നെടുമങ്ങാട്: കാമുകനൊപ്പം ഒളിച്ചോടിയ വീട്ടമ്മയുടെ 16 വയസുള്ള മകളുടെ മൃതദേഹം കാമുകന്റെ വീടിനു സമീപത്തെ കിണറ്റിൽ കല്ലുകെട്ടിത്താഴ്ത്തിയ നിലയിൽ കണ്ടെത്തി. നെടുമങ്ങാട് നഗരസഭയിലെ പറണ്ടോട് കുന്നിൽ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന മഞ്ജുഷ(39)യുടെ മകൾ മീരയുടെ മൃതദേഹമാണ് 19 ദിവസത്തിനു ശേഷം പൊലീസും ഫയർഫോഴ്‌സും ചേർന്ന് കണ്ടെടുത്തത്. മീരയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതായാണ് പ്രാഥമിക പോസ്റ്റുമോർട്ടത്തിൽ വ്യക്തമായത്. സംഭവം നടന്നത് ജൂൺ 10ന് രാത്രിയാണെന്നും പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർമാരുടെ സംഘ സ്ഥിരീകരിച്ചു. മഞ്ജുഷയെയും കാമുകൻ അനീഷ് (34) നെയും പിടികൂടിയതിനു പിന്നാലെയാണ് മൃതദേഹം കണ്ടെത്തിയത്. ഇവരെ നെടുമങ്ങാട് ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ടിന്റെ വസതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
മഞ്ജുഷയും മകളും താമസിച്ചിരുന്ന വാടകവീട്ടിൽ നിന്ന് അഞ്ച് കി.മീറ്റർ മാറി കരിപ്പൂര് കാരാന്തല കുരിശടിക്ക് സമീപത്തെ അടച്ചിട്ടിരുന്ന കിണറ്റിൽ അഴുകിയ നിലയിലായിരുന്നു മൃതദേഹം.18 അടിയിലധികം ആഴമുള്ള ഉറക്കിണറിനോട് ചേർന്നുള്ള വീട്ടിലാണ് അനീഷ് താമസിച്ചിരുന്നത്. രാത്രി ഇരുവരും ചേർന്ന് കുട്ടിയെ ബൈക്കിൽ കൊണ്ടുവന്ന് കിണറിനു സമീപത്തെ കുറ്റിക്കാട്ടിൽ ഒളിപ്പിച്ചശേഷം മൂടിമാറ്റി കിണറ്റിൽ തള്ളുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ 11 മുതലാണ് മീരയെയും മഞ്ജുഷയെയും കാണാതായതെന്നാണ് മഞ്ജുഷയുടെ അമ്മ 17 ന് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. മഞ്ജുഷയെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ മീര ഒരു പയ്യനൊപ്പം ഒളിച്ചോടിയെന്നും അവരെത്തേടി താൻ തിരുപ്പതിയിൽ പോവുകയാണെന്നും ഇക്കാര്യം പൊലീസിൽ അറിയിക്കരുതെന്നും മഞ്ജുഷ മാതാപിതാക്കളെ ചട്ടംകെട്ടിയിരുന്നു. വാടകവീട്ടിലുള്ള സാധനങ്ങളും വസ്ത്രങ്ങളും എടുത്ത് വീടൊഴിയാനും നിർദ്ദേശിച്ചു. എന്നാൽ, എഗ്രിമെന്റ് പ്രകാരമുള്ളവർ വരാതെ വീടൊഴിയാൻ ഉടമ അനുവദിച്ചില്ല. ഇതിനിടെ, പൊലീസ് മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കളിയിക്കാവിളയ്ക്കു സമീപം ചെങ്കലിൽ നിന്നാണ് മഞ്ജുഷയെയും കാമുകൻ അനീഷിനെയും വെള്ളിയാഴ്ച പിടികൂടിയത്. ഇവരോടൊപ്പം കുട്ടി ഇല്ലായിരുന്നതിനെത്തുടർന്നുള്ള ചോദ്യം ചെയ്യലിലാണ് മീരയുടെ മൃതദേഹം കിണറ്റിലുണ്ടെന്ന് വെളിപ്പെട്ടത്.
മൃതദേഹം കൊണ്ടുപോയത് ബൈക്കിലിരുത്തി
വാടകവീട്ടിൽ മകളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയെന്നും അനീഷിനെ വിളിച്ചുവരുത്തി മൃതദേഹം ബൈക്കിലിരുത്തി കിണറ്റിൽ ഉപേക്ഷിച്ചുവെന്നുമാണ് മഞ്ജുഷയുടെ മൊഴി. തഹസിൽദാറുടെയും നെടുമങ്ങാട് ഡിവൈ.എസ്.പിയുടെയും സാന്നിദ്ധ്യത്തിലാണ് മൃതദേഹം പുറത്തെടുത്ത് ഇൻക്വസ്റ്റ് തയ്യാറാക്കിയത്. ഫോറൻസിക് വിഭാഗത്തിലെ ഡോ.ലക്ഷ്മി തെളിവുകൾ ശേഖരിച്ചു. ഡിവൈ.എസ്.പി സ്റ്റുവർട്ട് കീലർ,സി.ഐ രാജേഷ്‌കുമാർ, എസ്.ഐ സുനിൽഗോപി എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി. കരിപ്പൂര് ഗവൺമെന്റ് ഹൈസ്‌കൂളിലെ വിദ്യാർത്ഥിനിയായിരുന്ന മീര ഇത്തവണ എസ്.എസ്.എൽ.സി വിജയിച്ചിരുന്നു.