പാറശാല: നാട്ടുകാർക്ക് ഏറെ പ്രയോജനമുള്ള ജലാശയമാണ് കാരാളിയിലെ പുതുകുളം. പാറശാല ഗ്രാമപഞ്ചായത്തിലെ ഇഞ്ചിവിള, പാറശാല ടൗൺ, വന്യങ്കോട് എന്നീ വാർഡുകൾ സംയോജിക്കുന്ന കാരാളിയിടെ ഈ പുതുകുളം പഞ്ചായത്തിന്റെയും ബന്ധപ്പെട്ട അധികൃതരുടെയും അനാസ്ഥകാരണം നശിക്കുന്നത്. പാറശാല ജംഗ്ഷനിൽ നിന്ന് 500 മീറ്ററോളം അകലെയായി ഒന്നര ഏക്കറിൽ നിറഞ്ഞുനിൽക്കുന്ന പുതുകുളം നശിക്കാൻ തുടങ്ങിയിട്ട് 20 വർഷത്തോളമായി. പാറശാലജംഗ്ഷൻ മുതൽ ഇഞ്ചിവിള, വന്യക്കോട്, കളിയിക്കാവിളവരെയുള്ളവരും അതിർത്തിക്കപ്പുറമുള്ളവരും തുടങ്ങി നൂറുകണക്കിന് ആളുകൾ കുളിക്കാൻ പുതുകുളത്തിൽ എത്തുമായിരുന്നു. കാർഷിക വത്തിക്കും കുളം ഉപയോഗിച്ചു. കടുത്ത വേനലിൽ പോലും പുതുകുളം സമൃദ്ധമായിരുന്നു. ഇത്തരത്തിൽ പ്രദേശത്തുള്ളവർക്ക് ആശ്രയമായിരുന്ന കുളം ഇന്ന് ചപ്പുചവറുകളും മാലിന്യവും കൊണ്ട് നിറഞ്ഞു. വള്ളിപ്പായലും ആമ്പലും പുല്ലും വളർന്ന് കാടുമൂടി. ഇപ്പോൾ കുളത്തിലെ വെള്ളത്തിൽ ഇറങ്ങാൻപോലും നാട്ടുകാർ മടിക്കുകയാണ്. വെള്ളം ദേഹത്ത് തട്ടിയാൽ പല ത്വഗ് രോകങ്ങൾ പിടിപെടുമെന്നത് ഉറപ്പാണ്.