rajendran

പാറശാല: വീട്ടിൽ മദ്യപിച്ചെത്തി ഭാര്യയെയും മകളെയും വെട്ടി പരിക്കേൽപ്പിച്ച ലഹരിക്കടിമയായ ഗൃഹനാഥനെ പൊഴിയൂർ പൊലീസ് അറസ്റ്റ് ചെയ്തു. കാരോട് പഞ്ചായത്തിൽ അയിര പെരിക്കാവിള വീട്ടിൽ രാജേന്ദ്രൻ (53) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാത്രി 10.30നാണ് സംഭവം. കൂലിപ്പണിക്കാരനായ ഇയാൾ രാത്രി മദ്യപിച്ചെത്തിയ ശേഷം ഭാര്യയുമായി നടന്ന വാക്ക് തർക്കങ്ങളാണ് ആക്രമത്തിൽ കലാശിച്ചത്. ഭാര്യ പ്രമീള (36), ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായ മകൾ അനശ്വര (14) എന്നിവർക്കാണ് വെട്ടേറ്റത്. അമ്മയുടെ നിലവിളി കേട്ടെത്തിയപ്പോഴാണ് അനശ്വരയ്ക്ക് വെട്ടേറ്റത്.

പ്രമീളയുടെ വലത് കാൽമുട്ടിന് മുകളിലും ഇടതുകാൽമുട്ടിന് താഴെയും അനശ്വരയുടെ ഇടത് കാൽമുട്ടിലുമാണ് വെട്ടേറ്റത്. പ്രമീള വീടിന്റെ സിറ്റൗട്ടിലെ മാസ്റ്റർ സ്വിച്ച് ഓഫാക്കാൻ പോയതിനെ തുടർന്നാണ് സംഭവം. പരിക്കേറ്റ ഇരുവരെയും രാജേന്ദ്രന്റെ അനുജനും നാട്ടുകാരും ചേർന്ന് പാറശാല താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.

ഇവരെ പ്രാഥമിക ചികിത്സനൽകി വിട്ടയച്ചു. വെട്ടുകത്തി മൂർച്ചയില്ലാത്തതിനാൽ ഗുരുതരമായ മുറിവുകളുണ്ടായില്ല. സംഭവങ്ങളെ തുടർന്ന് വീട്ടിൽ നിന്നും ഇറങ്ങി ഓടിയ രാജേന്ദ്രനെ ഇന്നലെ പൊഴിയൂർ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.