തിരുവനന്തപുരം: തലസ്ഥാനത്ത് ഇന്നലെ പുലർച്ചെ കാറിൽ യാത്രചെയ്യുകയായിരുന്ന ജുവലറി ഉടമയെ ആക്രമിച്ച് മുഖംമൂടി സംഘം 1.4 കിലോഗ്രാം സ്വർണം കവർന്നു. തമിഴ്നാട് അരുമന ഐശ്വര്യ ജുവലറി ഉടമ ബിജു (50) ആണ് ആക്രമണത്തിനിരയായത്. തൃശൂരിൽ നിന്ന് സ്വർണം വാങ്ങി വരികയായിരുന്നു ബിജു.
അക്രമികൾ കാറിന്റെ മുൻഗ്ലാസ് തകർത്തു. ബിജുവിനു പരിക്കേറ്റു. പ്രതികളെക്കുറിച്ച് സൂചന ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. കവർച്ച ചെയ്യപ്പെട്ട സ്വർണത്തിനൊപ്പം നഷ്ടമായ ബിജുവിന്റെ മൊബൈൽ ഫോണിന്റെ ടവർലൊക്കേഷൻ കേന്ദ്രീകരിച്ചാണ് പൊലീസ് തെരച്ചിൽ തുടങ്ങിയത്. കവർച്ചാസംഘത്തിന്റെ കാർ നെയ്യാറ്റിൻകരയിലെ സ്വകാര്യആശുപത്രി പാർക്കിംഗ് സ്ഥലത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.
തൃശൂരിൽനിന്ന് വാങ്ങിയ സ്വർണാഭരണങ്ങളുമായി പുലർച്ചെ 4.20ന് ഗുരുവായൂർ - ചെന്നൈ എഗ്മൂർ എക്സ്‌പ്രസിൽ തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയ ബിജു അവിടെനിന്ന് സ്വന്തം കാറിൽ ശ്രീവരാഹം അന്നപൂർണേശ്വരി ക്ഷേത്രത്തിനു സമീപം പറമ്പിൽ ലൈനിലെ വാടക വീട്ടിലേക്ക് പോകുന്നതിനിടെയാണ് കവർച്ച നടന്നത്. ശ്രീവരാഹം പൊയ്യാനി ജംഗ്ഷനു സമീപം ലൈബ്രറി റോഡിലേക്ക് പ്രവേശിച്ച് ഇടവഴി തിരിഞ്ഞപ്പോഴാണ് പിന്നാലെ എത്തിയ കവർച്ചാസംഘം കാർ ബിജുവിന്റെ വാഹനത്തിന് കുറുകെ കയറ്റി തടഞ്ഞത്. കാറിന്റെ മുൻവശത്തെ ഗ്ലാസ് ലിവർകൊണ്ട് അടിച്ചുതകർത്ത് അകത്തേക്ക് മുളകുപൊടി വിതറിയ അക്രമികൾ ഡോർ തുറന്ന് ബിജുവിനെ തള്ളി വെളിയിലേക്കിട്ടശേഷമാണ് സ്വർണമടങ്ങിയ ബാഗുമായി കടന്നത്. ബിജുവിന്റെ മൊബൈൽ ഫോൺ ബാഗിനുള്ളിലായിരുന്നു.
പുലർച്ചെയായതിനാൽ സമീപത്തെങ്ങും ആരുമുണ്ടായിരുന്നില്ല. അല്പസമയത്തിനു ശേഷമാണ് സമീപവാസികൾ എത്തി വിവരം പൊലീസിൽ അറിയിച്ചത്. പൊലീസ് എത്തി ബിജുവിനെ ഫോർട്ട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്വർണ ഇടപാടിന്റെ വിവരങ്ങൾ കൃത്യമായി അറിയാവുന്നവരുടെ ക്വട്ടേഷനാണിതെന്ന സംശയത്തിലാണ് അന്വേഷണ സംഘം.
ആക്രമിക്കുന്ന ദൃശ്യങ്ങൾ
ബിജുവിനെ ആക്രമിക്കുന്ന ദൃശ്യങ്ങൾ സമീപത്തെ വീട്ടിലെ സിസി ടിവി കാമറയിൽ നിന്ന് പൊലീസിന് ലഭിച്ചു. മറ്റിടങ്ങളിലെ സി.സി.ടി.വി കാമറ പരിശോധിച്ചതിൽ കാർ ബൈപ്പാസിലേക്കു കടന്നതായി മനസിലാക്കി. വാഹനത്തിന്റെ നമ്പർ കോട്ടയം രജിസ്‌ട്രേഷനിലുള്ളതായിരുന്നു. പിന്നീടുള്ള പരിശോധനയിൽ അത് വ്യാജമാണെന്ന് കണ്ടെത്തി.
തമിഴ്നാട്ടിലെ അരുമനയിൽ ഐശ്വര്യ എന്ന ജുവലറി പാർട്ണർഷിപ്പിൽ നടത്തുന്നതിനൊപ്പം 10 വർഷമായി മറ്റു ജൂവലറികളിലേക്കുള്ള സ്വർണം വാങ്ങി എത്തിച്ചു നൽകുന്ന ജോലിയും ബിജു ചെയ്തു പോരുന്നുണ്ട്. തൃശൂരിലെ ടി.വി ഗോൾഡിൽ നിന്നാണു സ്വർണം വാങ്ങിയത്. തിരുവനന്തപുരം പനച്ചമൂട് ബെൻസി ജുവലറിയിലേക്കുള്ള 87.5 പവനും (694 ഗ്രാം), തമിഴ്നാട് നിദ്രവിളയിലെ ശങ്കർ ഗണേശ് ജുവലറിയിലേക്കുള്ള 96 പവനുമടക്കം (761.060 ഗ്രാം) 1.4 കി.ഗ്രാം സ്വർണമായിരുന്നു ബിജുവിന്റെ കൈവശമുണ്ടായിരുന്നത്.
ഉയരം കുറഞ്ഞ 4 പേർ
അക്രമി സംഘത്തിൽ നാലു പേരുണ്ടെന്നും ഉയരം കുറഞ്ഞ, നല്ല ആരോഗ്യമുള്ളവരാണെന്നും മങ്കി ക്യാപ് ധരിച്ചിട്ടുണ്ടായിരുന്നതായും ബിജു മൊഴി നൽകി. മൊബൈൽ ഫോൺ തിരുവനന്തപുരം ടവർ പരിധിയിൽ തന്നെയുണ്ടെന്നും അതു കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നുണ്ടെന്നും ഫോർട്ട് അസിസ്റ്റന്റ് കമ്മിഷണർ പറഞ്ഞു. സംഭവസ്ഥലത്ത് ഫോറൻസിക് വിദഗ്ദ്ധർ പരിശോധന നടത്തി. കമ്മിഷണർ ദിനേന്ദ്ര കശ്യപ്, ഫോർട്ട് എ.സി പ്രതാപചന്ദ്രൻ നായർ, സ്‌പെഷ്യൽ ബ്രാഞ്ച് എ.സി പ്രമോദ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.