വിതുര: നഷ്ടമാണെന്ന് പറഞ്ഞ് കൃഷിക്ക് നേരേ മുഖം തിരിക്കുന്നവർക്ക് മാതൃകയായി മാറുകയാണ് തൊളിക്കോട്, വിതുര പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ ചായം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ചായം കർഷകസ്വാശ്രയസംഘം. കൃഷി സ്നേഹികളായ ഒരു കൂട്ടം പേർ ചേർന്ന് 17 വർഷം മുൻപാണ് സംഘം രൂപീകരിച്ചത്. മാതൃകാ പ്രവർത്തനത്തിനുള്ള അനവധി പുരസ്കാരങ്ങൾ ഇതിനകം സംഘം നേടിക്കഴിഞ്ഞു. പച്ചക്കറി, വാഴ, മത്സ്യം എന്നിവയുടെ കൃഷിയും ഇവിടെ നടത്തുന്നുണ്ട്. കൃഷിക്ക് ജൈവവളം മാത്രമാണ് ഉപയോഗിക്കുന്നത്. കീടങ്ങളെ അകറ്റുന്നതിനായി ഇതുവരെ ഒരു തീടനാശിനിയും ഇവർ ഉപയോഗിച്ചിട്ടില്ല. വിഷരഹിതമായ പച്ചക്കറികൾ ഗ്രാമത്തിൽ വിളയിച്ച് സ്വന്തമായി വിപണി ഒരുക്കി വിൽക്കുകയാണ് പതിവ്. 37 പേരാണ് സംഘത്തിലുള്ളത്. കൃഷിക്കായി അമ്പതിനായിരം രൂപ വരെ ലോൺ നൽകും. 25സെന്റ് ഭൂമി സ്വന്തമായി ഉള്ളവർക്കു മാത്രമേ മെമ്പർഷിപ്പ് നൽകുകയുള്ളു. സംഘത്തിന്റെ പതിനേഴാം വാർഷിക സമ്മേളനം നന്ദിയോട് കൃഷിഒാഫീസർ എസ്. ജയകുമാർ ഉദ്ഘാടനം ചെയ്തു. തരിശായി കിടത്തുന്ന കൂടുതൽ സ്ഥലം പാട്ടത്തിനെടുത്ത് കൃഷി വ്യാപിപ്പിക്കുവാൻ സമ്മേളനത്തിൽ തീരുമാനമെടുത്തു. കെ. ഗോപാലകൃഷ്ണൻനായർ (പ്രസിഡന്റ്), കെ.എസ്. രേഖ(സെക്രട്ടറി) എ. പുരുഷോത്തമൻനായർ (വൈസ് പ്രസിഡന്റ്) എം.പി. ജയകുമാർ (ജോയിന്റ് സെക്രട്ടറി) എന്നിവരാണ് ഭാരവാഹികൾ. സംഘത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച സായാഹ്ന ചന്ത തൊളിക്കോട് കൃഷി ഒാഫീസർ ശരണ്യ ഉദ്ഘാടനം ചെയ്തു.