കിളിമാനൂർ: നിരവധി റോഡ് വികസന പദ്ധതികൾ കിളിമാനൂരിനെ തേടിയെത്തുന്നുണ്ടെങ്കിലും ജനങ്ങളെ അലട്ടുന്ന പ്രധാന പ്രശ്നം ടൗണിൽ വാഹന പാർക്കിംഗ് സൗകര്യമില്ലാത്തതാണ്. നൂറു കണക്കിന് വാഹനങ്ങളാണ് കിളിമാനൂർ ടൗണിന്റെ വിവിധ ഭാഗങ്ങളിൽ അനധികൃതമായി പാർക്ക് ചെയ്തുവരുന്നത്. ഇത് കാരണം ഇവിടെ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. വെഞ്ഞാറമൂട് തൈക്കാട് മുതൽ അങ്കമാലി വരെയുള്ള സംസ്ഥാന പാത കെ.എസ്.ടി.പിയുടെ നേതൃത്വത്തിൽ വികസിപ്പിച്ചതോടെയാണ് കിളിമാനൂർ ടൗണിന്റെ ശനിദശ ആരംഭിച്ചത്. പുറമ്പോക്കു ഭൂമിയും കൈയേറ്റങ്ങളും ഒഴിപ്പിച്ച് റോഡ് വികസനം നടപ്പാക്കിയപ്പോൾ ഗതാഗതക്കുരുക്കു ഒഴിയുന്നതോടൊപ്പം പാർക്കിംഗ് സൗകര്യം മെച്ചപ്പെടുമെന്ന പ്രതീക്ഷയിലായിരുന്നു നാട്ടുകാർ. എന്നാൽ നിലവിലുണ്ടായിരുന്ന ട്രാഫിക് ഐലൻഡുകൾ പൊളിച്ച് മാറ്റി അശാസ്ത്രീയമായ രീതിയിൽ പുതിയ ഐലൻഡുകൾ നിർമ്മിച്ചതും വാഹനങ്ങളുടെ എണ്ണം വർദ്ധിച്ചതും ടൗണിൽ ഗതാഗതക്കുരുക്കിന് ഇടയാക്കി. നിത്യേന ചെറുതും വലുതുമായ അപകടങ്ങളാണ് ഇവിടെ ഉണ്ടാകുന്നത്. കൈയേറ്റങ്ങൾ ഒഴിപ്പിച്ച സ്ഥലം പാർക്കിംഗിന് നൽകാതെ നിലവിൽ ഉണ്ടായിരുന്ന ഓട പുതുക്കി പണിയുകയാണ് കെ.എസ്.ടി.പി ചെയ്തത്. കഴക്കൂട്ടം മുതൽ അടൂർ വരെ സുരക്ഷാ ഇടനാഴി പദ്ധതി പ്രകാരം നിലവിലുള്ള ഓടകൾക്ക് മുകളിൽ അര അടിയോളം ഉയരത്തിൽ നടപ്പാത നിർമ്മാണം ആരംഭിച്ചതോടെ ഇടുങ്ങിയ റോഡിൽ വാഹനങ്ങൾ പാർക്ക് ചെയ്യേണ്ട അവസ്ഥയായി. ഇതും ഗതാഗതക്കുരുക്കിന് കാരണമാകുന്നു. ബഹുനില കെട്ടിടങ്ങൾ പലതും വർഷങ്ങൾക്ക് മുമ്പ് നിർമ്മിച്ചിട്ടുള്ളവയായതിനാൽ പലതിനും കെട്ടിട നിർമ്മാണ ചട്ടം പ്രകാരമുള്ള പാർക്കിംഗ് സൗകര്യം ഏർപ്പെടുത്തിയിട്ടില്ല. ഇതും ടൗണിലെ ഗതാഗതക്കുരുക്കിന് കാരണമാകുന്നു. നിലവിൽ ടൗണിൽ വലിയ പാലത്തിന് സമീപത്തും,പുളിമൂട് ജംഗ്ഷനിലും, പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപത്തും, പഞ്ചായത്ത് ലോഡ്ജിന് സമീപത്തും ഒക്കെയായിട്ടാണ് വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. അടിയന്തരമായി ടൗണിലെ പാർക്കിംഗ് പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.