photo

നെടുമങ്ങാട്: ''എസ്.എസ്.എൽ.സി പരീക്ഷ വിജയിച്ചതിന്റെ ആഹ്ലാദം അലതല്ലുന്നതിനിടെ കുട്ടി എന്തിന് തൂങ്ങി മരിക്കണം സാറെ, ഇതവളും കാമുകനും ചേർന്ന് കൊന്നതുതന്നെ''- അയൽവാസികൾ പൊലീസിനോട് പറഞ്ഞത് ഇങ്ങനെയാണ്.

അമ്മ മഞ്ജുഷയ്ക്കൊപ്പം ഏകമകളായ മീര പറണ്ടോട്ടെ വാടകവീട്ടിൽ താമസം ആരംഭിച്ചിട്ട് ഒരു മാസം പിന്നിടുന്നതേയുള്ളു. മഞ്ച സ്വദേശിയായ മഞ്ജുഷയുടെ ആദ്യഭർത്താവിലെ കുട്ടിയാണ് മീര.17 കൊല്ലത്തെ ദാമ്പത്യത്തിനൊടുവിൽ ഭർത്താവ് ഉപേക്ഷിച്ചു പോയി. ഭാര്യ മരിച്ച കാരാന്തല സ്വദേശിയായ ഒരു കർഷകനുമായി മഞ്ജുഷയുടെ രണ്ടാം വിവാഹം ബന്ധുക്കൾ നടത്തി. ആ ബന്ധത്തിന് ഒരു വർഷത്തെ ആയുസ് പോലും ഉണ്ടായില്ല. ഇതിനിടയിലേക്കാണ് കാരാന്തല കുരിശടി ജംഗ്‌ഷനിൽ റോഡരികത്ത് വീട്ടിൽ പരേതനായ ചന്ദ്രന്റെ ഇളയ മകൻ അനീഷിന്റെ കടന്നുവരവ്.ഇയാൾ ഇടപെട്ടാണ് മഞ്ജുഷയെയും മകളെയും വാടക വീട്ടിലേക്ക് മാറ്റി പാർപ്പിച്ചത്. കെട്ടിട നിർമ്മാണ തൊഴിലാളിയായ അനീഷ് അവിവാഹിതനാണ്. വീട്ടിൽ അമ്മ മാത്രമേയുള്ളൂ. കുടുംബ പ്രശ്നങ്ങൾ വിട്ടൊഴിയാത്ത ഈ വീട്ടിൽ അച്ഛനും മൂത്ത സഹോദരനും തൂങ്ങി മരിച്ചതാണ്. അയൽക്കാരുമായി ബന്ധമില്ല. ജോലി കഴിഞ്ഞ് രാത്രി വീട്ടിലെത്തിയാൽ ഇയർഫോണും തിരുകി ആളൊഴിഞ്ഞ സ്ഥലങ്ങളിൽ തനിച്ചിരിക്കുന്നതാണ് പ്രകൃതം. അനീഷും മഞ്ജുഷയും വാടക വീട്ടിൽ മിക്കപ്പോഴും ഒരുമിച്ചിരുന്നതായി അയൽക്കാർ പറയുന്നു. മഞ്ജുഷയുടെ കുടുംബവീടായ മഞ്ച പേരുമലയിൽ അച്ഛൻ രാജേന്ദ്രനും അമ്മ വത്സലയും തനിച്ചാണ്. വാടക വീടെടുത്ത് മാറുമ്പോൾ മീര തടസം പറഞ്ഞിരുന്നു. അമ്മൂമ്മയ്ക്കൊപ്പം മഞ്ചയിലെ വീട്ടിൽ നില്ക്കാമെന്ന് കാലുപിടിച്ച് പറഞ്ഞിട്ടും മഞ്ജുഷ അനുവദിച്ചില്ല.

*കാരാന്തലയിൽ ആരും ഒന്നും കണ്ടില്ല !

