lisa
ലിസ വെയ്‌സ

തിരുവനന്തപുരം: നാലു മാസത്തോളം മുമ്പ് തലസ്ഥാനത്തെത്തിയ ജർമൻ യുവതിയെക്കുറിച്ച് പിന്നീട് ഒരു വിവരവുമില്ലെന്ന് പരാതി. കഴിഞ്ഞ മാർച്ചിൽ തിരുവനന്തപുരത്ത് വിമാനമിറങ്ങിയ ലിസ വെയ്‌സ് എന്ന യുവതിയെ കാണാനില്ലെന്നാണ് അമ്മയുടെ പരാതി. ജർമ്മൻ കോൺസുലേറ്റിനു ലഭിച്ച പരാതി, കോൺസുലേറ്റ് സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറി. ലിസയ്ക്ക് ഒപ്പമെത്തിയ അമേരിക്കൻ സ്വദേശി മടങ്ങിപ്പോയതായാണ് സംശയം.

മുപ്പത്തൊന്നുകാരിയായ ലിസ വെയ്‌സ് മാർച്ച് അഞ്ചിന് ജർമ്മനിയിൽ നിന്ന് പുറപ്പെട്ട ശേഷം വിസ കാലാവധി കഴിഞ്ഞിട്ടും തിരികെ എത്താതിരുന്നതിനെ തുടർന്നാണ് ജർമ്മൻ കോൺസുലേറ്റിൽ പരാതിയെത്തിയത്. കേരളത്തിൽ എത്തിയതിനു ശേഷം ലിസ വീട്ടിലേക്കു ഫോൺ ചെയ്തിട്ടില്ലെന്നും പരാതിയിലുണ്ട്.

വലിയതുറ പൊലീസിനു കൈമാറിയ പരാതിയിൽ ശംഖുംമുഖം എ.സി.പി ഇളങ്കോയുടെ നേതൃത്വത്തിൽ പ്രത്യേകസംഘം രൂപീകരിച്ച് അന്വേഷണമാരംഭിച്ചു.

മാർച്ച് ഏഴിനാണ് അമേരിക്കൻ പൗരനായ മുഹമ്മദ് അലിയെന്ന സുഹൃത്തിനൊപ്പം ലിസ തിരുവനന്തപുരത്ത് വിമാനമിറങ്ങിയത്. മുഹമ്മദ് അലി മാർച്ച് 15 ന് തിരികെപ്പോയതായാണ് വിമാനത്താവളത്തിലെ രേഖകൾ. ഇരുവരുടെയും യാത്രാരേഖകളിൽ കൊല്ലം, അമൃതപുരി എന്ന് മേൽവിലാസം നൽകിയിട്ടുണ്ട്. യുവതിയും സുഹൃത്തും അമൃതാനന്ദമയി മഠത്തിൽ എത്തിയിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നു. ലിസയുടെ സുഹൃത്ത് മുഹമ്മദ് അലിയുമായെ ബന്ധപ്പെടാനും ശ്രമിക്കുന്നുണ്ട്. കഴിഞ്ഞ വർഷം കോവളത്ത് കാണാതായ ലാത്വിയൻ യുവതിയെ പിന്നീട് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത് വിവാദമായിരുന്നു.