jail

തിരുവനന്തപുരം: അട്ടക്കുളങ്ങര വനിതാ ജയിലിൽ നിന്ന് രണ്ട് പേർ തടവ് ചാടിയ സംഭവത്തിൽ മൂന്ന് ജയിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി. ജയിൽ സൂപ്രണ്ട് വല്ലിയെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു.

ദിവസവേതനാടിസ്ഥാനത്തിൽ ജോലി നോക്കുന്ന അസിസ്റ്റന്റ് പ്രിസൺ ഓഫീസർമാരായ സജിത, ഉമ എന്നിവരെ പുറത്താക്കി.

സംഭവ സമയത്ത് സജിതയും ഉമയുമാണ് ഡ്യൂട്ടിയിലുണ്ടായിരുന്നത്. ജയിൽചാട്ടത്തെക്കുറിച്ച് അന്വേഷിച്ച ജയിൽ ഡി.ഐ.ജി സന്തോഷ് കുമാർ നൽകിയ റിപ്പോർട്ടിൻമേലാണ് നടപടി.തടവുകാരെ നീരീക്ഷിക്കുന്നതിൽ ജീവനക്കാർ വിഴ്ച വരുത്തി. സുരക്ഷാ ക്രമീകരണങ്ങളും കൃത്യമായി പാലിച്ചിരുന്നില്ല. നിരവധി സുരക്ഷാവീഴ്ചകൾ വനിതാ ജയിലിലുണ്ട്. ജിവനക്കാർ സുരക്ഷാ ഡ്യൂട്ടി കൃത്യമായി പാലിക്കണമെന്നും റിപ്പോർട്ടിൽ നിർദ്ദേശിച്ചിട്ടുണ്ട്. ജയിൽ മേധാവി ഡി.ജി.പി ഋഷിരാജ് സിംഗിനാണ് റിപ്പോർട്ട് കൈമാറിയത്.

മതിലിന് മുകളിൽവൈദ്യുതി വേലി

ജയിൽ ഡി.ഐ.ജിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജയിലിൽ സുരക്ഷ വർദ്ധിപ്പിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു.

മതിലിനോടു ചേർന്നുള്ള ചവർ കൂനകൾ മാറ്റി. സമീപത്തുള്ള മരങ്ങൾ മുറിച്ചു മാറ്റി തുടങ്ങി. മതിലിന് മുകളിൽ വൈദ്യുതി വേലി സ്ഥാപിക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്. സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുന്നതിനെക്കുറിച്ച് ജയിൽ വകുപ്പധികൃതരും പൊതുമരാമത്ത് അധികൃതരുമായുള്ള ചർച്ചയുംഇന്നലെ നടന്നു.
സുരക്ഷാ വർദ്ധന പരിശോധിക്കാനായി ഡി.ജി.പി ഋഷിരാജ് സിംഗിന്റെ നേതൃത്തിലുള്ള സംഘം ജയിൽ സന്ദർശിച്ചു.