rupees
rupees

തിരുവനന്തപുരം: ആർ.ടി, ജോയിന്റ് ആർ.ടി. ഓഫീസുകളിൽ നടക്കുന്നത് ഇടനിലക്കാരുടെ ഭരണം. വാഹനം രജിസ്റ്റർ ചെയ്യുന്നത് മുതലുള്ള കാര്യങ്ങൾക്ക് ഇടനിലക്കാർക്കും ഡീലർമാർക്കും പണം നൽകണം. ഇതിൽ നല്ലൊരു പങ്ക് മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥർ കൈപ്പറ്റുന്നതായും വിജിലൻസിന്റെ 'ഓപ്പറേഷൻ ഉജാല' മിന്നൽ പരിശോധനയിൽ കണ്ടെത്തി.

താത്ക്കാലിക രജിസ്‌ട്രേഷന് ഫീസ് 150 രൂപയാണ്. എന്നാൽ 600 - 1000 രൂപവരെയാണ് ഉടമകളിൽ നിന്നും വാഹന ഡീലർമാർ ഈടാക്കുന്നത്. സ്വകാര്യ വാഹനങ്ങൾ റീടെസ്റ്റിനായി ഇടനിലക്കാരില്ലാതെ നേരിട്ട് എത്തിയാൽ 'റിഫ്ളക്ടറിന്റെ സൈസ് പോരാ, മിറർ മങ്ങിയതാണ്, ബ്രേക്ക് പോരാ" എന്നൊക്കെ പറഞ്ഞ് എ.എം.വി.ഐ/ എം.വി.ഐമാർ മാറ്റി നിറുത്തും. ഇടനിലക്കാർക്ക് 500-1000 രൂപ കൊടുത്താൽ ടെസ്റ്റ് പാസ്!. മിക്ക ട്രാൻസ്‌പോർട്ട് വാഹനങ്ങളും ഫിറ്റ്നസ് സർട്ടിഫിക്കറ്റിനായി ഇടനിലക്കാർ മുഖേനയാണ് അപേക്ഷിക്കുന്നത്.

വിജിലൻസ് ഡയറക്ടർ അനിൽകാന്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വിജിലൻസ് ഐ.ജി.

എച്ച്. വെങ്കിടേഷ്, വിജിലൻസ് ഇന്റലിജൻസ് വിഭാഗം പൊലീസ് സൂപ്രണ്ടിന്റെ ചുമതലയുള്ള ഇ.എസ്. ബിജുമോൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു മിന്നൽ പരിശോധന. ഭൂരിഭാഗം ഓഫീസുകളിലും അപേക്ഷകൾ കെട്ടികിടക്കുന്നതായി കണ്ടെത്തി.

 തിരുവനന്തപുരത്ത് രജിസ്‌ട്രേഷൻ രജിസ്റ്റർ, ഫിറ്റ്നസ് റിന്യൂവൽ ആപ്ലിക്കേഷൻ രജിസ്റ്റർ, സ്പീഡ് പോസ്റ്റ്,

ഡസ്‌പാച്ച് രജിസ്റ്റർ മുതലായവ കൃത്യമായി പരിപാലിക്കുന്നില്ല

 വാഹന സാരഥി സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് ചെയ്തിട്ടില്ല

 ആറ്റിങ്ങൽ, പാറശ്ശാല ഇടിച്ചക്കപ്ലാമൂട് എന്നിവിടങ്ങളിലെ ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടുകളിൽ നിരീക്ഷണ കാമറ പ്രവർത്തിക്കുന്നില്ല

 കായംകുളത്ത് ആർ.ടി ഓഫീസിലെ ഏജന്റിൽ നിന്നും 65,000 രൂപയും നിരവധി രേഖകളും ചെങ്ങന്നൂരിൽ മൂന്ന് ഏജന്റുമാരിൽ നിന്നും 59,790 രൂപയും രേഖകളും മാവേലിക്കരയിൽ ഏജന്റിൽ നിന്നും 8,700 രൂപയും 20 വാഹനങ്ങളുടെ രേഖകളും നിലമ്പൂർ ഓഫീസിലെ അസി.മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറുടെ വാഹനത്തിൽ നിന്നും 2000 രൂപയും വിജിലൻസ് പിടിച്ചെടുത്തു

 മലപ്പുറത്ത് രജിസ്റ്ററിൽ രേഖപ്പെടുത്തിയതിനേക്കാൾ കൂടുതൽ ഹോളോഗ്രാം സ്റ്റോക്കിലുണ്ട്

 തലശ്ശേരിയിൽ 56 ഫിറ്റ്നസ് സർട്ടിഫിക്കറ്റുകൾ വരാന്തയിൽ ഉപേക്ഷിച്ച നിലയിൽ

 തൊടുപുഴ, തലശ്ശേരി ഓഫീസുകളിൽ ആർ.സി, ലൈസൻസ് മുതലായവ ഏജന്റ് മുഖാന്തിരം വിതരണം ചെയ്യുന്നു

 കണ്ണൂരിൽ ഒരു വ്യക്തിക്ക് ഒരേ ദിവസം 33 സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു

 പാലായിൽ ഏജന്റിൽ നിന്നും കൈപ്പറ്റുന്ന പണത്തിന്റെയും വാഹനങ്ങളുടെയും വിവരങ്ങൾ ഉദ്യോഗസ്ഥന്റെ കമ്പ്യൂട്ടറിൽ രേഖപ്പെടുത്തിയിരിക്കുന്നു.

 ചേർത്തലയിൽ കഴിഞ്ഞ ദിവസം നടത്തിയ ടെസ്റ്റിന്റെ സർട്ടിഫിക്കറ്റ് ഏജന്റിന്റെ കയ്യിൽ നിന്നും പിടിച്ചെടുത്തു

മിന്നൽ പരിശോധനയുടെ വിശദമായ റിപ്പോർട്ട് മേൽ നടപടികൾക്കായി സർക്കാരിന് കൈമാറും

- അനിൽകാന്ത്, വിജിലൻസ് ഡയറക്ടർ