നെടുമങ്ങാട് : ഇടുങ്ങിയ റോഡിന്റെ ഓരത്ത് നിരനിരയായി വീടുകളുള്ള ചെറിയൊരു ജംഗ്‌ഷനാണ് കാരാന്തല. നഗരമദ്ധ്യത്ത് നിന്ന് ഏതാനും കി.മീറ്റർ മാത്രം അകലം.റോഡുവക്കിലെ അനീഷിന്റെ വീടിനോടു ചേർന്ന് കാടുമൂടിയ ഒരു സ്വകാര്യ പുരയിടമുണ്ട്. ഇവിടത്തെ കിണറ്റിലാണ് മീരയുടെ മൃതദേഹം കണ്ടെത്തിയത്. റോഡിലൂടെ പോകുന്നവരുടെ കാൽപ്പെരുമാറ്റം പോലും വീട്ടിൽ ഇരിക്കുന്നവർക്ക് വ്യക്തമായി കേൾക്കാനാവും. എന്നിട്ടും മഞ്ജുഷയും കാമുകനും ബൈക്കിൽ ഇരുത്തി കൊണ്ടുവന്ന മൃതദേഹം കിണറ്റിൽ തള്ളിയതിന് സാക്ഷികളില്ലത്രെ. സന്ധ്യ കഴിഞ്ഞാൽ വീടിന് പുറത്തിറങ്ങാറില്ലെന്നാണ് ഇതിന് സമീപവാസികളുടെ വിശദീകരണം. കിണറിന് എതിർവശത്തെ ഇലക്ട്രിക് പോസ്റ്റിലെ ഹാന്റ് ബൾബ് എതിർദിശയിലേക്ക് തിരിച്ചു വച്ച നിലയിലായിരുന്നു. ജഡം തള്ളുന്നത് ശ്രദ്ധയിൽപ്പെടാതിരിക്കാൻ ബോധപൂർവം വഴിവിളക്ക് ചരിച്ചു വച്ചതാണെന്ന് വ്യക്തം.അതേപ്പറ്റിയും ആർക്കും സംശയമില്ല. മഞ്ജുഷയും അനീഷും നൽകിയ മൊഴി പ്രകാരം 19 ദിവസമായി ജഡം കിണറ്റിലാണ്. പക്ഷ, ദുർഗന്ധമോ അസ്വാഭാവികതയോ ആർക്കും അനുഭവപ്പെട്ടില്ല.

*കരുണ വറ്റാത്ത മീര

നെടുമങ്ങാട്: മീരയുടെ ക്ലാസിൽ അംഗവൈകല്യമുള്ള ഒരു സഹപാഠിയുണ്ട്. കൂട്ടുകാർ തുള്ളിച്ചാടി നടക്കുമ്പോൾ തനിച്ചിരുന്ന് കണ്ണീർ തൂകുന്ന കുട്ടി. അവനെ കൈത്താങ്ങ് നൽകി ക്ലാസിലും പുറത്തും കൊണ്ടു നടക്കുന്നത് മീരയായിരുന്നു. വീട്ടിലെ സ്വസ്ഥതക്കുറവിനെ കുറിച്ചെല്ലാം ക്ലാസ് ടീച്ചറോട് പരിഭവം പറയുമ്പോഴും കരുണയുള്ള മനസായിരുന്നു ആ കുരുന്നിന്റേത്. കൂട്ടുകാർക്കൊപ്പം ഉല്ലസിക്കാനും യുവജനോത്സവ വേദികളിൽ നൃത്ത ഇനങ്ങളിൽ മത്സരിക്കാനും മുന്നിൽ നിൽക്കുന്ന മീരയുടെ പിഞ്ചു മുഖം ക്ലാസ് ടീച്ചറുടെ ഉള്ളിൽ നിന്ന് മായുന്നില്ല. അമ്മയും രണ്ടാനച്ഛനും തമ്മിലുള്ള വഴക്കിടീലിനെ പറ്റി ഒരിക്കൽ അവൾ ടീച്ചറോട് മനസ് തുറന്നു. പഠിച്ച് മിടുക്കിയായാൽ സർക്കാർ ജോലി കിട്ടുമെന്നും പേടിക്കേണ്ടെന്നും ടീച്ചർ ആശ്വസിപ്പിക്കും. അദ്ധ്യാപകർ നൽകിയ ധൈര്യമാണ് അവളെ പത്താംക്‌ളാസ്‌ ജയിക്കാൻ പ്രാപ്തയാക്കിയത്. ഭാവിയെ മാത്രം മുന്നിൽക്കണ്ട്, ആരെയും കൂസാക്കാതെ ജീവിതത്തിൽ പിച്ചവച്ച പെൺകുട്ടിയാണ് പറക്കമുറ്റും മുമ്പേ കൊഴിഞ്ഞത്.