medical-seat

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ, ഡെന്റൽ കോളേജുകളിലെ ഫീസ് നിർണ്ണയം വൈകുന്ന പശ്ചാത്തലത്തിൽ, കഴിഞ്ഞ വർഷം ഈടാക്കിയ ഫീസ് താത്കാലിക ഫീസായി നിശ്ചയിച്ച് സീറ്റ് അലോട്ട്മെന്റ് നടത്താൻ എൻട്രൻസ് കമ്മിഷണർക്ക് സർക്കാർ നിർദ്ദേശം നൽകി.

ജസ്റ്രിസ് രാജേന്ദ്രബാബു അദ്ധ്യക്ഷനായ സമിതി ഒരാഴ്ചയ്ക്കകം ഇക്കൊല്ലത്തെ ഫീസ് നിശ്ചയിക്കും. പുതിയ ഫീസ് നൽകാമെന്ന് അലോട്ട്മെന്റ് നേടുന്ന വിദ്യാർത്ഥികളിൽ നിന്ന് സത്യവാങ്മൂലവും ബോണ്ടും വാങ്ങും. കാലതാമസം ഒഴിവാക്കി, മെഡിക്കൽ കൗൺസിൽ നിർദ്ദേശിച്ച സമയപരിധിക്കുള്ളിൽ അലോട്ട്മെന്റുകൾ പൂർത്തിയാക്കാനാണ് സർക്കാർ ശ്രമം. അഞ്ചര മുതൽ ആറര ലക്ഷം വരെയായിരുന്നു കഴിഞ്ഞവർഷം സ്വാശ്രയ മെഡിക്കൽ ഫീസ്. ഇക്കൊല്ലം പരമാവധി 15ശതമാനം വർദ്ധനവുണ്ടായേക്കും. സ്വാശ്രയ കോളേജുകൾ രേഖകളും പ്രോസ്പെക്ടസും നേരത്തേ ഹാജരാക്കിയിട്ടുള്ളതിനാൽ, യുദ്ധകാലാടിസ്ഥാനത്തിൽ അവ പരിശോധിച്ച് ഫീസ് നിശ്ചയിക്കാൻ രാജേന്ദ്രബാബു സമിതിയോട് സർക്കാർ നിർദ്ദേശിച്ചു.

ആദ്യ അലോട്ട്മെന്റിൽ

12സ്വാശ്രയ കോളേജുകൾ

ആരോഗ്യസർവകലാശാലയുടെ അഫിലേയേഷൻ ലഭിച്ചിട്ടുള്ള 12സ്വാശ്രയ കോളേജുകളേ ആദ്യ അലോട്ട്മെന്റിലുണ്ടാവൂ. മെഡിക്കൽ കൗൺസിൽ അനുമതി നേടിയെങ്കിലും സർവകലാശാലയുടെ അഫിലിയേഷൻ നേടിയെടുക്കാത്ത മറ്റ് കോളേജുകളെ രണ്ടാം അലോട്ട്മെന്റിൽ ഉൾപ്പെടുത്തും.

അതേസമയം, ഫീസ് നിർണയിക്കാതെ മെഡിക്കൽ പ്രവേശനനടപടികൾ ആരംഭിക്കുന്നതിനെതിരെ തിങ്കളാഴ്ച കോടതിയെ സമീപിക്കാൻ സ്വാശ്രയ മാനേജ്‌മെന്റുകൾ തീരുമാനിച്ചു. താത്കാലിക ഫീസ് എന്നൊന്നില്ലെന്നും സ്വാശ്രയ കോളേജുകളിലേക്ക് അലോട്ട്മെന്റ് നടത്തരുതെന്ന് സർക്കാരിനോട് രേഖാമൂലം ആവശ്യപ്പെട്ടിട്ടുണ്ടെന്നും മെഡിക്കൽകോളേജ് മാനേജ്‌മെന്റ് അസോസിയേഷൻ സെക്രട്ടറി വി. അനിൽകുമാർ കേരളകൗമുദിയോട് പറഞ്ഞു. ഫീസ് നിർണയിക്കാതെ പ്രവേശനം നടത്താനുള്ള നീക്കത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് ഇന്റർചർച്ച് കൗൺസിലും വ്യക്തമാക്കി. കഴിഞ്ഞവർഷത്തെ ഫീസ്‌ കോടതി റദ്ദാക്കിയതാണ്. സാങ്കേതികമായി നിലവിലില്ലാത്ത ഫീസ് അടിസ്ഥാനമാക്കി എങ്ങനെ പ്രവേശനം നടത്തും? ഇത് കുട്ടികളെയും കോളേജുകളെയും രക്ഷിതാക്കളെയും ഒരുപോലെ വലയ്ക്കുന്നതാണ്. ചർച്ചയ്ക്കായി തങ്ങളെ ക്ഷണിച്ചിട്ടില്ലെന്നും ഇന്റർചർച്ച് കൗൺസിൽ പ്രതിനിധികൾ വ്യക്തമാക്കി.

