തിരുവനന്തപുരം: സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ 2107 താത്കാലിക ഡ്രൈവർമാരെ കെ.എസ്.ആർ.ടി.സിഇന്നലെ പിരിച്ചുവിട്ടു.
തിരുവനന്തപുരം മേഖലയിൽ 1479, മദ്ധ്യമേഖലയിൽ 257 വടക്കൻമേഖലയിൽ 371 ഡ്രൈവർമാരെയാണ് ഒഴിവാക്കിയത്. ഏപ്രിൽ എട്ടിന്റെ ഹൈക്കോടതി ഡിവിഷൻ ബഞ്ച് വിധി പ്രകാരം 180 ദിവസത്തിൽ കൂടുതൽ താത്കാലികമായി ജോലിയിൽ തുടരുന്ന ഡ്രൈവർമാരെ ഏപ്രിൽ 30 ന് മുമ്പ് പിരിച്ചുവിടേണ്ടിയിരുന്നു. ഇതിനെതിരെ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും എംപാനൽ ജീവനക്കാരെ ഒഴിവാക്കണമെന്ന വിധി ശരിവയ്ക്കുകയായിരുന്നു. ജൂൺ 30 ന് മുമ്പ് താത്കാലിക ഡ്രൈവർമാരെ പിരിച്ചുവിടാൻ സുപ്രീംകോടതിയും വിധിച്ചു. ഇതുപ്രകാരമാണ് നടപടി.
എന്നാൽ ഇത് ബസ് സർവീസുകളെ ബാധിക്കില്ലെന്ന നിഗമനത്തിലാണ് അധികൃതർ.
പിരിച്ചുവിടുന്നവരെ അടുത്ത 179 ദിവസത്തേയ്ക്ക് തിരിച്ചെടുക്കാനാകും.അതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു കഴിഞ്ഞു. പി.എസ്.സി ലിസ്റ്രിലുള്ളവരെ നിയമിക്കുന്നതിനെക്കാൾ താത്കാലിക ജീവനക്കാരെ തുടരാൻ അനുവദിക്കാനാണ് കോർപ്പറേഷന് താൽപര്യം. അതേ സമയം താത്കാലികക്കാരെ സ്ഥിരപ്പെടുത്താൻ കഴിയില്ലെന്ന സന്ദേശം കൂടി പിരിച്ചുവിടലിലൂടെ നൽകിയിരിക്കുകയാണ്.