prabhath
ദേശീയ വിദ്യാഭ്യാസ പോളിസിയെ സംബന്ധിച്ച് സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ നേതൃത്വത്തിൽ പ്രിയദർശിനി പ്ലാനറ്റോറിയത്തിൽ നടന്ന ദേശീയ സെമിനാറിൽ പ്രഭാത് പട്നായിക് മുഖ്യ പ്രഭാഷണം നടത്തുന്നു

തിരുവനന്തപുരം: കേന്ദ്രത്തിന്റെ പുതിയ വിദ്യാഭ്യാസ കരടു നയം ഉന്നതവിദ്യാഭ്യാസം അപ്രാപ്യമാക്കുമെന്ന് മന്ത്രി കെ.ടി.ജലീൽ പറഞ്ഞു. 2040 ആകുമ്പോഴേക്കും ചെറിയ സ്ഥാപനങ്ങളെ വലിയവയിൽ ലയിപ്പിച്ച് ബൃഹത്തായ കാമ്പസുകൾ സൃഷ്ടിക്കുകയാണ് നയത്തിന്റെ ലക്ഷ്യം. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എണ്ണം കുറയുകയും വണ്ണം കൂടുകയും ചെയ്യുമെന്ന് ചുരുക്കം. എല്ലാ ജില്ലകളിലും ഇത്തരം ഒന്നാംതരം സ്ഥാപനങ്ങൾ സ്ഥാപിക്കുമെന്ന് നയത്തിലുണ്ടെങ്കിലും പ്രായോഗികമാകാനിടയില്ല- 'പുതിയ വിദ്യാഭ്യാസനയം ഉയർത്തുന്ന വെല്ലുവിളികൾ' എന്ന വിഷയത്തിൽ ഉന്നത വിദ്യാഭ്യാസ കൗൺസിൽ സംഘടിപ്പിച്ച ദേശീയ കോൺഫറൻസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

കരടു നയത്തിൽ സാംസ്‌കാരിക ദേശിയതയുടെ അംശങ്ങൾ മുഴച്ചുനിൽകുന്നുണ്ട്.

ഇന്ത്യൻ പൗരാണികശാസ്ത്രത്തിലെ ധർമാധർമ സങ്കൽപങ്ങളെ നിയമ പഠനത്തോട് വിളക്കിച്ചേർക്കാനുള്ള നിർദേശം ഒട്ടും സ്വീകാര്യമല്ല. പുതുമയുളളതെന്നും തോന്നൽ ഉളവാക്കുന്ന നിരവധി ആശയങ്ങൾ കരട് രേഖയിലുണ്ടെങ്കിലും അവ പ്രാവർത്തികമാക്കാൻ നിലവിലെ സംവിധാനങ്ങൾ അഴിച്ചുപണിയാനുള്ള നിർദ്ദേശങ്ങൾ പ്രായോഗികമല്ല.

വിദ്യാഭ്യാസ മേഖലയിലെ സാമൂഹിക സാമ്പത്തിക ഘടകങ്ങൾ ഉളവാക്കുന്ന പ്രഭാവം കണക്കിലെടുക്കാത്ത പുതിയ വിദ്യാഭ്യാസ നയരേഖ പോരായ്മകൾ നിറഞ്ഞതാണെന്നും, ചോദ്യം ചെയ്യപ്പെടേണ്ടതാണെന്നും മുഖ്യപ്രഭാഷണം നടത്തിയ പ്രൊഫ. പ്രഭാത് പട്‌നായിക് പറഞ്ഞു. കൗൺസിൽ വൈസ്ചെയർമാൻ പ്രൊഫ. രാജൻ ഗുരുക്കൾ അദ്ധ്യക്ഷനായി. ഉന്നത വിദ്യാഭ്യാസവകുപ്പ് പ്രിൻസിപ്പൽ സെക്റട്ടറി ഡോ. ഉഷ ടൈ​റ്റസ്, കൗൺസിൽ മെമ്പർ സെക്രട്ടറി ഡോ. രാജൻ വറുഗീസ്, പ്രൊഫ. പ്രഭാത് പട്‌നായിക്,പ്രൊഫ. ഹർഗോപാൽ, വൈസ് ചാൻസലർമാരായ ഡോ. മഹാദേവൻപിള്ള, ഡോ.എം.കെ.സി. നായർ, ഡോ.കെ.സി. സണ്ണി, ഡോ. ഗോപിനാഥ് രവീന്ദ്രൻ, സംസ്‌കൃത സർവകലാശാല പി.വി.സി ഡോ.കെ.എസ്. രവികുമാർ, കൗൺസിൽ ഗവേണിംഗ്-എക്‌സിക്യൂട്ടീവ് ബോഡി അംഗങ്ങളായ ഡോ.ഫാത്തിമത്ത് സുഹറ, ഡോ.ജയരാജൻ, ഡോ. സുരേഷ് കുമാർ, ഡോ.കെ.കെ. ദാമോദരൻ, പ്രൊഫ. പി.കെ. മൈക്കിൾ തരകൻ, ഡോ.ബി. ഇക്ബാൽ, . സി.പി.നാരായണൻ, ഡോ. ജെ. പ്രസാദ്, ഹരിലാൽ (ജനറൽ സെക്രട്ടറി സി.യു.ഇ.ഒ), ഡോ. എ. ഫസിലത്തിൽ (ജനറൽ സെക്രട്ടറി, എഫ്.യു.​ടി.എ) എന്നിവർ പങ്കെടുത്തു.