിങ്ങൽ: സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പ്രോജക്ട് തിരുവനന്തപുരം റൂറൽ ജില്ലയിൽ സംഘടിപ്പിച്ച മികവ് 2018 പരിപാടി ആറ്റിങ്ങൽ ബോയിസ് എച്ച്.എസ്.എസിൽ നടന്നു. കഴിഞ്ഞ വർഷത്തെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ കേഡറ്റുകളെയും മികവു പുലർത്തുന്ന സ്കൂളുകളെയും ആദരിക്കുന്ന പരിപാടിയിൽ ജില്ലയിൽ ഏറ്റവും മികവ് പുലർത്തിയ സ്കൂളായി അവനവഞ്ചേരി എച്ച്.എസിനെ തിരഞ്ഞെടുത്തു. പ്രവർത്തന മികവിനോടൊപ്പം മികച്ച അക്കാഡമിക നിലവാരം പുലർത്തുകയും ഏറ്റവും കൂടുതൽ കേഡറ്റുകൾ ഫുൾ എ പ്ലസ് നേടുകയും ചെയ്തതിനാണ് അവനവഞ്ചേരി ഗവ. ഹൈസ്കൂളിന് പുരസ്കാരം നൽകിയത്. സ്കൂൾ ഹെഡ്മിസ്ട്രസ് എം.ആർ.മായ, പി.ടി.എ.പ്രസിഡന്റ് അഡ്വ. എൽ.ആർ.മധുസൂദനൻ നായർ എന്നിവർ പുരസ്കാരം ഏറ്റുവാങ്ങി. തുടർച്ചയായി മൂന്നാം വർഷമാണ് അവനവഞ്ചേരി സ്കൂളിന് ഈ പുരസ്കാരം ലഭിക്കുന്നത്. വെഞ്ഞാറമൂട് ഗവ. ഹയർസെക്കൻഡറി സ്കൂൾ, പ്ലാവൂർ ഗവ. ഹൈസ്കൂൾ, പോത്തൻകോട് എൽ.വി.എച്ച്.എസ്, കടയ്ക്കാവൂർ എസ്.എസ്.പി.ബി. ഹയർസെക്കൻഡറി സ്കൂൾ എന്നിവയെയും ചടങ്ങിൽ ആദരിച്ചു. ജില്ലയിലെ 350 കേഡറ്റുകൾക്ക് മെഡലുകളും സർട്ടിഫിക്കറ്റുകളും സമ്മാനിച്ചു. തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവി ബി. അശോകൻ പുരസ്കാരങ്ങൾ വിതരണം ചെയ്തു. ജില്ലാ നോഡൽ ഓഫീസർ വി.എസ്. ദിനരാജ് അദ്ധ്യക്ഷത വഹിച്ചു. ആറ്റിങ്ങൽ നഗരസഭ ചെയർമാൻ എം. പ്രദീപ് മുഖ്യാതിഥിയായിരുന്നു. ആറ്റിങ്ങൽ ഡി.വൈ.എസ്.പി കെ.എ. വിദ്യാധരൻ, നഗരസഭ കൗൺസിലർ കെ.എസ്. സന്തോഷ് കുമാർ, ആറ്റിങ്ങൽ ഐ.എസ്.എച്ച്.ഒ വി.വി.ദിപിൻ, ജില്ലാ അസി. നോഡൽ ഓഫീസർ ടി.എസ്.അനിൽകുമാർ, എസ്.രജിത്കുമാർ, എസ്.മുരളീധരൻ, എൻ.സാബു, സി.എസ്.സബീല എന്നിവർ പങ്കെടുത്തു.