gold-robberry

തിരുവനന്തപുരം: തന്റെ സ്വർണ ഇടപാട് വിവരങ്ങൾ അറിയാവുന്നവർ തന്നെയാണ് കവർച്ചയ്ക്കു പിന്നിലെന്നാണ് ആക്രമണത്തിനിരയായ സ്വർണവ്യാപാരി ബിജു സംശയിക്കുന്നത്. ഇടപാടുകൾ കൃത്യമായി അറിയാവുന്നവരുടെ ക്വട്ടേഷൻ ആണെന്ന സംശയത്തിലാണ് പൊലീസും. എല്ലാ ആഴ്ചയും ബിജു തൃശൂരിൽ സ്വർണം എടുക്കാൻ പോകുകയും തിരുവനന്തപുരത്തെയും തമിഴ്നാട്ടിലെയും വിവിധ കടകളിൽ എത്തിച്ചു കൊടുക്കുകയും ചെയ്യാറുണ്ട്.

വെള്ളിയാഴ്ച രാത്രി തൃശൂരിൽ നിന്ന് ഗുരുവായൂർ എക്സ്‌പ്രസിൽ ബിജു കയറിയതു സംബന്ധിച്ച സന്ദേശം കവർച്ചാസംഘത്തിന് ലഭിച്ചതനുസരിച്ച് ട്രെയിൻ തിരുവനന്തപുരത്ത് എത്തുന്നതിനു മുമ്പ് തന്നെ ഇവർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് തമ്പടിച്ചിരുന്നു. ബിജുവിന്റെ കാറിനെ പിന്തുടർന്ന സംഘം അട്ടക്കുളങ്ങര-ശ്രീവരാഹം റോഡിൽ എത്തി തിരക്കൊഴിഞ്ഞ ഇടവഴിയിൽ വച്ച് ആക്രമിക്കുകയായിരുന്നു. ബിജുവിന്റെ താമസസ്ഥലം ഉൾപ്പെടെയുള്ള വിവരങ്ങൾ അറിയുന്നവർ മുൻകൂട്ടി തയ്യാറാക്കിയ പ്ലാൻ അനുസരിച്ചായിരിക്കും ക്വട്ടേഷൻ നടപ്പിലാക്കിയിട്ടുണ്ടാവുകയെന്നും പൊലീസ് പറഞ്ഞു.


നേരിൽ അറിയാവുന്ന ഇടപാടുകാർക്കിടയിൽ നിലനിന്ന എന്തെങ്കിലും പ്രശ്നങ്ങളായിരിക്കാം കവർച്ചയിലേക്ക് നയിച്ചതെന്നും സംശയിക്കുന്നുണ്ട്. 10 വർഷമായി സ്വർണ ഇടപാട് നടത്തുന്ന ബിജുവിനെ തൃശൂരിലെയും തിരുവനന്തപുരത്തെയും ജുവലറി ഉടമകൾക്ക് നല്ല പരിചയമാണ്. ഇതുവരെ ഇത്തരത്തിൽ ആക്രമിക്കപ്പെട്ടിട്ടില്ലെന്ന് ബിജു മൊഴി നൽകി. പ്രത്യേകിച്ച് ആരെയും സംശയിക്കുന്നില്ലെന്നും പെട്ടെന്നുണ്ടായ ആക്രമണത്തിൽ പകച്ചുപോയ താൻ ഏറെ സമയം എടുത്താണ് പൂർവ സ്ഥിതിയിലേക്ക് വന്നതെന്നും ചെറുത്തു നിൽക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്നും ബിജു പൊലീസിനോട് പറഞ്ഞു.