തിരുവനന്തപുരം: ആർ.എസ്.എസിനൊപ്പം വർഷങ്ങളായി താൻ സഹകരിച്ച് പ്രവർത്തിക്കുന്നതായി വിജിലൻസ് മുൻ ഡയറക്‌ടർ ജേക്കബ് തോമസ് വെളിപ്പെടുത്തി. ആർ.എസ്.എസ് ലോകത്തെ ഏറ്റവും വലിയ സന്നദ്ധ സംഘടനയാണെന്നും അദ്ദേഹം കൗമുദി ചാനലിന്റെ സ്ട്രെയിറ്റ് ലൈൻ പരിപാടിയിൽ പങ്കെടുത്ത് പറഞ്ഞു.
ആർ.എസ്.എസിൽപെട്ടവർ വർഗീയലഹളയ്ക്ക് പിന്നിൽ പ്രവർത്തിക്കുമെന്ന് കരുതുന്നില്ലെന്ന് ബി.ജെ.പിയിൽ ചേർന്ന് പ്രവർത്തിക്കുമോയെന്ന ചോദ്യത്തിന് മറുപടിയായി ജേക്കബ് തോമസ് പറഞ്ഞു.
ശത്രുക്കൾ പലഭാഗത്ത് നിന്ന് നൽകുന്ന ഊന്നൽ തന്നെ എവിടെക്കൊണ്ട് എത്തിക്കുമെന്ന് അറിയില്ല. മുഖ്യമന്ത്രി പിണറായി വിജയനുമായി അഭിപ്രായഭിന്നത ഉണ്ടെന്നത് ശരിയല്ല. താനിപ്പോൾ സ്രാവുകൾക്ക് മുമ്പേ നീന്തുകയാണ്. തന്റെ സസ്പെൻഷനുള്ള കാരണങ്ങൾ അടിസ്ഥാനരഹിതമാണ്. തനിക്കെതിരെ എടുത്തിരിക്കുന്നത് കള്ളക്കേസുകളാണെന്നും അദ്ദേഹം പറഞ്ഞു. അഭിമുഖത്തിന്റെ പൂർണരൂപം ഇന്ന് (30) രാത്രി 9ന് കൗമുദി ടി.വിയിൽ കാണാം.