farekar

തിരുവനന്തപുരം: സംസ്ഥാനത്തിനു പുറത്തേക്ക് സർവീസ് നടത്തുന്ന സ്വകാര്യബസുകളുടെ സമരം മുതലെടുത്ത് കേരള, കർണാടക ട്രാൻസ്‌പോർട്ട് കോർപറേഷനുകൾ ടിക്കറ്റ് നിരക്കുകൾ കുത്തനെ കൂട്ടി. വിമാനക്കമ്പനികളും അവസരം മുതലെടുത്ത് നിരക്കു കൂട്ടിയതോടെ വേറൊരു സാദ്ധ്യതയും കാണാതെ യാത്രക്കാർ ഈ 'പോക്കറ്റടി'ക്ക് ഇരയാകേണ്ടിവരുന്നു.

തിരുവനന്തപുരത്തുനിന്നു ബംഗളൂരുവിലേക്കുള്ള മൾട്ടി ആക്സിൽ സെമി സ്ളീപ്പർ ബസിൽ സാധാരണ നിരക്ക് 1160 രൂപയാണ്. ഇപ്പോൾ ഈടാക്കുന്നത് 1520 രൂപ വരെ.

ഉത്സവ സീസണുകളിൽ വേണമെങ്കിൽ 10% ഫ്ലക്സി ചാർജ് ഈടാക്കാം. എങ്കിൽപോലും 116 രൂപയേ അധികമായി ഈടാക്കാനാവൂ. നിയമമെല്ലാം മറികടന്നാണ് രണ്ട് കോർപറേഷനുകളും നിരക്ക് കൂട്ടിയത്.

എറണാകുളത്തുനിന്നു ബംഗളൂരുവിൽ പോകാൻ 800 മുതൽ 971 രൂപ വരെയാണ് മൾട്ടി ആക്സിൽ ബസ് നിരക്ക് ഈടാക്കിയിരുന്നത്. കെ.എസ്.ആർ.ടി.സി അത് 1168 ആക്കിയപ്പോൾ കർണാടക ട്രാൻസ്പോർട്ട് കോർപറേഷൻ 1489 രൂപയാക്കി. 498 രൂപയുടെ വർദ്ധന. കൊള്ള ഇങ്ങനെയാണെങ്കിലും ടിക്കറ്റുകളെല്ലാം രണ്ടു ദിവസംമുമ്പേ വിറ്റുപോകുന്നു.

കർണാടക ട്രാൻസ്പോർട്ട് കോർപറേഷൻ രംഗത്തിറക്കിയ സ്ലീപ്പർ ബസുകളിൽ 1585 രൂപയാണ് കൊച്ചി വരെയുള്ള യാത്രാനിരക്ക്. നമ്മുടെ ട്രാൻസ്പോർട്ട് കോർപറേഷന് സ്ലീപ്പർ ബസില്ല.

ലക്ഷ്യം റെക്കാഡ് കളക്ഷൻ

അവസരം മുതലാക്കി റെക്കാ‌ഡ് കളക്ഷൻ നേടുകയാണ് കെ.എസ്.ആർ.ടി.സിയുടെ ലക്ഷ്യം

സമരം തുടങ്ങിയതു മുതൽ 6.98 കോടി രൂപയായി പ്രതിദിന കളക്ഷൻ കൂടിയിരുന്നു

 ബംഗളൂരു സർവീസുകളിൽ വരുമാനം 9 ലക്ഷം രൂപ വർദ്ധിച്ചു,15 ലക്ഷമാക്കുകയാണ് ലക്ഷ്യം

നേരത്തെ അവധി ദിവസമായാൽ പോലും 80% മാത്രമാണ് യാത്രക്കാരുണ്ടായിരുന്നത്.

പറക്കണോ പണം പറക്കും

തിരുവനന്തപുരത്തു നിന്നു ബംഗളൂരുവിൽ പോകാൻ വിമാനയാത്രക്കൂലി ശരാശരി 3000 രൂപയായിരുന്നു. 3500 മുതൽ 4000 വരെയുണ്ടെങ്കിൽ ചെന്നൈയിലേക്കും പോകാമായിരുന്നു. ഇപ്പോൾ രണ്ടിടത്തേക്കും പോകണമെങ്കിൽ കുറഞ്ഞത് 5000 രൂപ വേണം.