പാലോട് : വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം ഉദ്ഘാടനത്തിനൊരുങ്ങി ചെല്ലഞ്ചിപ്പാലം. പ്രകൃതിരമണീയമായ പ്രദേശത്ത് സ്ഥിതി ചെയ്യുന്നതിനാൽ ചെല്ലഞ്ചിപ്പാലത്തിന്റെ ആകാശച്ചിത്രങ്ങളും ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിക്കഴിഞ്ഞു. പാലം കാണുവാൻ വേണ്ടി മാത്രം നിരവധിയാളുകൾ എത്തുന്നുണ്ട്. 2010-ൽ വി.എസ് സർക്കാരിന്റെ കാലത്താണ് പാലത്തിന്റെ ശിലാസ്ഥാപനം നടന്നത്. നബാർഡിന്റെ സഹകരണത്തോടെ പാലം നിർമ്മിക്കുന്നതിനായി പതിനൊന്ന് കോടി രൂപയാണ് ആദ്യഘട്ടത്തിൽ അനുവദിച്ചു. പല കാരണങ്ങൾ കൊണ്ട് മുടങ്ങിക്കിടന്ന പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ മൂന്ന് വർഷം കൊണ്ടാണ് പൂർത്തീകരിച്ചത്. നിർമ്മാണ പ്രവർത്തനങ്ങൾ നടക്കവേ നബാർഡ് അപ്രതീക്ഷിതമായി പിന്മാറിയത് മൂലം കുറച്ച് നാളത്തേയ്ക്ക് പണി നിറുത്തിവയ്ക്കേണ്ടി വന്നു. എന്നാൽ ഡി.കെ മുരളി എം.എൽ.എയുടെ പരിശ്രമത്തിന്റെ ഫലമായി പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ എൽ.ഡി.എഫ് സർക്കാർ ഏറ്റെടുത്തു. നിലവിൽ പാലത്തിലേയ്ക്കുള്ള അപ്രോച്ച് റോഡുകളുടെ വിപുലീകരണമാണ് ബാക്കിയുള്ളത്. എന്നാൽ ഇത് പാലം നിർമ്മാണത്തിന്റെ എസ്റ്റിമേറ്റിൽ വരുന്നതല്ല. അപ്രോച്ച് റോഡുകളുടെ വിപുലീകരണത്തിനു വേണ്ടി കിഫ്ബിയിൽ പ്രോജക്ട് സമർപ്പിച്ചിട്ടുണ്ട്. ഫണ്ട് അനുവദിക്കുന്ന മുറയ്ക്ക് റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ച് ഉടൻ തന്നെ ചെല്ലഞ്ചിപ്പാലത്തിന്റെ ഉദ്ഘാടനം നടത്തും.