ഫീസ് നിർണയ സമിതി

പുന:സംഘടിപ്പിച്ചു

അതിനിടെ, സ്വാശ്രയ മെഡിക്കൽ പ്രവേശനഫീസ് നിർണയ സമിതി പുന:സംഘടിപ്പിച്ച് സർക്കാർ ഇന്നലെ ഉത്തരവിറക്കി.

ജസ്​റ്റിസ് രാജേന്ദ്രബാബു അധ്യക്ഷനായ സമിതിയിൽ ആരോഗ്യ സെക്രട്ടറി, സർക്കാർ നിർദ്ദേശിക്കുന്ന ചാർട്ടേർഡ് അക്കൗണ്ടന്റ്, മെഡിക്കൽ കൗൺസിൽ പ്രതിനിധി എന്നിവരടക്കം അഞ്ചംഗങ്ങളാണുണ്ടാവുക. സമിതി തിരഞ്ഞെടുക്കുന്ന സ്വതന്ത്റനായ ഒരംഗവും ഫീസ് നിർണയ സമിതിയിൽ ഉണ്ടാകും. സർക്കാർ തന്നെയാവും ഈ അംഗത്തെ നിയോഗിക്കുക. നേരത്തെ സമിതിയിലുണ്ടായിരുന്ന എസ്. സുരേഷ് ബാബു ചാർട്ടേഡ് അക്കൗണ്ടന്റായി തുടരും. മെഡിക്കൽ കൗൺസിലിന്റെ പ്രതിനിധിയെ നിർദ്ദേശിക്കണമെന്നാവശ്യപ്പെട്ട് കൗൺസിലിന് സർക്കാർ കത്ത് നൽകി. ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് ഫീസ് നിർണയത്തിനുള്ള പത്തംഗ സമിതിയുടെ അംഗസംഖ്യ അഞ്ചായി കുറച്ചത്. ഇതിനായി നടത്തിയ നിയമഭേദഗതിക്ക് വെള്ളിയാഴ്ച ഗവർണർ അംഗീകാരം നൽകിയിരുന്നു. വെള്ളിയാഴ്ച രാത്രിതന്നെ ഇതുസംബന്ധിച്ച വിജ്ഞാപനവും പുറത്തിറങ്ങിയതോടെയാണ് ഇന്നലെ സമിതി രൂപീകരിച്ച് ഉത്തരവിറക്കിയത്.

ഫീസ് തലവേദനയാവും

മാനേജ്‌മെന്റുകൾ 12 ലക്ഷം മുതൽ 20 ലക്ഷം വരെയാണ് ഫീസ് ആവശ്യപ്പെട്ടിരിക്കുന്നത്. അമൃത മെഡിക്കൽ കോളേജ് 18 ലക്ഷമാണ് വാർഷിക ട്യൂഷൻ ഫീസ് ഈടാക്കുന്നത്. തീരെ കുറഞ്ഞ ഫീസിൽ കുട്ടികളെ പഠിപ്പിക്കാനാവില്ലെന്ന് മാനേജ്മെന്റുകൾ പറയുന്നു.